കളിമൺപാത്ര വിപണനത്തിന് പദ്ധതിയൊരുക്കും: മന്ത്രി ഒ ആർ കേളു

കണ്ണൂർ സംസ്ഥാനത്തെ കളിമൺപാത്ര നിർമാതാക്കൾ തയ്യാറാക്കുന്ന ഉൽപ്പന്നങ്ങൾ സർക്കാർ ഏറ്റെടുത്ത് വിപണനംചെയ്യുമെന്ന് മന്ത്രി ഒ ആർ കേളു. സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന വികസന കോർപറേഷൻവഴി ഇവ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കേരള മൺപാത്രനിർമാണ സമുദായ സഭ 19–ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുലാല, കുലാല നായർ വിഭാഗങ്ങൾക്ക് ഒഇസി സർട്ടിഫിക്കറ്റ് പുനരനുവദിക്കാനുള്ള പ്രവർത്തനം അന്തിമഘട്ടത്തിലാണ്. മൺപാത്രനിർമാണ തൊഴിൽ ചെയ്യുന്ന എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. ക്ഷേമനിധി ഉൾപ്പെടെ രൂപീകരിക്കാനുള്ള ആലോചനയുണ്ട്. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചുള്ള വികസന, ക്ഷേമ കാഴ്‌ചപ്പാടുമായാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു. ബി സുബാഷ് ബോസ് ആറ്റുകാൽ അധ്യക്ഷനായി. കളിമൺപാത്ര നിർമാണ വിപണന വികസന കോർപറേഷൻ ചെയർമാനായി ചുമതലയേറ്റ ബി സുബാഷ് ബോസ് ആറ്റുകാൽ, സർദാർ വല്ലഭായ് പട്ടേൽ സ്‌മൃതിദിനാഘോഷത്തിൽ പ്രസംഗിച്ച ഒ ആവണി, സമ്മേളന ലോഗോ രൂപകൽപ്പന ചെയ്‌ത വി വി കൃഷ്‌ണൻ കണ്ണപുരം എന്നിവരെ മന്ത്രി അനുമോദിച്ചു. ജി സിദ്ധാർഥൻ, പ്രഫുൽ കൃഷ്‌ണൻ, ഡോ. ശിവകുമാർ ചൗഡ ഷെട്ടി, സി കെ ചന്ദ്രൻ, വി വി പ്രഭാകരൻ, കെ ഭാസ്‌കരൻ, പി ടി രാജൻ, എ ജി ഉണ്ണികൃഷ്‌ണൻ, പി വി വിജയൻ, ലതിക രവീന്ദ്രൻ, പി കെ ജനാർദനൻ എന്നിവർ സംസാരിച്ചു. രാജേഷ് പാലങ്ങാട്ട് സ്വാഗതവും പി ചന്ദ്രൻ നന്ദിയും പറഞ്ഞു.










0 comments