Deshabhimani

നഗരത്തിൽ 
ബ്ലോക്ക് ഷോ

കണ്ണൂരിൽ നടന്ന ഡ്രോൺ ഷോ കാണാൻ എത്തിയ ജനക്കൂട്ടം നഗരമധ്യത്തിലെ റോഡിൽ കുടുങ്ങിയപ്പോൾ. ഇടയിൽപെട്ട വാഹനങ്ങളുടെ നീണ്ട നിരയും കാണാം.  ബുധൻ രാത്രി 11ന്‌ തുടങ്ങിയ ഇ‍ൗ കുരുക്ക്‌ അവസാനിച്ചത്‌, വ്യാഴം പുലർച്ചെ ഒന്നിന്‌
വെബ് ഡെസ്ക്

Published on Oct 23, 2026, 01:30 AM | 1 min read

കണ്ണൂർ

കണ്ണൂർ ദസറയുടെ സമാപന ദിവസമായ ബുധൻ രാത്രി ജവഹർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഡ്രോണ്‍ ഷോ കാണാന്‍ വന്‍ ജനാവലി ഒഴുകിയെത്തിയത് കണ്ണൂര്‍ നഗരത്തെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടിച്ചു. ഡ്രോണ്‍ ഷോ പാളിപ്പോയ അമര്‍ഷത്തില്‍ നില്‍ക്കുന്ന കാണികള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍കൂടി അമര്‍ന്നതോടെ പലരുടെയും നിയന്ത്രണംവിട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും സമീപ ജില്ലകളിൽനിന്നുമായി പതിനായിരങ്ങളാണ് ഡ്രോണ്‍ ഷോ വീക്ഷിക്കാന്‍ എത്തിയത്. സംഘാടകര്‍ അറിയിച്ചതിലും നേരത്തെ ‌ ഡ്രോൺ ഷോ ആരംഭിച്ചതിനാൽ നഗരത്തിൽ എത്താനാവാതെ പലര്‍ക്കും പാതിവഴിയില്‍ വാഹനത്തിലുരുന്ന്‌ ഷോ കാണേണ്ടി വന്നു. കുരുക്കിൽപ്പെട്ടവര്‍ക്ക് ഡ്രോണ്‍ ഷോ ശരിക്കും കാണാനുമായില്ല. പൊലീസ് പരേഡ് ഗ്രൗണ്ട്, പൊലീസ് മൈതാനം, സ്റ്റേഡിയം കോര്‍ണര്‍, കണ്ണൂര്‍ കാല്‍ടെക്സ് ജങ്‌ഷന്‍ എന്നിവിടങ്ങളിലും നഗരത്തിലെ പ്രധാന റോഡുകളിലും ആളുകള്‍ തടിച്ചുകൂടിയതോടെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. റോഡുകളിലെ ഇരുവശങ്ങളിലും ഇരുചക്രവാഹനങ്ങളും കാറുകളും നിര്‍ത്തിയിട്ടതും ഗതാഗതക്കുരുക്ക് വർധിക്കാൻ കാരണമായി. നൂറുകണക്കിന് പൊലീസുകാർ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും കുരുക്കഴിക്കാനാവാതെ അവർ വലഞ്ഞു. 10 മിനിറ്റിൽ ഡ്രോണ്‍ ഷോ കഴിഞ്ഞ് ആളുകള്‍ മടങ്ങാന്‍ തുടങ്ങിയതോടെ നഗരം ഗതാഗതക്കുരുക്കില്‍ നിശ്ചലമായി. ജവഹര്‍ സ്റ്റേഡിയത്തില്‍നിന്നും ഷോ കഴിഞ്ഞ് മടങ്ങിയവര്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ അടുത്തെത്താന്‍ തന്നെ ഏറെ സമയമെടുത്തു. വാഹനത്തില്‍ കയറിയശേഷം നഗരത്തിന് പുറത്തേക്ക് കടക്കാനാവാതെ വാഹനയാത്രക്കാര്‍ മണിക്കൂറുകളോളം പ്രയാസപ്പെട്ടു. വ്യാഴം പുലർച്ചെവരെ ഇതുനീണ്ടു. ഇരുചക്രവാഹനയാത്രക്കാര്‍ തമ്മില്‍ പലയിടത്തും വാക്കേറ്റവും ഉണ്ടായി. ഇത്രയും ആളൂകള്‍ കൂട്ടത്തോടെ എത്തുമെന്ന് അറിഞ്ഞിട്ടും ഗതാഗതം നിയന്ത്രിക്കാന്‍ കൃത്യമായ സംവിധാനം ഏര്‍പ്പെടുത്താതിരുന്ന കോര്‍പ്പറേഷന്‍ ഭരണസമിതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വാഹനയാത്രക്കാര്‍ നടത്തിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home