പേര് സ്വയം നിർദേശിക്കേണ്ടിവരുന്നതാണ് വലിയ അയോഗ്യത: എം വി ജയരാജൻ

തളിപ്പറന്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ആരും മത്സരിക്കാൻ അയോഗ്യരല്ല, എന്നാൽ, സ്വന്തം പേര് സ്വയം നിർദേശിക്കേണ്ടിവരുന്നതാണ് ഏറ്റവും വലിയ അയോഗ്യതയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ പറഞ്ഞു. വലിയ ത്യാഗംചെയ്‌തുവെന്ന് പറയുന്നവർ അതിനേക്കാൾ വലിയ ത്യാഗംചെയ്‌ത കയ്യൂരിലെയും കരിവെള്ളൂരിലെയും മോറാഴയിലെയും വിപ്ലവകാരികളെ മറക്കരുത്. എൽഡിഎഫ് തളിപ്പറന്പ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്‌ഘാടനംചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലെത്തിയാൽ ലൈഫ് ഭവനപദ്ധതി നിർത്തലാക്കുമെന്ന് പറഞ്ഞവരാണ് വലതുപക്ഷം. ക്ഷേമപെൻഷൻ കൈക്കൂലിയാണെന്ന് ആക്ഷേപിച്ചത് അവരുടെ നേതാവായ കെ സി വേണുഗോപാലാണ്. ക്ഷേമപെൻഷൻ നിർത്തണമെന്ന് പറഞ്ഞത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശാണ്. നാടിന്റെ വികസനം അട്ടിമറിക്കാൻ ശ്രമിക്കുന്ന വികസനവിരുദ്ധർക്കൊപ്പം നിൽക്കുന്നതാണോ ശരിയായ നിലപാടെന്ന് അവർതന്നെ വ്യക്തമാക്കട്ടെ. കോൺഗ്രസ് തമ്മിലടിക്കുന്ന പ്രസ്ഥാനമാണെന്നുപറഞ്ഞത് എഐസിസി നേതാവ് മണിശങ്കർ അയ്യരാണ്. അത് ശരിവയ്‌ക്കുംവിധം നേതാക്കൾ സീറ്റിനായി തെരുവിൽ തമ്മിലടിക്കുന്ന അവസ്ഥയാണ്. അവിടേക്കാണ് ചില സീറ്റുമോഹികൾ പാർടിയെ വഞ്ചിച്ച് കടന്നുപോയത്. കെപിസിസി പ്രസിഡന്റിനോട് സംസാരിച്ച് ധാരണയാക്കിയിട്ടാണ് ഒരാൾ അങ്ങോട്ടേക്ക് പോയത്. ലീഗിലാകട്ടെ ഇതിനേക്കാൾ കൂട്ടക്കുഴപ്പമാണ്. നേരത്തേ തളിപ്പറന്പിൽ നിശ്‌ചയിച്ചിരുന്ന സ്ഥാനാർഥി ചാവേറായി ധർമടത്തേക്ക് പോയിരിക്കുകയാണെന്നും എം വി ജയരാജൻ പറഞ്ഞു.










0 comments