ജില്ലാ ശാസ്‌ത്രോത്സവം തുടങ്ങി വെളിച്ചത്തിനെന്ത് വെളിച്ചം മികച്ച നാടകം

തലശേരി അന്ധവിശ്വാസത്തെ തുരത്താൻ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂവെന്ന് അടിവരയിട്ട് ‘വെളിച്ചത്തിനെന്ത് വെളിച്ചം' നാടകം അരങ്ങ് കീഴടക്കി. അനാചാരങ്ങളെ വിമർശിച്ച നാടകം വിജ്ഞാനത്തിലേക്ക് കണ്ണുതുറക്കാനും ശാസ്ത്ര അവബോധം വളർത്താനും ആഹ്വാനം ചെയ്തു. ബിങ് ബാംഗ് തിയറിയും പരിണാമസിദ്ധാന്തവുമെല്ലാം അരങ്ങിൽ വിജ്ഞാനത്തിന്റെ വെളിച്ചം വിതറി. മനുഷ്യർക്ക് ഭൂമിക്ക് അപ്പുറം ജീവിക്കാമെന്ന് ആത്മവിശ്വാസം നൽകുന്ന ബഹിരാകാശ നിലയവും ശുദ്ധവായു വിൽക്കുന്ന റോബോട്ടുമെല്ലാം നാടകത്തിന് വിഷയങ്ങളായി. മൺമറഞ്ഞുപോയ വിഖ്യാത ശാസ്ത്രജ്ഞർക്ക് സ്തുതിപറഞ്ഞും മനുഷ്യരാശിക്കായി അവർ അർപ്പിച്ച സേവനത്തിന് നന്ദി പറഞ്ഞും അരങ്ങിൽ അറിവ് നിറച്ചവരുമുണ്ട്. ജില്ലാ റവന്യു ശാസ്ത്രമേളയില്‍ അഞ്ച് ശാസ്ത്ര നാടകങ്ങളാണ് ഗവ. ബ്രണ്ണന്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ അരങ്ങേറിയത്. മമ്പറം എച്ച് എസ് എസിലെ വിദ്യാർഥികൾ അവതരിപ്പിച്ച 'വെളിച്ചത്തിനെന്ത് വെളിച്ചം' ശാസ്ത്ര നാടകത്തിനാണ് ഒന്നാംസ്ഥാനം. മികച്ച സംവിധായകനായി രാജേഷ് കീഴത്തൂരിനെയും നടിയായി പി കെ നിളയെയും തെരഞ്ഞെടുത്തു. ശാസ്‌ത്രോത്സവം ഉദ്‌ഘാടനം ഇന്ന് റവന്യു ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം ബ്രണ്ണൻ ഹയർസെക്കൻഡറി സ്‌കൂളിൽ വ്യാഴം രാവിലെ 10ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്‌ഘാടനംചെയ്യും. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഷബാന ഷാനവാസ് അധ്യക്ഷയാകും. രണ്ട് ദിവസത്തെ മേളയിൽ ആറായിരം പ്രതിഭകൾ പങ്കെടുക്കും. തലശേരി സെന്റ് ജോസഫ്‌സ്, സേക്രഡ് ഹാർട്ട്, ബിഇഎംപി, മുബാറക്, തലശേരി ഗവ. എൽപി സ്‌കൂളുകളാണ് മത്സരവേദി. ആദ്യദിനം ശാസ്‌ത്രനാടകം, എൻസിഇആർടി സെമിനാർ, അറ്റ്‌ലസ് നിർമാണം, പ്രാദേശിക ചരിത്രരചന എന്നിവയിലായിരുന്നു മത്സരം. ശാസ്‌ത്രം– ഐടിമേളകൾ സെന്റ് ജോസഫ്‌സിൽ തലശേരി സെന്റ് ജോസഫ്‌സ് ഹയർസെക്കൻഡറിയിലാണ് ശാസ്‌ത്രം– ഐടിമേള. വ്യാഴം രാവിലെ എച്ച്‌എസ് വിഭാഗം ശാസ്‌ത്രമേള ആരംഭിക്കും. യുപി, എച്ച്‌എസ്, എച്ച്‌എസ്‌എസ് വിഭാഗം അധ്യാപകരുടെ ടീച്ചിങ് എയ്‌ഡ്, പ്രൊജക്ട് മത്സരവും ഇതോടൊപ്പമുണ്ടാകും. ഐടി മേളയിൽ എച്ച്‌എസ്– എച്ച്‌എസ്‌എസ് വിഭാഗങ്ങളിൽ 14 ഇനത്തിലാണ് ആദ്യദിവസം മത്സരം. ആദ്യദിവസം എച്ച്‌എസ് വിഭാഗം വിദ്യാർഥികളുടെ 14 ഇനങ്ങളിലായുള്ള
മത്സരവും യുപി വിഭാഗം അധ്യാപകരുടെ ടീച്ചിങ് എയ്‌ഡും. ബിഇഎംപി എച്ച്‌എസ്‌എസിലാണ് സാമൂഹ്യ ശാസ്‌ത്രമേള. പ്രവൃത്തി പരിചയമേള മുബാറക്കിൽ മുബാറക് ഹയർസെക്കൻഡറിയിലാണ് പ്രവൃത്തിപരിചയമേള. വിഎച്ച്‌എസ്‌ഇ സ്‌കിൽ ഫെസ്‌റ്റിവൽ ഗവ. എൽപി സ്‌കൂളിലാണ്. 19 ഇനങ്ങളിലാണ് തത്സമയ മത്സരം.









0 comments