ad
Deshabhimani

വ്യാപാരി വ്യവസായി സംഘം നിക്ഷേപത്തട്ടിപ്പ്‌

ഏകോപന സമിതി 
നേതാക്കളിലേക്കും അന്വേഷണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2026, 02:00 AM | 1 min read

തലശേരി

വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പിൽ അന്വേഷണം ഭരണസമിതി അംഗങ്ങളായ ഏകോപന സമിതി നേതാക്കളിലേക്കും. സംഘം പ്രസിഡന്റ്‌ യു വി ഖാലിദിനെയും ഭരണസമിതി അംഗങ്ങളെയും ചോദ്യംചെയ്യാൻ പൊലീസ്‌ തയാറെടുക്കുന്നു. ഭരണസമിതി അംഗങ്ങൾക്ക്‌ അടുത്ത ദിവസം തന്നെ നോട്ടീസ്‌ നൽകും. സംഘം ഓഫീസിൽനിന്ന്‌ ലഭിച്ച രേഖകൾ പൊലീസ്‌ പരിശോധിക്കുകയാണ്‌. വർഷങ്ങൾക്ക്‌ മുന്പ്‌ വായ്‌പയെടുത്ത പലരും തുക തിരിച്ചടച്ചിട്ടില്ലെന്നും കണ്ടെത്തി. 2020ന്‌ ശേഷം സംഘത്തിൽ ഓഡിറ്റും നടന്നിട്ടില്ല. ഓപ്പണിങ് ബാലൻസിലും വ്യക്തതയില്ല. ലോൺ ബുക്കിൽ പേരല്ലാതെ മറ്റു വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. അറസ്‌റ്റിലായ സംഘം സെക്രട്ടറി ജ്യോജിഷ്‌ തലശേരിയിലെ സ്വകാര്യസ്ഥാപനത്തിലും പാലയാട്ടെ സഹകരണ സ്ഥാപനത്തിലും സ്വർണം പണയംവച്ച രേഖകൾ കണ്ടെത്തി. ഇടപാടുകൾ സംബന്ധിച്ച വിവരം നൽകാൻ രണ്ട്‌ സ്ഥാപനത്തിനും നോട്ടീസ്‌ നൽകി. കെഎസ്‌എഫ്‌ഇയിൽ 10 ലക്ഷം രൂപയുടെ നാല്‌ ചിട്ടിക്ക്‌ ചേർന്നതിന്റെ രേഖകളും ലഭിച്ചു. ഫെഡറൽ ബാങ്ക്‌, എസ്‌ബിഐ, കേരള ബാങ്ക്‌ എന്നിവിടങ്ങളിലും ഇയാൾക്ക്‌ അക്ക‍ൗണ്ടുണ്ട്‌. ഇതിന്റെയെല്ലാം വിശദാംശങ്ങൾ തേടുകയാണ്‌. സ്വത്ത്‌ വിവരങ്ങൾ തേടി ജില്ലാ രജിസ്‌ട്രാറോഫീസിലും അന്വേഷകസംഘം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്‌. പ്രതിയുടെ സ്ഥാവര ജംഗമ വസ്‌തുക്കൾ പിടിച്ചെടുക്കാനുള്ള നടപടിയും തുടങ്ങി. ജ്യോജിഷിനെ കഴിഞ്ഞ ദിവസം ചോദ്യംചെയ്യാനായി കസ്‌റ്റഡിയിൽ വാങ്ങിയെങ്കിലും രക്തസമ്മർദം ഉയർന്നതിനാൽ തിരികെ ഹാജരാക്കുകയായിരുന്നു. വീണ്ടും കസ്‌റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. നിക്ഷേപം സ്വീകരിച്ചതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്‌. നിക്ഷേപം ഏകോപന സമിതി നേതാവിന്റെ ഷോപ്പിങ് കോംപ്ലക്‌സിനായി നൽകിയെന്നും പറയുന്നു. തട്ടിപ്പിനിരയായ മുഴുവൻ നിക്ഷേപകരും പരാതി നൽകിയിട്ടില്ല. സ്ഥാപനങ്ങൾക്ക്‌ 
മുന്നിൽ സമരത്തിന്‌ 
നിക്ഷേപകർ വ്യാപാരി വ്യവസായി സംഘം ഭരണസമിതി അംഗങ്ങളുടെ സ്ഥാപനങ്ങൾക്ക്‌ മുന്നിൽ കുത്തിയിരിപ്പ്‌ സമരം നടത്താൻ നിക്ഷേപകർ ആലോചിക്കുന്നു. വ്യാപാരിവ്യവസായി ഏകോപന സമിതി ആക്ടിങ് പ്രസിഡന്റും ഭരണസമിതി അംഗവുമായ കെ എൻ പ്രസാദിന്റെ എംസിപി സ്‌റ്റോറിന്‌ മുന്നിൽനിന്നായിരിക്കും സമരം തുടങ്ങുക. നിക്ഷേപത്തട്ടിപ്പിൽ കുടുങ്ങിയ സ്‌ത്രീകളെ ഇയാൾ അധിക്ഷേപിക്കുന്നതിൽ കൂടി പ്രതിഷേധിച്ചാണ്‌ ഇവിടെനിന്ന്‌ സമരം തുടങ്ങുന്നത്‌. ഏകോപന സമിതി ട്രഷറർ പി കെ നിസാറിന്റേതടക്കമുള്ള സ്ഥാപനങ്ങൾക്ക്‌ മുന്നിലും കുത്തിയിരിപ്പ്‌ സമരം നടത്തും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home