ad
Deshabhimani

മഴ
തുടരുന്നു, 
ദുരിതവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Aug 03, 2026, 02:34 AM | 2 min read

കണ്ണൂർ

മലയോര മേഖലകളിൽ ദുരിതപ്പെയ്‌ത്ത്‌ തുടരുന്നു. ഞായറാഴ്‌ച ജില്ലയിൽ ഓറഞ്ച്‌ അലർട്ടായിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40–50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമാണ്‌ സാധ്യത പ്രവചിച്ചത്‌. പുളിങ്ങോത്ത്‌ രക്ഷാപ്രവർത്തനത്തിനിടെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്‌. അഗ്നിരക്ഷാ സേനയുടെ പേരാവൂർ, മട്ടന്നൂർ, കൂത്തുപറമ്പ് യൂണിറ്റുകളിൽനിന്നുള്ള സേനാംഗങ്ങളും പരിശീലനം ലഭിച്ച സിവിൽ ഡിഫൻസ്‌ അംഗങ്ങളും പൊലീസും നാട്ടുകാരും ചേർന്നാണ് കാഞ്ഞിരപ്പുഴയിൽ തിരച്ചിൽ പുനഃരാരംഭിച്ചത്. ഉയർന്ന ജലനിരപ്പും ശക്തമായ ഒഴുക്കും തിരച്ചിലിന്‌ തടസമാകുന്നുണ്ട്. അഗ്നിരക്ഷാ സേനയുടെ സ്‌കൂബ ടീം രംഗത്തുണ്ടെങ്കിലും ഒഴുക്ക് കാരണം ഇറങ്ങാൻ സാധിച്ചിട്ടില്ല. അയ്യങ്കുന്നിൽ രാവിലെ 8.30 മുതൽ രാത്രി ഒമ്പതുവരെ 300 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. പേരിയ നിടുംപൊയില്‍ റോഡില്‍ ഉച്ചയോടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു. ഇരുഭാഗത്തും വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. പാല്‍ച്ചുരം റോഡ് അടച്ചതുകാരണം ഇതുവഴിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. റോഡിലെ കല്ലും മണ്ണുംനീക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. പലയിടങ്ങളിലും വൈദ്യുതിയും താറുമാറായി. വെള്ളമിറങ്ങിയ വീടുകളിലെ ശുചീകരണപ്രവർത്തനവും പ്രതിസന്ധിയിലാണ്‌. പയ്യന്നൂർ വയക്കര വില്ലേജിൽ കൊല്ലാടയിൽ ആറുവീടുകളിലും ഒരു വ്യാപാരസ്ഥാപനത്തിലും മുസ്ലിം പള്ളിയിലും വെള്ളംകയറി. വീട്ടുകാർ ബന്ധുവീടുകളിലേക്ക് മാറി. കേളോത്ത് ചെറുക്കിണിയൻ ഗോപിയുടെ വീടിന്റെ മേൽക്കൂര തകർന്നുവീണു. കുടുംബം ബന്ധുവീട്ടിലേക്ക് മാറി. പട്ടാന്നൂർ വില്ലേജിൽ ആയിപ്പുഴ, നായിക്കാലി, പാണലാട് പ്രദേശങ്ങളിൽ പുഴ കരകവിഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറി. ആയിപ്പുഴയിൽ 18 വിടുകളിൽ വെള്ളം കയറി വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി. ആറ്‌ അതിഥിത്തൊഴിലാളികളെ ആയിപ്പുഴ സ്കൂളിലേക്ക് മാറ്റി. പാണലാട് ആറ്‌ വീടുകളിൽ വെള്ളം കയറി. വീട്ടുകാർ ബന്ധുവീടുകളിലേക്ക് മാറി. വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. നായിക്കാലിയിൽ ഒരുകുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കുറുമാത്തൂർ പഞ്ചായത്ത്‌ 15ാം വാർഡിലും കരിന്പം പുഴ കരകവിഞ്ഞൊഴുകി ചെറുവയൽ പ്രദേശത്ത്‌ വെള്ളം കയറി. കനത്ത ഒഴുക്കുമുള്ളതിനാൽ ഇവിടങ്ങളിലെ വീട്ടുകാർ പുറത്തിറങ്ങാനാകാതെ ഒറ്റപ്പെട്ടു. ആന്തൂർ നഗരസഭയിൽ കോടല്ലൂർ, കണിച്ചേരി, കോൾതുരുത്തി പ്രദേശങ്ങളിലും വെള്ളംകയറി. ​ഇന്ന്‌ അവധി പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്‌ച കലക്ടർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്‌. ഏഴ്‌ പുതിയ ക്യാന്പുകളടക്കം ജില്ലയിലാകെ 11 ദുരിതാശ്വാസ ക്യാന്പുകളാണുള്ളത്‌. തലശേരി താലൂക്കിലെ പട്ടാന്നൂര്‍ വില്ലേജില്‍ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും മാറിയവര്‍ വെള്ളം ഇറങ്ങിയതിനെത്തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങി. മുണ്ടയാംപറമ്പ് ക്യാമ്പ് തിങ്കളാഴ്ച അവസാനിപ്പിച്ചേക്കും. ​ ​വളപട്ടണത്ത്‌ 
ജാഗ്രതവേണം അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വളപട്ടണം (അനങ്ങോട് സ്റ്റേഷൻ) പുഴയുടെ തീരത്ത്‌ ജാഗ്രതാനിർദേശം നൽകി. നദിയിൽ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ല. ​ പാൽച്ചുരം റോഡ് 
അടച്ചു കേളകം – -ബോയ്സ്ടൗൺ – -മാനന്തവാടി റോഡിൽ (പാൽചുരം റോഡ്) വാഹനഗതാഗതം നിരോധിച്ചു, റോഡ് താൽക്കാലികമായി അടച്ച്‌ കലക്ടർ ഉത്തരവിറക്കി. പ്രതിരോധ ക്രമീകരണങ്ങൾക്ക്‌ പൊലീസ്, കെആർഎഫ്ബി അധികൃതരെ ചുമതലപ്പെടുത്തി. ​ ബോട്ട്‌ സർവീസ് 
നിരോധിച്ചു പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ വെള്ളം കയറിയതിനാലും അതിശക്തമായ ഒഴുക്കിൽ മരത്തടികളടക്കം ഒഴുകിവന്ന്‌ ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാലും പറശ്ശിനിക്കടവ് – -വളപട്ടണം മേഖലയിൽ ബോട്ട് സർവീസ് നിരോധിച്ചു. ​ പഴശ്ശി ഡാം ഷട്ടർ 
ഉയർത്തി പഴശ്ശി ഡാമിന്റെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി 15 ഷട്ടറുകള്‍ 5 മീറ്റർ ഉയര്‍ത്തി. 15 സ്‌പിൽവേ ഷട്ടറുകളും തുറന്നിട്ടുണ്ട്‌. മൂന്ന്‌ എൽബിസി ഷട്ടറുകളും അടച്ചു. ​ ശുചീകരണവുമായി 
യൂത്ത്‌ ബ്രിഗേഡ്‌ വെള്ളം കയറിയ വീടുകളിൽ യൂത്ത് ബ്രിഗേഡ് ശുചീകരണം സംഘടിപ്പിച്ചു. കോക്കാട്, പൊയ്യൂർക്കരി, ചാവശേരി അക്കരമ്മൽ പ്രദേശങ്ങളിലും അയ്യങ്കുന്ന്, ആറളം മേഖലയിലുമായിരുന്നു സന്നദ്ധ പ്രവർത്തനം നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യനും സിപിഐ എം നേതാക്കളും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home