ad
Deshabhimani

ഉയരുന്നു റവന്യൂ ടവർ

തളിപ്പറന്പിന്‌ വികസന വേഗം

നിർമാണം പുരോഗമിക്കുന്ന തളിപ്പറന്പ്‌ റവന്യു ടവർ
avatar
രാജേഷ്​ ബക്കളം

Published on Feb 03, 2026, 03:00 AM | 1 min read

തളിപ്പറന്പ്‌

വിവിധ സേവനങ്ങൾക്ക്‌ കിലോമീറ്ററുകൾതാണ്ടി നഗരത്തിലെത്തുന്നവർ പല ഓഫീസുകളിൽ കയറിയിറങ്ങിയ കാലമുണ്ടായിരുന്നു തളിപ്പറന്പിൽ. അതെല്ലാം പഴങ്കഥയാവുകയാണ്‌. തളിപ്പറന്പിന്റെ മുഖഛായ മാറ്റുന്നതിനുള്ള പദ്ധതികൾക്കാണ്‌ എൽഡിഎഫ്‌ സർക്കാർ തുടക്കമിട്ടത്‌. അതിവേഗത്തിൽ മാറുകയാണ്‌ ഇ‍ൗ നഗരം. നഗരഹൃദയത്തിൽ റവന്യൂ ടവറിന്റെ നിർമാണം പുരോഗമിക്കുകയാണ്‌. തളിപ്പറന്പ്‌ താലൂക്ക് ഓഫീസ് വളപ്പിൽ 15 കോടിയോളം രൂപ ചെലവിലാണ്‌ അഞ്ചുനിലകളിലുള്ള റവന്യൂ ടവർ നിർമിക്കുന്നത്. മൂന്നുനില പൂർത്തിയായിവരുന്നു. താലൂക്ക് ഓഫീസ് കെട്ടിടത്തിലെയും മിനി സിവിൽ സ്റ്റേഷനിലെയും ഓഫീസുകൾ ഉടൻ പുതിയ കെട്ടിടത്തിലേക്ക്‌ മാറും. ഒന്നാംനിലയിൽ ആർഡിഒ ഓഫീസ്, ഡിഇഒ ഓഫീസ്, കോർട്ട് ഹാൾ, അഡ്വക്കേറ്റ് റൂം, മിനി കോൺഫറൻസ് ഹാൾ, ഇ- മണൽ ഓഫീസ് എന്നിവയും രണ്ടാം നിലയിൽ ഇലക്ഷൻ ഓഫീസും താലൂക്ക് ഓഫീസുമാണ് പ്രവർത്തിക്കുക. ഗ്രൗണ്ട് ഫ്ലോറിൽ തളിപ്പറമ്പ് വില്ലേജ് ഓഫീസ്, റെക്കോർഡ് റൂം, പാർക്കിങ് സൗകര്യങ്ങൾ, കാന്റീൻ എന്നിവ ഒരുക്കും. എം വി ഗോവിന്ദൻ എംഎൽഎയുടെയും റവന്യു വകുപ്പിന്റെയും മേൽനോട്ടത്തിലാണ്‌ നിർമാണം അതിവേഗം പുരോഗമിക്കുന്നത്‌. ​പൈതൃക നഗരമാക്കും വലിയ മലഞ്ചരക്ക്‌ കേന്ദ്രമായിരുന്നു മുന്പ്‌ തളിപ്പറന്പ്‌. പുതിയ ട‍ൗണുകൾ ഉയർന്നുവന്നതോടെ വ്യാപാര ആവശ്യങ്ങൾക്ക്‌ നഗരത്തിലെത്തുന്നവരുടെ എണ്ണം കുറഞ്ഞു. തീർഥാടന ടൂറിസത്തിന്റെ ഭാഗമായി നഗരത്തെ സ‍ൗന്ദര്യവൽക്കരിച്ച്‌ കൂടുതൽപേരെ തളിപ്പറന്പിലെത്തിക്കുകയാണ്‌ പൈതൃക നഗരിയിലൂടെ ലക്ഷ്യമിടുന്നത്‌.റവന്യൂ ടവർ നിർമാണം പൂർത്തിയായാൽ താലൂക്ക് ഓഫീസ് കെട്ടിടം പൈതൃകസ്വത്തായി സംരക്ഷിക്കും. 1910ൽ സ്ഥാപിച്ച താലൂക്ക്‌ ഓഫീസ്‌ തളിപ്പറമ്പിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിനോട്‌ ചേർന്നുനിൽക്കുന്നതാണ്‌. നിരവധി തടവറകളുള്ള ജയിൽ ഒരുകാലത്ത് ഇ‍ൗ ഓടിട്ട കെട്ടിടത്തിലാണ്‌ പ്രവർത്തിച്ചത്. പൊലീസ് സ്റ്റേഷൻ, ഡിവൈഎസ്‌പി ഓഫീസ് എന്നിവയും ഇ‍ൗ കെട്ടിടത്തിലായിരുന്നു. ഇവയെ സംരക്ഷിച്ച്‌ ചരിത്ര മ്യൂസിയമായി മാറ്റും.ആധുനിക നഗര സ‍ൗന്ദര്യ സങ്കൽപ്പങ്ങളിലേക്ക്‌ തളിപ്പറന്പിനെ മാറ്റുന്ന പ്രവൃത്തിയും ദ്രുതഗതിയിൽ നടക്കുകയാണ്‌. ഹരിത ഇടങ്ങൾ‍, നടപ്പാതകൾ, ഇരിപ്പിടങ്ങൾ, തെരുവുവിളക്കുകൾ, ചുമർചിത്രങ്ങൾ എന്നിവ പൂർത്തിയാകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home