കോർപറേറ്റ് ചൂഷണത്തിനെതിരെ സമരമുഖം തുറക്കണം–എ എ റഹീം

തലശേരി ഇന്ത്യൻ യൗവനം ഇഎംഐ, സിബിൽ സ്കോർ, ടാർഗറ്റ് എന്നീ മൂന്ന് ദുഃസ്വപ്നങ്ങളുടെ തടവറയിലാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം പറഞ്ഞു.. ജീവിതച്ചെലവുകൾ വർധിച്ചതോടെ കടം വാങ്ങാൻ ചെറുപ്പക്കാർ നിർബന്ധിതരാവുകയാണ്. ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം തലശേരി റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിലെ കൂത്തുപറന്പ് രക്തസാക്ഷി നഗറിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗിഗ് വർക്കർമാർക്കും ഐടി ജീവനക്കാർക്കും യാതൊരു അവകാശങ്ങളുമില്ലാത്ത അവസ്ഥയാണ്. കോർപ്പറേറ്റുകളുടെ അതികഠിനമായ ചൂഷണങ്ങൾക്കെതിരെ ഇരകളുടെ ശബ്ദമാവേണ്ട രാഷ്ട്രീയ ഉത്തരവാദിത്വം ഡിവൈഎഫ്ഐക്കുണ്ട്. പുതിയ സാങ്കേതികവിദ്യകളും ഡിജിറ്റൽ ലോകവും ഭരിക്കുന്ന പുതിയ തലമുറയ്ക്ക് രാഷ്ട്രീയമില്ലെന്ന് കരുതരുത്. കേവലം മുദ്രാവാക്യങ്ങളിൽ ഒതുങ്ങാതെ, ഇൻസ്റ്റാഗ്രാമും റീലുകളും ഉപയോഗിക്കുന്ന ആ ചെറുപ്പക്കാരിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ തൊഴിൽപരമായ മാനസിക സമ്മർദങ്ങളിൽ ഇടപെടാനും കഴിയണം. മതത്തിന്റെ പേരിൽ മനുഷ്യർക്ക് പൗരത്വംവരെ നഷ്ടപ്പെടുന്ന സാഹചര്യമാണ് രാജ്യത്ത്. ഈ നിയോ ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധത്തിന്റെ സമരമുഖങ്ങൾ തുറക്കേണ്ടതുണ്ട്. പൊതുമേഖല ബാങ്കിങ്ങ് ഉൾപ്പെടെയുള്ള വൈറ്റ് കോളർ തൊഴിലിടങ്ങളിൽ വലിയ തോതിലുള്ള ചൂഷണമാണ് നടക്കുന്നത്. ബാങ്കിങ് മേഖലയുടെ അടിസ്ഥാന ലക്ഷ്യം സാധാരണക്കാരെ സഹായിക്കുക എന്നതാണെങ്കിലും, ഇന്ന് ജീവനക്കാർ അപ്രായോഗികമായ ടാർഗറ്റുകൾക്ക് പിന്നാലെ ഓടാൻ നിർബന്ധിതരാകുകയാണെന്നും എ എ റഹീം പറഞ്ഞു.











0 comments