ഇഷ്ട വാഹനങ്ങളുടെ കുഞ്ഞൻ മോഡലുകൾ തീർത്ത് നവാർ

നവാർ താൻ നിർമിച്ച വാഹനങ്ങളുടെ പതിപ്പുകൾക്കൊപ്പം
ഇ പ്രഭാകരൻ
Published on May 23, 2026, 02:00 AM | 1 min read
ആദികടലായി
അഞ്ചിൽ പഠിക്കുമ്പോൾ മനസിൽ കയറിക്കൂടിയതാണ് വാഹനങ്ങളോടുള്ള ഇഷ്ടം. ഒമ്പതിലെത്തുന്പോഴേക്കും ഇഷ്ടം ഇരട്ടിയായി. ആദികടലായിയിലെ ‘ഹംദ്’ എന്ന വീട്ടിലേക്ക് കയറിച്ചെല്ലുന്ന ആരെയും അത്ഭുതപ്പെടുത്തും നവാർ എന്ന പതിമൂന്നുകാരൻ തീർത്ത വാഹനങ്ങളുടെ ചെറുപതിപ്പുകൾ കണ്ടാൽ. ഇൗ അവധിക്കാലത്ത് ബസ്, ടിപ്പർ, ലോറി, ജീപ്പ്, റോൾസ് റോയ്സ് ഉൾപ്പെടെ ഒമ്പത് വാഹനങ്ങളാണ് നവാർ നിർമിച്ചത്. ഫോം ബോർഡും ചില്ലുകൾക്കായി ഗ്ലാസ് പേപ്പറുമുപയോഗിച്ചാണ് നിർമാണം. ഓരോ വണ്ടിയും പൂർത്തിയാകാൻ നാലുമുതൽ പത്തുവരെ ദിവസമെടുക്കും. ‘സ്തുതി’ എന്ന് അർഥം വരുന്ന ‘ഹംദ്’ എന്ന തന്റെ വീട്ടുപേരാണ് വണ്ടികൾക്കെല്ലാം നവാർ നൽകിയിരിക്കുന്നത്. ഇപ്പോൾ തന്റെ വീടിന്റെ ചെറുപതിപ്പ് നിർമിക്കാനുള്ള ഒരുക്കത്തിലാണ്. കണ്ണൂർ സിറ്റി ഗവ. എച്ച്എസ്എസ് വിദ്യാർഥിയായ നവാർ കഴിഞ്ഞ വർഷം പാലക്കാട്ട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സ്റ്റിൽ മോഡലിന് എ ഗ്രേഡ് നേടിയിരുന്നു. മുമ്പ് യുപി വിഭാഗത്തിൽ ജില്ലാതല ഗണിതശാസ്ത്ര മേളകളിൽ സ്റ്റിൽ മോഡലിന് സമ്മാനം നേടിയിട്ടുണ്ട്. ഇത്തവണ നാഷണൽ മെറിറ്റ് സ്കോളർഷിപ്പും നവാറിന് ലഭിച്ചു. നാട്ടിലെ വായനശാലകളിലെ വായനക്കളരികളിൽ സജീവ സാന്നിധ്യമാണ് നവാർ. റിട്ട. അറബിക് അധ്യാപകൻ ടി കെ മുഹമ്മദ് സാഹിറിന്റെയും വി ഫാത്തിമയുടെയും മകനാണ്. രാജസ്ഥാൻ ഹീറോ മോട്ടോഴ്സിൽ ജോലി ചെയ്യുന്ന മാഹിർ, കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർഥി നാജി എന്നിവരാണ് സഹോദരങ്ങൾ.








0 comments