ആവേശം തിളച്ചു; ആരവമുയർന്നു

കണ്ണൂര്‍
സൂപ്പര്‍ ലീഗ് കേരളയില്‍ കന്നി കിരീടത്തില്‍ മുത്തമിട്ട കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ വിജയ ഘോഷയാത്ര കണ്ണൂരിന്റെ നഗരവീഥികളെ ആവേശത്തിലാക്കി. കീരിടവും ഉയരെ പിടിച്ച് വാരിയേഴ്‌സ് താരങ്ങളും ആരാധകരും ഘോഷയാത്ര കളറാക്കി. ഫുട്ബോളിനോട് കണ്ണൂരുകാര്‍ക്കുള്ള അഭിനിവേശത്തെ ഒന്നുകൂടി അടയാളപ്പെടുത്തുന്നതായി വിജയഘാേഷയാത്ര. കണ്ണൂര്‍ വാരിയേഴ്സിന്റെ ഹോംഗ്രൗണ്ടിലെ ആദ്യമത്സരം മുതല്‍ ഇങ്ങോട്ട് അടങ്ങാത്ത ആവേശവും ആരവവും ഉയര്‍ത്തി ടീമിന് ശക്തിപകര്‍ന്ന ആരാധകര്‍ സൂപ്പര്‍ ലീഗ് കേരളയിലെ കന്നി കിരീട നേട്ടം ഉത്സവമാക്കി. കണ്ണൂരിന്റെ ഫുട്‌ബോള്‍ തിരിച്ചെത്തിയെന്ന് എഴുതി പ്രത്യേകം തയ്യാറാക്കിയ ജേഴ്‌സി അണിഞ്ഞായിരുന്നു താരങ്ങളും പരിശീലകരും ഘോഷയാത്രയ്ക്ക് എത്തിയത്. പകല്‍ 11.45 പള്ളിക്കുന്ന് നിന്നാണ് വിജയഘോഷയാത്ര തുടങ്ങിയത്. തുറന്ന വാഹനത്തില്‍ ട്രോഫിയുമായി കണ്ണൂര്‍ കാല്‍ടെക്സ് ജങ്‌ഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ വഴി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. റോഡിന്റെ ഇരുവശങ്ങളിലുമായി നൂറുകണക്കിന് ആളുകളും കായികപ്രേമികളും ടീമിനെ അഭിവാദ്യം ചെയ്യാന്‍ എത്തി. തുറന്ന വാഹനത്തിന് മുന്നിലായി കണ്ണൂര്‍ വാരിയേഴ്‌സ് ആരാധക കൂട്ടായ്മ റെഡ് മറൈനേഴ്‌സ് ബൈക്കും ഫ്‌ളാഗുകളുമായി അനുഗമിച്ചു. രണ്ടുമണിക്കൂറിന് മുകളില്‍ സമയമെടുത്താണ് വിജയഘോഷയാത്ര കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലെത്തിയത്.









0 comments