Deshabhimani

യുവ ഡോക്ടറെ മർദിച്ചു; 
നടി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍

Young doctor assaulted

യുവ ഡോക്ടറെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ നടി അതുല്യ ചന്ദ്രയെ എറണാകുളം 
ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍

വെബ് ഡെസ്ക്

Published on Nov 06, 2026, 03:13 AM | 1 min read

കൊച്ചി


യുവ ഡോക്ടറെ ക്രൂരമായി മർദിച്ച കേസില്‍ നടി ഉള്‍പ്പെടെ മൂന്നുപേരെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. നടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്ര (32), നടനും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമായ ബിബിൻ പെരുമ്പള്ളി (42, ബിബിൻ ബേബി), കെ ബി വിഷ്ണു (31) എന്നിവരാണ് അറസ്റ്റിലായത്. മറ്റ്‌ പ്രതികളായ ഒമ്പതുപേർക്കായി അന്വേഷണം ഊർജിതമാക്കി. കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലെ നാൽപത്തൊന്നുകാരനായ ഡോക്ടര്‍ക്കാണ് മര്‍ദനമേറ്റത്.


പൊന്നുരുന്നിയിലെ അപ്പാർട്ട്‌മെന്റില്‍ ഈ മാസം രണ്ടിനായിരുന്നു സംഭവം. പ്രതികളില്‍ ഒരാളുടെ അമ്മയുടെ അനിയത്തിക്ക് അസുഖം മൂർച്ഛിച്ചെന്നും ചികിത്സ വേണമെന്നും അറിയിച്ച് ഡോക്ടറെ അപ്പാര്‍ട്മെന്റിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ചെറിയമ്മയെ മയക്കുമരുന്ന് നൽകിയശേഷം പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മുഖത്തും മുതുകത്തും ക്രൂരമായ മർദനമേറ്റ ഡോക്ടറെ മണിക്കൂറുകൾക്ക് ശേഷമാണ് സംഘം വിട്ടയച്ചത്.


കളമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഡോക്ടർ കടവന്ത്ര സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മൂന്നുലക്ഷം രൂപയുടെ രണ്ട്‌ മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡ് എന്നിവ സംഘം കവർന്നതായും പരാതിയിലുണ്ട്. ജില്ലയുടെ വിവിധ ഇടങ്ങളിൽനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂവരെയും മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home