നാളെ മുതൽ സ്വകാര്യ ബസ് സമരം വ്യാപിപ്പിക്കും

നടാൽ ദേശീയപാത 66 ൽ നടാൽ ഒകെയുപി സ്കൂളിന് സമീപം അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം മറ്റ് റൂട്ടുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ബസ്സുടമകളുടെയും തൊഴിലാളികളുടെയും സംയുക്തയോഗം തീരുമാനിച്ചു. ചൊവ്വാഴ്‌ച മുതൽ കണ്ണൂർ– കിഴുന്നപ്പാറ, തലശേരി–എടക്കാട്– കാടാച്ചിറ, നടാൽ ബൈപ്പാസ് വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ദീർഘദൂര സർവീസുകൾ എന്നിവ നിർത്തിവയ്‌ക്കും. നിലവിൽ കണ്ണൂർ തോട്ടട തലശേരി റൂട്ടിൽ മാത്രമാണ് സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തിവച്ചിരിക്കുന്നത്. നടാൽ അടിപ്പാത ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹം രണ്ടാംദിവസം സിപിഐ എം എടക്കാട് ഏരിയാകമ്മിറ്റി അംഗം പി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി കൺവീനർ കെ പ്രദീപൻ അധ്യക്ഷനായി. ദേശീയപാത 66 പൂർത്തിയാകുന്നതോടെ തോട്ടടയിൽനിന്ന് തലശേരിയിലേക്ക് പോകുന്ന വാഹനങ്ങൾ ദേശീയപാതയുടെ മറുവശത്തുള്ള സർവീസ് റോഡിൽ പ്രവേശിക്കുന്നതിന് നടാൽ ബൈപ്പാസ് വഴി ഏഴ് കിലോമീറ്റർ താണ്ടി ചാല ജങ്‌ഷനിലെത്തി തിരിച്ചുവരേണ്ടതുണ്ട്. ട്രെയിനുകൾ കടന്നുപോകാനായി നടാൽ റെയിൽവേ ഗേറ്റ് അടക്കുമ്പോൾ ദീർഘസമയം ഗേറ്റിൽ കാത്തുനിൽക്കേണ്ടി വരുന്ന വാഹനങ്ങൾ ദേശീയപാതയുടെ സർവീസ് റോഡിൽ എത്താൻ വീണ്ടും കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവരുന്നത് യാത്രക്കാരെ വലയ്‌ക്കും. നടാൽ മുതൽ കിഴുത്തള്ളിവരെയുള്ള പ്രദേശമാകെ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ ഒഴിവാക്കണമെന്ന് സമര സമിതിയും നാട്ടുകാരും ആവശ്യപ്പെടുന്നു.









0 comments