ഒടുവിൽ പാട്ടത്തുക അടച്ചു; കോളേജ്‌ ഭൂമി പള്ളിയുടേതുതന്നെ

ലീഗ്‌ നിയന്ത്രണത്തിലുള്ള കണ്ണൂർ ജില്ലാ മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷൻ അടച്ച 
കുടിശ്ശിക വാടക 12 ലക്ഷം രൂപയുടെ ചെക്ക്‌
avatar
ബിജു കാർത്തിക്‌

Published on May 25, 2025, 03:00 AM | 2 min read

തളിപ്പറമ്പ്

തളിപ്പറമ്പ്‌ ജമാ അത്ത്‌ പള്ളി കമ്മിറ്റിയുടെ 25 ഏക്കർ ഭൂമി, കരാർ തെറ്റിച്ച്‌ കൈക്കലാക്കാൻ ശ്രമിച്ച സർ സയ്യിദ് കോളേജ് മാനേജ്മെന്റ്‌ ഒടുവിൽ മുട്ടുമടക്കി. മുസ്ലിംലീഗ്‌ നിയന്ത്രണത്തിലുള്ള കണ്ണൂർ ജില്ലാ മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷൻ (സിഡിഎംഇഎ) ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ ഭൂമിയുടെ ഉടമസ്ഥാവകാശമുൾപ്പെടെയുളള ആറ് വാദങ്ങൾ പിൻവലിച്ചു. കുടിശ്ശിക വരുത്തിയ നാലുവർഷത്തെ വാടക 12 ലക്ഷംരൂപ പള്ളിക്ക് നൽകുകയുംചെയ്തു. ഏപ്രിൽ 24നാണ് സിഡിഎംഇഎ പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ട ചെക്ക് പള്ളി മുതവല്ലിക്ക് കൈമാറിയത്. ഇതുകൂടി ചേർത്താണ് ഏപ്രിൽ 26ന് സിഡിഎംഇഎ ഹൈക്കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകിയത്. കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലം ഉൾപ്പെടെയുള്ള വഖഫ്‌ ഭൂമി നരിക്കോട് ഈറ്റിശ്ശേരി ഇല്ലം വകയാണെന്ന വിചിത്ര അവകാശവാദവും ട്രസ്‌റ്റ്‌ നേരത്തെ നൽകിയ ഹർജിയിൽ ഉന്നയിച്ചിരുന്നു. ലീഗ് സംസ്ഥാന പ്രസിഡന്റ്‌ മുഖ്യഖാസിയായ തളിപ്പറമ്പ് ജമാഅത്ത് പള്ളിക്കമ്മിറ്റിയുടെ ഭൂമി കൈക്കലാക്കാനാണ്‌ ട്രസ്‌റ്റ്‌ ഇത്തരം പച്ചക്കള്ളം പ്രചരിപ്പിച്ച്‌ കോടതിയെ സമീപിച്ചത്‌. അഭിഭാഷകർക്ക്‌ പറ്റിയ തെറ്റാണെന്നും ക്ലറിക്കൽ തകരാറാണെന്നുമൊക്കെയുള്ള വ്യാഖ്യാനങ്ങളുമായി ലീഗ് ജില്ലാ നേതൃത്വവും ഇതിനെ സാധൂകരിക്കാൻ ശ്രമിച്ചു. സർ സയ്യിദ് കോളേജ്‌ സ്ഥാപിക്കാൻ 21.53 ഏക്കർ ഭൂമി സിഡിഎംഇഎക്ക് കൈമാറാനാണ്‌ വഖഫ്‌ ബോർഡ്‌ തളിപ്പറമ്പ്‌ ജമാ അത്ത്‌ പള്ളി കമ്മിറ്റിക്ക്‌ അനുമതി നൽകിയിരുന്നത്‌. പള്ളിയുടെ പേരിൽ വസ്‌തുനികുതി അടക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നെങ്കിലും കോളേജ്‌ മാനേജ്‌മെന്റ്‌ അത് പാലിച്ചില്ല. അതിനിടെയാണ് ഭൂമി കൈക്കലാക്കാനും ശ്രമിച്ചത്. ലീഗ് നിയന്ത്രണത്തിലുള്ള ഭരണസമിതിയെ മാറ്റി പുതിയ മുതവല്ലിയെ നിയമിച്ചതോടെയാണ് ഭൂമി കൈക്കലാക്കാനുള്ള ശ്രമം തടയാനായത്. തളിപ്പറമ്പ് മഹല്ല് വഖഫ് സംരക്ഷണസമിതിയും വിഷയത്തിൽ സജീവമായി ഇടപെട്ടിരുന്നു. ലീഗ് നേതൃത്വം മാപ്പുപറയണം തളിപ്പറമ്പ് തളിപ്പറമ്പ്‌ ജമാ അത്ത്‌ പള്ളി കമ്മിറ്റിക്ക് നൽകാനുള്ള പാട്ടത്തുക കുടിശ്ശിക ഉൾപ്പെടെ നൽകുകയും ഭൂമിയിൽ അവകാശവാദമുന്നയിച്ച് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വാദങ്ങൾ പിൻവലിക്കുകയുംചെയ്ത നടപടി സ്വാഗതംചെയ്യുന്നതായി വഖഫ് സ്വത്ത് സംരക്ഷണസമിതി. വഖഫ്‌ സ്വത്ത്‌ സംരക്ഷണസമിതിയുടെയും തളിപ്പറമ്പ്‌ മുതവല്ലിയുടെയും കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് ലീഗിന്റെ തെറ്റുതിരുത്തൽ. ലീഗ് നേതൃത്വം തെറ്റുകൾ ഏറ്റുപറഞ്ഞ്‌ വിശ്വാസികളോട്‌ മാപ്പുപറയണമെന്നും സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കരാർ തെറ്റിച്ച് പള്ളിയെ അപമാനിക്കാൻ ശ്രമിക്കുകയും പച്ചക്കള്ളം പ്രചരിപ്പിച്ച്‌ ഹൈക്കോടതിയിൽ പരാതി നൽകുകയുംചെയ്ത മുസ്ലിംലീഗ് ജില്ലാ നേതൃത്വത്തിലുള്ള മാനേജ്മെന്റ് കമ്മിറ്റിക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാനനേതൃത്വം തയ്യാറാകണം. തളിപ്പറമ്പ് ജമാഅത്ത് പള്ളിയുടെ അധീനതയിലുള്ള റോയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ക്ലാസ്‌ മുറി നിർമിക്കാൻ കേരള വഖഫ് ബോർഡ് കണ്ണൂർ ഡിവിഷണൽ ഓഫീസർ അനുമതി നൽകാത്തതിനുപിന്നിലും ലീഗ്‌ താൽപര്യമാണെന്നും സമിതി പ്രസിഡന്റ് സി അബ്ദുൽ കരീം, കുറിയാലി സിദ്ദിഖ്, ചപ്പൻ മുസ്തഫ ഹാജി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home