ഉന്നതി വേണം സമാജ്വാദി ഉന്നതിക്ക്

ഇ പ്രഭാകരൻ
Published on Nov 21, 2025, 03:00 AM | 1 min read
തോട്ടട കേരളത്തിലെ നഗരങ്ങളെല്ലാം മുഖം മിനുക്കി കുതിക്കുന്പോൾ കണ്ണൂർ കോർപറേഷനിലെ അടിസ്ഥാന വിഭാഗങ്ങൾക്ക് ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ല. പരിതാപകരമായ അവസ്ഥയിൽ ജീവിക്കുന്ന തോട്ടട സമാജ് വാദി ഉന്നതിയിലെ നൂറോളം കുടുംബങ്ങളെ മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കി പുനരധിവസിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയൊന്നും കോർപറേഷൻ പരിഗണിച്ചില്ല. എഴുപതുകളിൽ കണ്ണൂർ നഗരത്തിലും പരിസരത്തുമായി ജീവിച്ച 51 കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ അന്നത്തെ സർക്കാർ തീരുമാനമെടുത്തു. തോട്ടട - കിഴുന്നപ്പാറ റോഡിന് സമീപം 75 സെന്റിനടുത്ത് സ്ഥലം കണ്ടെത്തി. ഇവരെ ഇങ്ങോട്ടേക്ക് മാറ്റിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഏർപ്പാടാക്കിയില്ല. സൗകര്യങ്ങൾ ഏർപ്പെടുത്താനും പട്ടയം അനുവദിക്കാനുമായി കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടന്ന നിരന്തര പ്രക്ഷോഭം ഫലം കണ്ടു. 2001ൽ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കൈവശക്കാർക്ക് പട്ടയം കൊടുക്കാൻ സർക്കാർ തയ്യാറായി. പിന്നീട്, കൂടുതൽ കുടുംബങ്ങൾ ഇവിടേക്കെത്തി. വൃത്തിഹീനമായ സാഹചര്യം പകർച്ചവ്യാധികൾക്ക് കാരണമായി. കോർപറേഷൻ പദ്ധതികൾ പലതും പ്രഖ്യാപനങ്ങളിലൊതുങ്ങി. വർഷങ്ങളെടുത്ത് പൂർത്തിയാക്കിയ വികസന പദ്ധതികൾ പ്രവർത്തിപ്പിക്കാത്തതിനാൽ നാശത്തിന്റെ വക്കിലാണ്. ഉന്നതിയിലെ താമസക്കാർക്ക് അഭയനികേതന്റെ കൈവശമുള്ള സ്ഥലം ഉപയോഗിച്ച് ഫ്ലാറ്റ് മാതൃകയിൽ താമസ സൗകര്യം ഒരുക്കിക്കൊടുക്കണമെന്ന ആവശ്യവുമായി സിപിഐ എം എടക്കാട് ലോക്കൽ കമ്മിറ്റി 2021ൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശപ്രകാരം, വില്ലേജ് ഓഫീസർ തഹസിൽദാർക്ക് നൽകിയ റിപ്പോർട്ടിലും ഇവിടുത്തെ ശോച്യാവസ്ഥ ശരിവച്ചതാണ്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിരന്തര ഇടപെടലിന്റെ ഫലമായായി തോട്ടട സമാജ് വാദി ഉന്നതി പുനർനിർമാണത്തിനായി ഏഴുകോടി രൂപ അനുവദിച്ചു. സമാജ്വാദി ഉന്നതിക്ക് എതിർവശത്തുള്ള അഭയനികേതൻ വക നാലര ഏക്കർ സ്ഥലത്ത് പുനർനിർമാണം നടത്താനും തീരുമാനമായി. എന്നാൽ, അന്നത്തെ മേയറടക്കമുള്ള ട്രസ്റ്റിലെ അംഗങ്ങൾ അഭയനികേതൻ വക സ്ഥലം വിട്ടുകൊടുക്കുന്നതിന് തടസ്സം ഉന്നയിച്ചു. ചില ആളുകളെ ഉപയോഗിച്ച് പദ്ധതിക്കെതിരെ പ്രചാരണവും നടത്തി. 80 കുടുംബങ്ങൾക്ക് ഓരോ അപ്പാർട്ട്മെന്റിലും നാലുവീടുള്ള 20 യൂണിറ്റുകൾ. രണ്ട് കിടപ്പുമുറി, ബാത്ത് റൂം, ഹാൾ, അടുക്കള, വരാന്ത എന്നിവയടങ്ങുന്നതാണ് പദ്ധതിയിട്ട വീട്. എന്നാൽ, അന്ധമായ രാഷ്ട്രീയ വിരോധത്താൽ യുഡിഎഫ് ഭരണസമിതി ഇൗ ഭവനസമുച്ചയത്തെ ഇല്ലാതാക്കി.








0 comments