അഞ്ചരപ്പവന്റെ മാല നഷ്‌ടമായിട്ട് രണ്ടരമാസം 2 പ്രതികൾ പിടിയിലായിട്ടും മാല കണ്ടെത്താനാകാതെ പൊലീസ്

മാതമംഗലം പുലിയൂർ കാളിക്ഷേത്ര ഉത്സവത്തിനിടെ മാതമംഗലം പറവൂർ സ്വദേശി പി വി രോഹിണിയമ്മ (76) യുടെ അഞ്ചരപവന്റെ മാല പൊട്ടിച്ച സംഭവത്തിൽ അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളായ രണ്ട് സ്ത്രീകൾക്കും ജാമ്യം ലഭിച്ചത് അന്വേഷണ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണെന്നും കുടുംബം. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഉത്സവ സമാപനദിവസമായ ഏപ്രിൽ 19ന് പകൽ 2.45നാണ് സംഭവം. നാലുപേർ ചേർന്നാണ് മാല പൊട്ടിച്ചത്. മാല നഷ്ടപ്പെട്ടെന്ന് മനസ്സിലായ ഉടൻ മോഷ്ടാക്കളുടെ പിറകെ ഓടി. നാട്ടുകാരും മോഷ്ടാക്കളെ പിന്തുടർന്നു. രണ്ടുപേരെ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കൂട്ടത്തിലുണ്ടായ രണ്ട് സ്ത്രീകൾ ഓടി രക്ഷപ്പെട്ടു. മാല പൊട്ടിക്കുന്ന ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവിയിൽ വ്യക്തമായി കാണാമായിരുന്നു. ഇത്രയും തെളിവുകൾ ഉണ്ടായിട്ടും പിടികൂടിയ സ്ത്രീകളിലൂടെ രക്ഷപ്പെട്ടവരിലേക്ക് എത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്ന് രോഹിണിയമ്മയുടെ മകൻ സതീഷ് പറയുന്നു. പലതവണ അന്വേഷണ ഉദ്യോഗസ്ഥനെ സമീപിച്ചപ്പോഴും ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്നായിരുന്നു മറുപടി. എന്നാൽ, നഷ്ടപ്പെട്ട മാല തിരിച്ചുകിട്ടുന്നതിനും രക്ഷപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനും പൊലീസ് ഗൗരവമായി ഇടപെട്ടിട്ടില്ലെന്നും സതീഷ് ആരോപിച്ചു. അതേസമയം, രക്ഷപ്പെട്ടവരെക്കുറിച്ച് പ്രതികൾ സൂചനയൊന്നും നൽകുന്നില്ലെന്നും കസ്റ്റഡിയിലുള്ളവർ വ്യാജ വിലാസമാണ് നൽകിയതെന്നുമാണ് പൊലീസ് പറയുന്നത്. വ്യാജവിലാസം നൽകുകയും ബന്ധുക്കളെത്താതെയും പ്രതികൾക്ക് എങ്ങനെ ജാമ്യം ലഭിച്ചെന്ന് രോഹിണിയമ്മയും കുടുംബവും ചോദിക്കുന്നു. ചെറുപ്പം മുതലുള്ള അധ്വാനത്തിന്റെ മിച്ചംവച്ചാണ് അഞ്ചര പവന്റെ മാല വാങ്ങിയതെന്ന് രോഹിണിയമ്മ പറയുന്നു. പ്രതികളായ കർണാടകത്തിലെ മുൽ ബേഗ് കോളാർ സ്വദേശി അനിത (38) യ്‌ക്ക് ഹൈക്കോടതിയും വിരാജ്പേട്ട ചാമുണ്ഡേശ്വരി ഇന്ദിര നഗറിലെ താമസക്കാരിയും വീരാജ്പേട്ട ടവർ ഗേറ്റ് സ്വദേശിയുമായ ഗീത (40) യ്‌ക്ക് തലശേരി സെഷൻസ് കോടതിയുമാണ് ജാമ്യം അനുവദിച്ചത്.











0 comments