കേരളം ഭരിക്കുന്നത് ബിജെപി സർക്കാരാണ്; കെ സി വേണുഗോപാലിന് ഇനി സംശയം വേണ്ട: പി രാജീവ്

കൊച്ചി: കേരളം ഭരിക്കുന്നത് ബിജെപി സർക്കാരാണെന്നും കെ സി വേണുഗോപാലിന്റെ സംശയത്തിന് ഇനി അടിസ്ഥാനമില്ല, അത് പൂർണ്ണമായും ശരിയായിയെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്. വഖഫ് ബോർഡ് നിയമത്തിൽ ബിജെപി സർക്കാരിന്റെ അതേ നിലപാടാണ് വി ഡി സതീശൻ സർക്കാരിനെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡിൽ സുപ്രീംകോടതി വിധി വരുന്നത് വരെ തൽസ്ഥിതി തുടരാമായിരുന്നിട്ടും അത് ചെയ്യാതെ ബിജെപിയുടെ അതേ നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. മധ്യപ്രദേശിൽ ആർഎസ്എസുമായി ബന്ധപ്പെട്ടയാളുകളെയാണ് വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയത്. അതേ സമീപനമാണ് വി ഡി സതീശൻ സർക്കാരും ചെയ്തിട്ടുള്ളത്. തമിഴ്നാടിൽ സർക്കാർ മാറിയിട്ടും വിജയ്‍യുടെ സർക്കാർ മുൻസർക്കാരിന്റെ നിലപാട് തുടർന്നു. അപ്പോഴാണ് മധ്യപ്രദേശിലെ ബിജെപി സർക്കാരിന്റെ നിലപാട് കേരളവും പിന്തുടരുന്നത്.
നീറ്റ് പ്രക്ഷോഭത്തെ വേട്ടയാടിയതിന് സുപ്രീംകോടതി നോട്ടീസ് ലഭിച്ച ഏക പ്രതിപക്ഷ സംസ്ഥാനവും കേരളമാണ്. യുപി, മഹാരാഷ്‌ട്ര, ബിഹാർ, ബംഗാൾ, അസം, മധ്യപ്രദേശ്, ഡൽഹി എന്നിവയ്‌ക്കൊപ്പമാണ് ഇനി യുഡിഎഫ് സർക്കാർ കോടതിയിൽ മറുപടി പറയേണ്ടത്. ഫലത്തിൽ കേരളത്തിലെ ഭരണം ബിജെപിക്കൊപ്പമാണെന്നും പി രാജീവ് പറഞ്ഞു.
വിഴിഞ്ഞത്ത് സർക്കാർ അനുമതി ഇല്ലാതെ ബഹുരാഷ്ട്ര കമ്പനിക്ക് ഓഹരി നൽകിയതിന് പിന്നാലെ കേരളമെന്താ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണോ എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ചോദിച്ചിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ‘സൂപ്പർ സർക്കാർ’ ആയിരിക്കാം. അതുപോലെ ചെയ്യാൻ കേരളമെന്താ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണോ എന്നാണ് കെ സി വേണുഗോപാൽ ചോദിച്ചത്.










0 comments