പ്രായം വെറും അക്കം എൺപതിൽ ഏഴാം ഭൂഖണ്ഡത്തിലേക്ക് ഡോ. നാരായണൻ

മട്ടന്നൂർ സുരേന്ദ്രൻ
Published on Nov 10, 2025, 03:00 AM | 2 min read
മട്ടന്നൂർ പ്രായമാകുമ്പോൾ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ സുരക്ഷിതത്വം തേടുന്ന മനുഷ്യർക്ക് മുന്നിൽ. ഡോ. നാരായണൻ പുതുശേരി വേറിട്ട ചരിത്രമാണ് സൃഷ്ടിക്കുന്നത്. മട്ടന്നൂർ ഗാന്ധി റോഡ് മിഥിലയിലെ എൺപതിലേക്ക് കടക്കുന്ന ഡോ. നാരായണൻ പുതുശ്ശേരി ലോകത്തിലെ ആറ് ഭൂഖണ്ഡങ്ങളിൽ ഇതിനകം യാത്രചെയ്തുകഴിഞ്ഞു. ഏഴാമത്തെ ഭൂഖണ്ഡമായ ഓസ്ട്രേലിയയിലേക്ക് യാത്രതിരിക്കുകയാണ്. ന്യൂസിലൻഡും സന്ദർശിക്കും. വരുന്ന വ്യാഴം രാത്രി നെടുമ്പാശ്ശേരി വിമാനത്തവളത്തിൽനിന്ന് പറന്നുയരുമ്പോൾ പ്രായം വെറും ഒരു അക്കം മാത്രമാണെന്ന യാഥാർഥ്യമാകും അദ്ദേഹം ലോകത്തോട് വിളിച്ചുപറയുന്നത്. നേവിയിൽനിന്ന് മാർഷൽചീഫ് പെറ്റി ഓഫീസറായി വിരമിച്ച അദ്ദേഹം ഇതിനകം 47 രാജ്യങ്ങൾ സന്ദർശിച്ചുകഴിഞ്ഞു. ഏഴാമത്തെ വൻകരയുടെ സന്ദർശനത്തോടെ 49 രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാകും. 50 രാജ്യങ്ങളെങ്കിലും സന്ദർശിക്കണമെന്ന മോഹമാണ് ഈ എൺപതുകാരന്. കുട്ടിക്കാലം മുതൽ യാത്രയോടുള്ള പ്രണയം ആവേശംക്കെടാതെ പ്രായത്തെ തോൽപ്പിച്ചും തുടരുകയാണ്. മട്ടന്നൂർ ശിവപുരം യുപി സ്കൂളിൽ ഏഴാംക്ലാസിൽ പഠിക്കുമ്പോൾ സമ്മാനമായി കിട്ടിയ എസ് കെ പൊറ്റെക്കാട്ടിന്റെ ‘പാതിരാസൂര്യന്റെ നാട്ടിൽ’ എന്ന ഫിൻലൻഡിനെക്കുറിച്ചുള്ള യാത്രാനുഭവങ്ങൾ പങ്കുവയ്‌ക്കുന്ന പുസ്തകം വായിച്ചതോടെയാണ് യാത്രകളോട് അദ്ദേഹത്തിന് പ്രത്യേക ഇഷ്ടം തോന്നാനിടയാക്കിയത്. പിന്നീട് ഫിൻലൻഡിൽ പോകാനും കഴിഞ്ഞു. 1970ൽ കശ്മീരിൽ ഒറ്റക്ക് യാത്രചെയ്തു. ശ്രീലങ്ക, മാലിദ്വീപ്, മൗറീഷ്യസ് എന്നിവിടങ്ങളിൽ ഡ്യൂട്ടിയുടെ ഭാഗമായി പാസ്പോർട്ടില്ലാതെ യാത്രചെയ്തു. നേപ്പാൾ, ബൂട്ടാൻ എന്നീ രാജ്യങ്ങളും സന്ദർശിച്ചു. നേപ്പാൾവഴി കൈലാസയാത്ര നടത്തി. 2008ൽ തായ്വാനിൽ ജൈവ കൃഷിയെക്കുറിച്ചുള്ള ഒരു സെമിനാറിൽ സംബന്ധിക്കാനായി. തായ്ലൻഡ്, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളും സന്ദർശിച്ചു. 2018ൽ യൂറോപ്പിൽ 10 രാജ്യങ്ങളാണ് സന്ദർശിച്ചത്. 2019ൽ ഐക്യരാഷ്ട്രസഭയിൽ സുസ്ഥിര വികസനം എന്ന വിഷയത്തിൽ പങ്കെടുക്കാൻ അമേരിക്കയിലെത്തി. 2022ൽ സൗത്ത് അമേരിക്കയിൽ. അന്റാർട്ടിക്ക വൻകരയിൽ പോയെങ്കിലും ഇറങ്ങാൻ അനുമതിയുണ്ടായിരുന്നില്ല. അതുകാരണം ചുറ്റുമുള്ള അയലൻഡ് വഴി 14 ദിവസം കപ്പലിൽ യാത്രചെയ്തു. ഈ വർഷവും അമേരിക്ക, കാനഡ, അലാസ്ക എന്നിവിടങ്ങളിൽ യാത്ര നടത്തി. 1964ലാണ് നേവിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. പുണെ ലോനാവ്ലയിലെ മറൈൻ എൻജിനിയറിങ് കോളേജിൽ അഞ്ചുവർഷത്തെ തീവ്രപരിശീലനത്തിനുശേഷം 1968ൽ ഫെബ്രുവരിയിൽ ഐഎൻഎസ് കഠാർ കപ്പലിൽ നിയമനം. അതിനിടെ 1965ലെ ഇന്ത്യ -പാക്കിസ്ഥാൻ യുദ്ധത്തിലും പങ്കെടുത്തു.









0 comments