സ്വർണ വ്യാപാരിയെ ആക്രമിച്ച് കവർച്ച: ആർഎസ്എസ്സുകാരൻ അറസ്റ്റിൽ

ജിജിൽ
പയ്യന്നൂർ
ദേശീയപാതയിൽ എടാട്ട് സർവീസ് റോഡിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് കാറും മുപ്പത് പവനും ഒന്നരക്കോടി രൂപയും കവർച്ചചെയ്‌ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ആർഎസ്എസ് പ്രവർത്തകനായ കണ്ണപുരം ചെറുകുന്ന് പൂങ്കാവിലെ ആരംഭന്‍ ഹൗസില്‍ ജിജിലിനെ (കുട്ടു – 38)യാണ് കണ്ണൂര്‍ റൂറല്‍ എസ്‌പിയുടെ പ്രത്യേക അന്വേഷകസംഘം അറസ്റ്റുചെയ്തത്. തലശേരി ചിറക്കരയിൽ താമസിക്കുന്ന പെരിന്തൽമണ്ണയിലെ എഎസ്‌കെ ഗോൾഡ് വർക്ക്‌സ് ഉടമ കുമാർ ജലന്തർ നിഗവും കുടുംബവും സഞ്ചരിച്ച കാറാണ് ഒന്നിലേറെ വാഹനങ്ങളിലെത്തിയ സംഘം പിന്തുടർന്ന് കവർച്ചചെയ്‌തത്. ചിറക്കരയിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി അശോക് യശ്വന്തിന്റേതാണ് കാർ. പിലാത്തറ കോ– ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെത്തിച്ച് കാർ അടിച്ചുതകർക്കുകയായിരുന്നു. കാറിൽ രഹസ്യ അറകളുണ്ടോ എന്ന് പരിശോധിക്കാനാണ് തകർത്തതെന്നാണ് കരുതുന്നത്. പരിയാരം മെഡിക്കൽ കോളേജ് പൊലീസാണ് എഫ്ഐആർ രജിസ്റ്റർചെയ്ത് അന്വേഷണംതുടങ്ങിയത്. പിന്നീട് പയ്യന്നൂർ പൊലീസിന് കൈമാറി. സംഭവത്തിൽ കല്യാശേരി പാറക്കടവ് അങ്കണവാടിക്ക് സമീപം പി സനു സന്തോഷ് (42), മാലൂർ കുണ്ടേരിപ്പൊയിലിലെ വി അശ്വന്ത് (25) എന്നിവരെ അറസ്റ്റുചെയ്തിരുന്നു. തളിപ്പറമ്പിലെ ഫാം ഹൗസ് ഉടമയുടെ കൈവെട്ടിയ കേസിലും മൂന്നുവയസുകാനെ വീട്ടിൽക്കയറി കൊലപ്പെടുത്തുമെന്ന് വധഭീഷണി ഉയർത്തിയ കേസിലുമടക്കം നിരവധി ക്രിമിനൽകേസുകളിൽ പ്രതിയാണ് പിടിയിലായ ജിജിൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.










0 comments