ad
Deshabhimani

തീരാ വേദനയായി അനീഷ്‌

അനീഷ് ജോർജിന്റെ മൃതദേഹം ഏറ്റുകുടുക്കയിലെ വീട്ടിലേക്ക് എത്തിക്കുന്നു
avatar
ബിജു കാർത്തിക്

Published on Nov 17, 2025, 03:00 AM | 1 min read

ഏറ്റുകുടുക്ക വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനാ ചുമതലയിലുള്ള ബൂത്ത് ലെവൽ ഓഫീസർ അനീഷ്‌ ജോർജ്‌ ജോലിസമ്മർദം താങ്ങാനാകാതെ ജീവനൊടുക്കിയതിൽ വിറങ്ങലിച്ച്‌ നാട്‌. കുന്നരു സ്‌കൂളിലെ ഓഫീസ്‌ അറ്റൻഡന്റ്‌ ആയ അനീഷ്‌ വീടിനടുത്തുള്ള 18–ാം ബൂത്തിലെ ബിഎൽഒ ആയിരുന്നു. പൊതുവെ ആരോടും പെട്ടന്ന്‌ ഇടപഴകാത്ത പ്രകൃതക്കാരനായ ഇ‍ൗ ചെറുപ്പക്കാരന്‌ പ്രദേശത്തുള്ളവരുമായി വലിയ ബന്ധങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, അനീഷിന്റെ മാതാപിതാക്കൾ അധ്യാപക ദന്പതികളായതിനാൽതന്നെ കുടുംബത്തിന്‌ നാടുമായി വളരെ ആത്മബന്ധവുമുണ്ട്‌. 417 വീടുകളുടെ ചുമതലയുണ്ടായിരുന്നതിനാൽ അനീഷിന്‌ പ്രദേശവാസികളെയാകെ തിരിച്ചറിയുക എന്നതും വലിയ ബുദ്ധിമുട്ടായിരുന്നു. ഇതേ തുടർന്നാണ്‌ പ്രാദേശിക സിപിഐ എം നേതൃത്വത്തോട്‌ അനീഷ്‌ സഹായം ആവശ്യപ്പെട്ടത്‌. അതിൻപ്രകാരം ഞായറാഴ്‌ച വള്ളത്തോൾ വായനശാലയിൽ ഹെൽപ്‌ ഡെസ്‌ക്‌ പ്രവർത്തിക്കുമെന്ന്‌ അറിയിച്ചിരുന്നു. ഇതുപ്രകാരം വോട്ടർമാരിൽ പലരും അവിടെ എത്തുകയും ചെയ്‌തിരുന്നു. അതിനിടെയാണ്‌ അപ്രതീക്ഷിതമായി അനീഷിന്റെ മരണവാർത്തയെത്തിയത്‌. പരിയാരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം വൈകിട്ട്‌ അഞ്ചരയോടെ വീട്ടിൽ മൃതദേഹം എത്തിച്ചപ്പോൾ അന്ത്യാജ്ഞലി അർപ്പിക്കാനും ഏറെപ്പേരെത്തി. രാവിലെ വിവരമറിഞ്ഞയുടൻ ടി ഐ മധുസൂദനൻ എംഎൽഎ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സിപിഐ എം പെരിങ്ങോം ഏരിയാസെക്രട്ടറി പി ശശിധരൻ, എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം വി ശശിധരൻ, ജില്ലാ പ്രസിഡന്റ്‌ പി പി സന്തോഷ്‌കുമാർ, ജില്ലാസെക്രട്ടറി കെ രഞ്ജിത്ത്‌, സംസ്ഥാന സെക്രട്ടറിയറ്റംഗം എ എം സുഷമ, സംസ്ഥാന കമ്മിറ്റിയംഗം പി ആർ സ്‌മിത, പി സന്തോഷ്‌ കുമാർ എംപി, കാങ്കോൽ ആലപ്പടന്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം വി സുനിൽകുമാർ തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home