ad
Deshabhimani

ചെങ്കൊടി താഴാത്ത പയ്യന്നൂർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ബിജു കാർത്തിക്

Published on Mar 09, 2026, 03:00 AM | 2 min read

പയ്യന്നൂർ രൂപീകരണ കാലംതൊട്ട്‌ ഇന്നേവരെ എൽഡിഎഫിനൊപ്പം മാത്രം നിൽക്കുന്ന മണ്ഡലമെന്നതുമാത്രമല്ല പയ്യന്നൂരിന്റെ ചരിത്രം. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും ജയിച്ചുകയറിയ മണ്ഡലമാണ്‌. കമ്യൂണിസ്‌റ്റ്‌ പാർടി നേതാക്കൾ മാത്രം തെരഞ്ഞെടുക്കപ്പെട്ട നാടായി പയ്യന്നൂർ ചരിത്രത്തിൽ ഇടം നേടി പ്രസ്ഥാനത്തോടുള്ള ജനവിശ്വാസത്തിന്റെ ആഴം വെളിവാക്കുന്നു. സ്വാതന്ത്ര്യസമരം കത്തിപ്പടർന്ന നാളുകളിൽ ഉപ്പുകുറുക്കിയ നാടാണിത്‌. പാവങ്ങളുടെ പടത്തലവൻ എ കെ ജി പട്ടിണിജാഥ നടത്തിയ ദേശം ആ രാഷ്ട്രീയബോധ്യവും പാരന്പര്യവും ഒരിക്കലും കൈവിട്ടിട്ടില്ല. ഇന്നത്തെ പയ്യന്നൂർ മണ്ഡലം രൂപംകൊണ്ടത്‌ 1965 -ലാണ്‌. കരിവെള്ളൂർ സമരനായകൻ എ വി കുഞ്ഞമ്പു ഹാട്രിക്‌ വിജയത്തിലൂടെ പയ്യന്നൂരിനെ പ്രതിനിധീകരിച്ചു. 1977ലും എൺപതിലും സ്വാതന്ത്ര്യസമര സേനാനി എൻ സുബ്രഹ്മണ്യഷേണായിയും 1982- ൽ എം വി രാഘവനും 87 ലും 91 ലും സി പി നാരായണനും പയ്യന്നൂരിൽ വിജയിച്ചു. 1996 ലായിരുന്നു പിണറായി വിജയന്റെ ഉ‍ൗഴം. അന്ന്‌ സഹകരണ വൈദ്യുതി മന്ത്രിയായിരിക്കെയാണ്‌ പിണറായി പദവി ഒഴിഞ്ഞ്‌ പാർടിയുടെ അമരക്കാരനായത്‌. 2001ലും 2006ലും തെരഞ്ഞെടുക്കപ്പെട്ട പി കെ ശ്രീമതി രണ്ടാമൂഴത്തിൽ ആരോഗ്യമന്ത്രിയായി. 2011 ലും 2016ലും സി കൃഷ്‌ണനും തുടർന്ന്‌ 2021ൽ ടി ഐ മധുസൂദനനും ജയിച്ചുകയറി. പശ്‌ചിമഘട്ട മലനിരകൾ മുതൽ തീരദേശംവരെ പടർന്നുകിടക്കുന്ന മണ്ഡലത്തിൽ വർഷങ്ങളായി എൽഡിഎഫ്‌ ഭരിക്കുന്ന പയ്യന്നൂർ നഗരസഭയും എരമം-–കുറ്റൂർ, കാങ്കോൽ–-ആലപ്പടമ്പ്, കരിവെള്ളൂർ- –പെരളം, പെരിങ്ങോം– -വയക്കര, രാമന്തളി പഞ്ചായത്തുകളും യുഡിഎഫിന്‌ ചെറിയ മേൽക്കൈയുള്ള ചെറുപുഴയുമാണുള്ളത്‌. പത്തുവർഷത്തിനിടെ പയ്യന്നൂരിൽ ധാരാളം വികസനമെത്തി. അഞ്ചുവർഷത്തിനിടെ ടി ഐ മധുസൂദനന്റെ നേതൃത്വത്തിൽ സ്വപ്‌നതുല്യമായ നേട്ടമുണ്ടാക്കി. തകർന്നു തരിപ്പണമായ പെരുന്പ–ചെറുപുഴ റോഡുൾപ്പെടെ നവീകരിച്ചത്‌ ഇ‍ൗ നാട്‌ നന്ദിയോടെ ഓർക്കുന്നു. പയ്യന്നൂർ താലൂക്കും മിനി സിവിൽ സ്റ്റേഷനും യാഥാർഥ്യമായി. പയ്യന്നൂർ, പെരിങ്ങോം താലൂക്ക് ആശുപത്രികൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തി. ആർടി ഓഫ-ീസ്, ഡിവൈഎസ്‌പി ഓഫീസ് എന്നിവ ആരംഭിച്ചു. പയ്യന്നൂർ സബ് ട്രഷറി, വാട്ടർ അതോറിറ്റി എന്നിവക്ക് സ്വന്തം കെട്ടിടം. കോടതി സമുച്ചയം, പൂരക്കളി അക്കാദമിക്ക് ആസ്ഥാന മന്ദിരം, തീയറ്റർ കോംപ്ലക്സ് തുടങ്ങി നിരവധി നിർമാണ പ്രവർത്തനങ്ങൾ. പഞ്ചായത്തുകൾ തോറും മൈതാനങ്ങളൊരുക്കി കായികമേഖലയിലും ഉണർവുണ്ടാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഫിഷറീസ് സർവകലാശാലയുടെ ഏക ഉപകേന്ദ്രമായ പയ്യന്നൂർ കാന്പസിന്‌ കെട്ടിടമൊരുങ്ങുന്നതും ഇ‍ൗ നേട്ടങ്ങളുടെ തുടർച്ച.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home