ആനയെ കടന്നൽകൂട്ടം ആക്രമിച്ചു

പറവൂർ പെരുവാരത്ത് കടന്നൽ കുത്തേറ്റ ആനയുടെ ശരീരത്തിൽ അഗ്നി രക്ഷാസേന വെള്ളം ചീറ്റുന്നു
പറവൂർ
പെരുവാരം ക്ഷേത്രത്തിന്റെ വടക്കേ നടയിലെ പറമ്പിൽ തളച്ചിരുന്ന ‘എഴുത്തുപുരയ്ക്കൽ ഗംഗാപ്രസാദ്’ ആനയെ കടന്നൽക്കൂട്ടം ആക്രമിച്ചു. വ്യാഴം പകൽ 12.30നാണ് സംഭവം.
തൃപ്പൂണിത്തുറ ശീവേലി കഴിഞ്ഞ് വരുന്നവഴിയാണ് ആനയെ ഇവിടെ തളച്ചത്. ആനയെ കെട്ടിയിരുന്ന പറമ്പിലെ മരത്തിലുണ്ടായിരുന്ന വലിയ കടന്നൽക്കൂട്ടമാണ് ഇളകിയത്. കുത്തേറ്റതോടെ വേദനകൊണ്ട് പുളഞ്ഞ ആന കെട്ടിയിടത്തു തന്നെ പലതവണ വട്ടംകറങ്ങി സ്വയം കടന്നലുകളെ തുരത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
കണ്ടുനിന്നവർക്കും ഒന്നും ചെയ്യാനായില്ല. പാപ്പാന്മാരുമെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിഫലമായി. അവർക്കും കടന്നലുകളുടെ കുത്തേറ്റു. അഗ്നി രക്ഷാസേനയെത്തി ഏറെനേരം ആനയുടെ ദേഹത്തേക്ക് ശക്തിയായി വെള്ളം ചീറ്റിച്ചതോടെയാണു കടന്നലുകൾ ഒഴിവായത്. കടന്നലുകളെ തുരത്താനുള്ള മരുന്നുകൾ പലഭാഗത്തുനിന്നും നാട്ടുകാർ സ്‌പ്രേ ചെയ്‌തു. കടന്നലുകൾ മാറിയശേഷം ആനയെ മറ്റൊരു പറമ്പിലേക്ക് മാറ്റിക്കെട്ടി. എ
ലിഫന്റ് സ്‌ക്വാഡും സ്‌ഥലത്തെത്തി. വെറ്ററിനറി ഡോക്‌ടർ ആനയെ പരിശോധിച്ച് മരുന്നുനൽകി. ആനയുടെ ശരീരത്തിന്റെ ഒട്ടേറെ ഭാഗങ്ങളിൽ കുത്തേറ്റിട്ടുണ്ട്. വൈകിട്ടോടെ ആനയെ ഇവിടെനിന്ന് കൊണ്ടുപോയി.








0 comments