ഓപ്പറേഷൻ കണ്ണൂർ മഖ്‌ന
ആദ്യ ദിവസത്തെ നിരീക്ഷണത്തിൽ ആനയെ കണ്ടെത്താനായില്ല

ഇരിട്ടി
ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും പഞ്ചായത്തിലെ സമീപ ജനവാസ മേഖലകളിലും ജീവനും സ്വത്തിനും ഭീഷണിയായ കണ്ണൂർ മഖ്‌ന എന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടിക്കുന്നതിന്റെ ഭാഗമായി ആനയെ കണ്ടെത്താൻ വനം വകുപ്പ് നിരീക്ഷണം തുടങ്ങി. ചൊവ്വ രാവിലെ മുതൽ ഫാമിന്റെ വിവിധ മേഖലകളിൽ നടത്തിയ നിരീക്ഷണത്തിൽ ആനയെ കണ്ടെത്താനായില്ല. ആറളം വന്യജീവി സങ്കേതത്തിലേക്ക് കടന്നതായാണ് സൂചന. മയക്കുവെടി വയ്‌ക്കുന്നതിന് മുന്നോടിയായി ആനയുടെ ആരോഗ്യനിലയും നിലവിലെ സ്വഭാവരീതിയും സൂക്ഷ്മമായി വിലയിരുത്താൻ വനം ആർആർടി സംഘത്തിലെ വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ആർആർടി ഡെപ്യൂട്ടി റേഞ്ചർ ഷൈനികുമാറിന്റെ നേതൃത്വത്തിൽ വെറ്ററിനറി സർജനും സംഘവും പുനരധിവാസ മേഖലയിലും ഫാമിന്റെ കൃഷിയിടത്തിലും വ്യാപകമായി തിരച്ചിൽ നടത്തി. പുനരധിവാസ മേഖലയിൽ കഴിഞ്ഞ രാത്രിയും ആന കൃഷി നിശിപ്പിച്ചിരുന്നു. ഇത് മോഴയാകാനാണ് സാധ്യതയെന്ന അഭിപ്രായത്തെ തുടർന്ന് അവിടങ്ങളിലും തിരിച്ചിൽ നടത്തി. കാൽപ്പാടുകൾ പരിശോധിച്ചതിൽ അത് മോഴയുടെതല്ലെന്ന് വ്യക്തമായി. കോട്ടപ്പാറ മേഖലയിൽ മോഴയുടെ കാൽപ്പാടുകൾ കണ്ടെത്തി. ഇതുവഴി മോഴ കാട്ടിലേക്ക് കയറിയെന്നാണ് നിഗമനം. തിങ്കളാഴ്ചത്തെ ഓപ്പറേഷൻ ഗജമുക്തി ദൗത്യത്തിൽ നാല് ആനകളെ വനത്തിലേക്ക് കയറ്റിയിരുന്നു. ഇതിൽ മോഴയും ഉൾപ്പെട്ടതായാണ് അധികൃതർ കരുതുന്നത്. തുടർച്ചയായ മഴയും നിരീക്ഷണത്തിന് തടസമായി. പത്താം ബ്ലോക്കിലാണ് മോഴയെ സ്ഥിരമായി കാണാറുള്ളത്. ബ്ലോക്ക് ഏഴ്, ഒന്പത് എന്നിവയും പ്രധാന സഞ്ചാര മേഖലയാണ്. വനത്തിലേക്ക് തുരത്തിയാലും പെട്ടെന്ന് തിരിച്ചുവരുന്ന പതിവ് മോഴയ്ക്കുണ്ട്. മോഴയെ നിരീക്ഷിച്ച് പിടികൂടിയ ശേഷം സുരക്ഷിത മേഖലയിലേക്ക് മാറ്റും. മോഴയ്‌ക്ക് താൽക്കാലിക താവളം മികച്ച സുരക്ഷയിൽ ഒരുക്കാനുള്ള പ്രവർത്തനങ്ങളും ആറളം വന്യജീവി സങ്കേത്തതിൽ ആരംഭിച്ചിട്ടുണ്ട്.










0 comments