തദ്ദേശഫണ്ട്: എൽഡിഎഫ് സെക്രട്ടറിയറ്റ് മാർച്ച് നാളെ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച് വികസനപ്രവർത്തനം സ്‌തംഭിപ്പിക്കുന്ന സർക്കാർ നിലപാടിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ വ്യാഴാഴ്‌ച സെക്രട്ടറിയറ്റിലേക്ക് മാർച്ച് നടത്തും. രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് മാർച്ച് ആരംഭിക്കും. സെക്രട്ടറിയറ്റിനുമുന്നിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. എൽഡിഎഫ് നേതാക്കൾ സംസാരിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയാകെ ബാധിക്കുന്ന നടപടിക്കെതിരായി നടക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ആഹ്വാനം ചെയ്തു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 17,901 കോടിയാണ് തദ്ദേശസ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ടായി വകയിരുത്തിയത്. യുഡിഎഫ് സർക്കാർ 16,369 കോടിയും. 1,534 കോടിയുടെ കുറവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാനഗഡുവായി 2150 കോടി നൽകാനുണ്ട്. ഇൗ വർഷത്തെ ആദ്യഗഡു 3,396 കോടിയാണ്. മെയിന്റനൻസ് ഗ്രാന്റ് 1,400 കോടിയും. ഇത്രയും പണം ലഭിച്ചാലേ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം മുന്നോട്ടുപോകൂ. ഇൗ സാഹചര്യത്തിലാണ് എൽഡിഎഫ് പ്രക്ഷോഭം.
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് നൽകാത്തതിനാൽ വികസന, ക്ഷേമ പ്രവർത്തനങ്ങൾ നിലച്ചതിനെതിരെ ശക്തമായ സമരത്തിനാണ് എൽഡിഎഫ് രൂപം നൽകിയിരിക്കുന്നത്. ആഗസ്‌ത് ഒന്ന്, മൂന്ന് തീയതികളിൽ പഞ്ചായത്തുകളിലേക്ക് ജനപ്രതിനിധികളും ബഹുജനങ്ങളും മാർച്ച് നടത്തും.










0 comments