മാതമംഗലത്ത് 5 കുടുംബങ്ങളുടെ ലൈഫ് സെറ്റ്

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മാതമംഗലത്ത് അഞ്ച് കുടുംബങ്ങൾക്ക് നിർമിച്ച ലൈഫ് ഭവന സമുച്ചയം

സ്വന്തം ലേഖകൻ
Published on Aug 03, 2025, 02:30 AM | 1 min read
പയ്യന്നൂർ
ഭൂമിയും വീടുമില്ലാത്ത പയ്യന്നൂരിലെ അഞ്ച് കുടുംബങ്ങൾക്ക് സ്വപ്ന സാഫല്യം. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലാണ് അഞ്ചു കുടുംബങ്ങൾക്ക് 1.08 കോടി ചെലവഴിച്ച് മാതമംഗലത്ത് ലൈഫ് ഭവന സമുച്ചയം നിർമിച്ചു നൽകിയത്. വീടിന്റ ഉദ്ഘാടനവും താക്കോൽ കൈമാറ്റവും തിങ്കൾ പകൽ രണ്ടിന് സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാതമംഗലം തുമ്പത്തടത്തെ പുതിയപുരയിൽ ജാനകി, പെരിങ്ങോത്തെ പി ധന്യ, രാമന്തളിയിലെ പി തുളസി, ചെറുപുഴ തിരുമേനിയിലെ എം എസ് ദീപമോൾ, കരിവെള്ളൂർ– പെരളത്തെ പി വി പാർവതി എന്നിവരുടെ കുടുംബങ്ങളുടെ വീടെന്ന സ്വപ്നമാണ് യാഥാർഥ്യയന്നത്. എരമം–--കുറ്റൂർ പഞ്ചായത്ത് മാതമംഗലത്ത് സൗജന്യമായി നൽകിയ 25 സെന്റ് സ്ഥലത്താണ് നിർമാണം പൂർത്തിയാക്കിയത്. രണ്ട് ബെഡ് റൂം, അടുക്കള, ഹാൾ എന്നിവയടങ്ങുന്ന അഞ്ച് വീടാണ് ഇതിലുള്ളത്. ചുറ്റുമതിലും റോഡ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് മുൻകൈ എടുത്ത് ഇത്തരത്തിൽ ഭവന സമുച്ചയം നിർമിച്ചുനൽകുന്നത്. ലൈഫ് ഭവനപദ്ധതിയിൽ പയ്യന്നൂർ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകൾക്ക് 2.14 കോടി രൂപ അനുവദിച്ചിരുന്നു. പിഎംഎവൈ ഭവന പദ്ധതിയിൽ 100 വീടുകൾക്ക് 1.12 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കുന്നുണ്ട്. വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വത്സല, വൈസ് പ്രസിഡന്റ് എം വി അപ്പുക്കുട്ടൻ, സെക്രട്ടറി കെ മോഹനൻ, കെ പി രമേശൻ, അസി. എൻജിനിയർ എം ടി അനിൽകുമാർ എന്നിവർ പങ്കെടുത്തു.









0 comments