ad
Deshabhimani

ന്യൂനപക്ഷ സാംസ്‌കാരിക കോ–ഓഡിനേഷൻ സെമിനാർ

മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി 
വന്ദേമാതരം പാടിക്കുന്നു: കെ ടി ജലീൽ

ന്യൂനപക്ഷ സാംസ്‌കാരിക കോ–ഓഡിനേഷനുകൾ കണ്ണൂരിൽ സംഘടിപ്പിച്ച ‘കേന്ദ്ര വഖഫ്‌ ബോർഡ്‌ നിയമ ഭേദഗതിയും യുഡിഎഫ്‌ സർക്കാർ സമീപനവും’ സെമിനാർ  മുൻ മന്ത്രി കെ ടി ജലീൽ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 22, 2026, 02:00 AM | 1 min read

കണ്ണൂർ

വന്ദേമാതരം മുഴുവൻ പാടിയില്ലെങ്കിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന്‌ മുഖ്യമന്ത്രി വി ഡി സതീശൻ പറയുന്നത്‌ ഏത്‌ നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന്‌ മുൻമന്ത്രി കെ ടി ജലീൽ ചോദിച്ചു. ലോകത്തൊരു കോടതിക്കും വന്ദേമാതരം പാടാത്തതിന്‌ ശിക്ഷിക്കാനാകില്ല. എന്നിട്ടും ആൾക്കാരെ പേടിപ്പിച്ച്‌ വന്ദേമാതരം പാടിപ്പിക്കുകയാണ്‌ മുഖ്യമന്ത്രി. എന്തിനാണ്‌ യുഡിഎഫ്‌ സർക്കാർ ബിജെപിക്ക്‌ ഇത്ര കീഴ്‌പ്പെട്ടുനിൽക്കുന്നത്‌. ന്യൂനപക്ഷ സാംസ്‌കാരിക കോ–ഓഡിനേഷനുകൾ കണ്ണൂരിൽ സംഘടിപ്പിച്ച ‘കേന്ദ്ര വഖഫ്‌ ബോർഡ്‌ നിയമ ഭേദഗതിയും യുഡിഎഫ്‌ സർക്കാർ സമീപനവും’ സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ബിജെപി മുഖ്യമന്ത്രിയില്ലെങ്കിലും മുഴുവൻ വൈസ്‌ചാൻസലർമാരും ആർഎസ്‌എസ്‌ പാദസേവകരായിക്കഴിഞ്ഞു. പിവിസി, രജിസ്‌ട്രാർ, ഫിനാൻസ്‌ ഓഫീസർ പദവികളൊക്കെ ആർഎസ്‌എസിന്‌ തീറെഴുതിക്കൊടുത്തു. ചാൻസലർ പദവിയിൽനിന്ന്‌ ബിജെപി ഗവർണർമാരെ മാറ്റാൻ എൽഡിഎഫ്‌ സർക്കാർ ശ്രമിച്ചപ്പോൾ കമ്യൂണിസ്‌റ്റുകാരെ കുത്തിനിറയ്‌ക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു അന്നത്തെ പ്രതിപക്ഷത്തിന്റെ ആരോപണം. കമ്യൂണിസ്‌റ്റുകാരാരും മതനിരപേക്ഷതയ്‌ക്ക്‌ എതിരായി ഒരു തീരുമാനവും എടുത്തിട്ടില്ല. ഇന്ത്യൻ ചരിത്ര ഗവേഷണ ക‍ൗൺസിലിൽ കമ്യൂണിസ്‌റ്റുകാരെ ഉൾപ്പെടുത്തണമെന്ന്‌ പറഞ്ഞത്‌ ഇന്ദിരാഗാന്ധിയാണെന്ന്‌ മറക്കരുത്‌. തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ തീവ്രവർഗീയത പ്രചരിപ്പിക്കുന്ന മുസ്ലിം ബിജെപിയാണ്‌ മുസ്ലിംലീഗ്‌. ഹിന്ദുത്വയെ ആർഎസ്‌എസ്‌ എങ്ങനെയാണോ ഉദ്ദീപിപ്പിക്കുന്നത്‌ സമാന രീതിയിൽ ജമാഅത്തെ ഇസ്ലാമിയെ മുന്നിൽനിർത്തി മുസ്ലിം വർഗീയത ആളിക്കത്തിക്കുകയാണ്‌. ഇസ്ലാം വിശ്വാസികൾക്ക്‌ കമ്യൂണിസ്‌റ്റ്‌ പാർടിയിൽ പ്രവർത്തിക്കാനാകില്ല എന്നാണ്‌ ലീഗ്‌ പ്രചരിപ്പിക്കുന്നത്‌. അതുകൊണ്ടാണ്‌ ആ തിട്ടൂരം വലിച്ചെറിഞ്ഞിട്ട്‌ ഞാൻ സിപിഐ എമ്മിൽ അംഗത്വമെടുത്തതെന്നും ജലീൽ പറഞ്ഞു. മുൻ സ്‌പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌, സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്‌, കെ വി സുമേഷ്‌ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ടി ഷബ്‌ന, എൽ വി മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. സാംസ്‌കാരികവേദി കൺവീനർ ഒ വി ജാഫർ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home