2 വർഷത്തിനകം നിർമാണം പൂർത്തിയാക്കും കില സ്‌റ്റേഡിയം ടെൻഡറായി


സ്വന്തം ലേഖകൻ
Published on Nov 06, 2025, 02:00 AM | 2 min read
തളിപ്പറമ്പ്‍
കിഫ്‌ബിയുടെ രജതജൂബിലി വർഷത്തിൽ കില ക്യാമ്പസിൽ നിർമിക്കുന്ന ജില്ലാ സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്‌സും രണ്ടുവർഷത്തിനകം പ്രവർത്തനസജ്ജമാകും. രണ്ടുഘട്ടമായി 45കോടി രൂപയുടെ പദ്ധതി ടെൻഡറായി. നേരത്തെ സ്പോർട്സ് കേരള ഫൗണ്ടേഷൻ (എസ്‌കെഎഫ്) സമർപ്പിച്ച വിശദപദ്ധതി രേഖയ്‌ക്ക് കിഫ്‌ബി അംഗീകാരം നൽകിയിരുന്നു. ഇതിന് എസ്‌കെഎഫിന്റെ സാങ്കേതികാനുമതിയും ലഭ്യമായതോടെയാണ് ടെൻഡർ ക്ഷണിച്ചത്. സ്‌റ്റേഡിയം കോംപ്ലക്‌സ് നിർമാണപ്രവൃത്തി ഉദ്‌ഘാടനം ഉടൻ നടക്കും. രണ്ടുവർഷത്തിനുള്ളിൽ സ്‌റ്റേഡിയം നിർമാണം പൂർത്തിയാക്കാൻ എം വി ഗോവിന്ദൻ എംഎൽഎ നിർദേശിച്ചിട്ടുണ്ട്. കരിന്പത്തെ ക്യാന്പസിൽ നിർമിക്കുന്ന അക്കാദമിക് കോളേജിനോട് ചേർന്നുള്ള 10 ഏക്കർ സ്ഥലമാണ് സ്‌റ്റേഡിയം നിർമാണത്തിന് കില കൈമാറിയത്. മന്ത്രിമാരായ എം ബി രാജേഷ്, വി അബ്ദുറഹ്‌മാൻ, എം വി ഗോവിന്ദൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ കിഫ്‌ബി ഉദ്യോഗസ്ഥർകൂടി ഉൾപ്പെടെ ചേർന്ന യോഗത്തിലാണ് സ്ഥലം കൈമാറ്റം വേഗത്തിൽ നടത്തിയത്. ഇതിന്റെ തുടർച്ചയായി സ്റ്റേഡിയത്തിന്റെയും സ്പോർട്സ് കോംപ്ലക്സിന്റെയും നിർമാണ പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിന് കായിക മന്ത്രി വി അബ്ദുറഹിമാൻ, എം വി ഗോവിന്ദൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ അധികൃതർ, കിഫ്‌ബി ഉന്നത ഉദ്യോഗസ്ഥരുമായി തിരുവനന്തപുരത്ത് കഴിഞ്ഞ മാസം യോഗം ചേർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് അതിവേഗത്തിൽ ടെൻഡർ നടപടി ആരംഭിച്ചത്. അന്താരാഷ്ട്ര നിലവാരത്തോടെ ഉയരുന്ന സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര മത്സരങ്ങൾ നടത്താൻ സാധിക്കുന്ന ഫുട്‌ബോൾ സ്‌റ്റേഡിയം, എട്ട് ലൈൻ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, പവലിയൻ ഗ്യാലറി, ഇൻഡോർ സ്‌റ്റേഡിയം, കായികതാരങ്ങൾക്ക് വിശ്രമിക്കാനും താമസിക്കാനും സൗകര്യമുൾപ്പെടെയുള്ള അഡ്മിനിസ്‌ട്രേറ്റീവ് –ഹോസ്‌റ്റൽ ബ്ലോക്ക് എന്നിവയുൾപ്പെടെ ഉണ്ടാകും. സ്‌റ്റേഡിയത്തിന് ചുറ്റും ഇന്റർലോക്ക് വിരിച്ച് മനോഹരമാക്കുന്നതിനൊപ്പം ഫ്ലഡ്‌ലിറ്റുകളും സ്ഥാപിക്കും.
കായിക വികസനത്തിന് കരുത്താകും
കില ക്യാന്പസിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയവും സ്പോർട്സ് കോംപ്ലക്‌സും ഒരുങ്ങുന്നതോടെ സംസ്ഥാന കായിക ഭൂപടത്തിലും തളിപ്പറന്പ് ഇടംപിടിക്കും. ജില്ലയിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തിലേക്കുള്ള ചുവടുവയ്‌പിനാണ് തുടക്കമിടുന്നത്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ 11.7 കോടി ചെലവിൽ വിവിധ സ്‌റ്റേഡിയങ്ങൾ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഇൻഡോർ കോർട്ട്, ഹോസ്‌റ്റൽ ബ്ലോക്ക് എന്നിവയുൾപ്പെടെ ഒരുങ്ങുന്ന സ്‌റ്റേഡിയം വിവിധ കായിക മത്സരങ്ങൾക്ക് വേദിയാകുന്നതോടെ ഇൗ മേഖലയിലെ കായികപ്രേമികൾക്കും കായികതാരങ്ങൾക്കും ഇത് വലിയ മുതൽകൂട്ടാകും. തളിപ്പറന്പിലെ അടിസ്ഥാന–വിനോദ സഞ്ചാര വികസനത്തിന് ഇത് ആക്കംകൂട്ടും. എം വി ഗോവിന്ദൻ എംഎൽഎ










0 comments