ad
Deshabhimani

ചൂരൽമല വിടാനാകാതെ മാടസ്വാമി; ഇടനെഞ്ചിലാണ്‌ ഇ‍ൗ നാട്‌

Madaswami

മാടസ്വാമി ചൂരൽമലയിലെ കടയിൽ

avatar
ജാഷിദ്‌ കരീം

Published on Jul 29, 2026, 04:24 PM | 1 min read

ചൂരൽമല: ""50 വർഷത്തോളമായി ഇവിടെ വന്നിട്ട്... ജീവിതമാകെ ഇവിടെയായിരുന്നു... ഇവിടെനിന്ന്‌ പോകാൻ മനസ്സ്‌ അനുവദിക്കുന്നില്ല...ഇടനെഞ്ചിലുണ്ട്‌ ഇ‍ൗ നാട്‌''– ചൂരൽമലയിലെ കടയിൽ ഇരുന്ന്‌ സംസാരിക്കവേ മാടസ്വാമിയുടെ തൊണ്ടയിടറി. ജീവിതത്തിന്റെ പകുതിയലധികം ചെലവഴിച്ച നാടും അവിടുത്തെ നാട്ടുകാരെയും മറക്കാൻ ഈ 64കാരന് കഴിയില്ല. ഇതിനാലാണ്‌, നാട്ടുകാർ സ്‌നേഹത്തോടെ "തമ്പി അണ്ണാ' എന്ന്‌ വിളിക്കുന്ന മാടസ്വാമി ദുരന്തശേഷവും ചൂരൽമലയിൽ കച്ചവടം ആരംഭിച്ചത്‌.


മിഠായികൾ, ഉപ്പിലിട്ട ഭക്ഷ്യവസ്‌തുക്കൾ, ബേക്കറികൾ എന്നിവയാണ്‌ ചൂരൽമല ടൗണിലെ വാടകകടമുറിയിലുള്ളത്‌. വീട്ടിൽ നിർമിക്കുന്ന അച്ചാറുകളുമുണ്ട്. കട ആരംഭിക്കാൻ കുടുംബശ്രീ മൈക്രോ പ്ലാനിൽനിന്ന് 1.20 ലക്ഷം രൂപ ലഭിച്ചു. വിനോദസഞ്ചാരികളാണ് പ്രധാനമായും സാധനങ്ങൾ വാങ്ങുന്നത്‌. ട‍ൗൺഷിപ്പിലെ വീട്ടിൽ താമസം ആരംഭിച്ച മാടസ്വാമി എന്നും രാവിലെ കൽപ്പറ്റയിൽനിന്ന്‌ ചൂരൽമലയിലേക്ക്‌ കെഎസ്ആർടിസി ബസ്‌ കയറും. വൈകിട്ട് 6.30നുള്ള ബസിൽ തിരിച്ചെത്തും.


ഇടുക്കി വണ്ടിപ്പെരിയാറിൽനിന്ന് വിവാഹശേഷമാണ് ഭാര്യ വള്ളിയമ്മയോടൊപ്പം ജില്ലയിൽ എത്തിയത്. തേയിലത്തോട്ടത്തിലും കമ്പനികളിലും 40 വർഷത്തോളം ജോലിചെയ്‌ത പണം കൂട്ടിവച്ച്‌ ചൂരൽമല പുതിയ വില്ലേജ് റോഡിൽ അഞ്ച്‌ സെന്റിലാണ്‌ വീട് നിർമിച്ചത്‌. ഉരുൾപൊട്ടലിൽ വീട് തകർന്നു.


എല്ലാ അവസാനിച്ചിടത്തുനിന്നും ടൗൺഷിപ്പിൽ പുതുജീവിതം ആരംഭിച്ച സന്തോഷത്തിലാണ് ഇന്ന്‌ മാടസ്വാമിയും വള്ളിയമ്മയും. ട‍ൗൺഷിപ്പിലെ വീട്ടിൽ മകൾ രേവതിയും പേരക്കുട്ടിയും ഒപ്പമുണ്ട്‌. ട‍ൗൺഷിപ്പിലെ വീട്ടിലേക്ക്‌ എൽഡിഎഫ്‌ സർക്കാർ അനുവദിച്ച ഒരുലക്ഷം രൂപ ഉപയോഗിച്ച് ഫർണിച്ചറുകളും വാങ്ങി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home