ഏഴുകോടിയുടെ പദ്ധതി നിർമാണോദ്‌ഘാടനം നാളെ പഴയങ്ങാടിയിൽ പുതിയ അടിപ്പാത

പി പ്രകാശൻ
Published on Mar 05, 2026, 03:00 AM | 2 min read
കല്യാശേരി പഴയങ്ങാടി അടിപ്പാത വഴിയുള്ള യാത്ര ആരുടെയും സമയക്കണക്ക് കീഴ്‌മേൽ മറിച്ചുകളയും. ഇഴഞ്ഞിഴഞ്ഞുള്ള യാത്ര മനഃസമാധാനം തകർക്കും. അത്ര രൂക്ഷമായ കുരുക്കാണ് അടിപ്പാതയിൽ. മഴക്കാലമായാൽ ഭയാനകമാകും യാത്ര. ആ ചരിത്രം മാറുകയാണ്, തടസ്സമില്ലാത്ത യാത്രയ്‌ക്കായി പുതിയ അടിപ്പാത ഒരുങ്ങുകയാണ്. സംസ്ഥാന സർക്കാർ അനുവദിച്ച ഏഴ് കോടി രൂപ ഉപയോഗിച്ചാണ് പഴയങ്ങാടിയിൽ പുതിയ റെയിൽവേ അടിപ്പാത നിർമിക്കുന്നത്. പഴയ അടിപ്പാതയോട് ചേർന്ന് പുതിയത് നിർമിക്കുന്നതോടെ ഗതാഗതക്കുരുക്കിന് പൂർണമായും പരിഹാരമാകും. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പുതിയങ്ങാടി, മൊട്ടാമ്പ്രം, ചൂട്ടാട്, മാട്ടൂൽ ഉൾപ്പടെയുള്ള പ്രദേശത്തേക്കുള്ള കവാടമാണിത്. പഴയങ്ങാടിയിൽനിന്ന് പടിഞ്ഞാറൻ മേഖലയിലേക്കുള്ള യാത്രയ്‌ക്കും ഈ വഴിമാത്രമാണ് ആശ്രയം. താവം മേൽപ്പാലം വഴി വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്പോഴെല്ലാം ഗതാഗതം തിരിച്ചുവിടുന്നത് ഇതുവഴിയാണ്. പ്രദേശത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. ഈ ആഗ്രഹമാണ് എൽഡിഎഫ് സർക്കാർ സഫലീകരിച്ചത്. പുതിയ അടിപ്പാത നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം വിജിന്‍ എംഎൽഎ 2021 ഒക്ടോബര്‍ 13 ന് മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ എന്‍ ബാലഗോപാൽ, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, കേരള റോഡ്ഫണ്ട് എക്സിക്യൂട്ടീവ് എൻജിനിയര്‍ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. അടിപ്പാത അനുമതിക്കായി റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയതോടെ പദ്ധതിക്ക് ചിറകുമുളച്ചു. എംഎല്‍എയുടെ നേതൃത്വത്തില്‍ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര്‍ എസ് ഷൺമുഖം, അസി. എൻജിനിയര്‍ എം കെ ജഗദീശന്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് അസി. എക്സി. എൻജിനിയര്‍ കെ വി മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തിയിരുന്നു. നിലവിലുള്ള റെയില്‍വേ അടിപ്പാതയുടെ വീതി കുറവായതിനാൽ നിലവിലുള്ള അണ്ടര്‍പാസിന് സമീപത്തായി പുതിയ അടിപ്പാത നിര്‍മിക്കാൻ തീരുമാനിക്കുകയായിരുന്നു. അടിപ്പാതയിൽ ഉണ്ടായേക്കാവുന്ന മഴവെള്ളം ഒഴുക്കിക്കളയുന്നതിനായി സബ്ടാങ്ക്, ഓവുചാൽ, അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ, നിലവിലുള്ള റോഡ് അറ്റകുറ്റപ്പണി, സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കൽ എന്നിവയ്‌ക്ക് ഏഴ് കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ആറിന് വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം ചെയ്യും. എം വിജിൻ എംഎൽഎ അധ്യക്ഷനാകും.










0 comments