മാറി നടക്കൂ; ദുരന്തം തലയിൽ വീഴും

കണ്ണൂർ വഴിയോര കച്ചവടക്കാർക്ക് ലൈസൻസ് നൽകി പുനരധിവസിപ്പിക്കുക എന്നതാണ് ജനകീയ തദ്ദേശ സ്ഥാപനങ്ങൾ ചെയ്യുന്നത്. എന്നാൽ കണ്ണൂരിൽമാത്രം അത്തരം ഏർപ്പാടൊന്നും കാര്യമായില്ല. ലൈസൻസില്ലാത്ത കാരണത്താൽ എട്ടും പത്തും വർഷംവരെയുള്ളവരെയാണ് വഴിയാധാരമാക്കുന്നത്. പയ്യാന്പലത്തും മറ്റും കുടിയിറക്കൽ ഭീഷണി നേരിടുന്നവർ ആവശ്യപ്പെടുന്നതും തങ്ങൾക്ക് ലൈസൻസ് നൽകണമെന്നാണ്. ഇത്തരം അനീതി ഒരുവഴിക്ക് നടക്കുന്പോൾ, നഗരത്തിൽ നികുതിയടച്ച് പ്രവർത്തിക്കുന്ന പഴയ കാല കെട്ടിടങ്ങളുടെ അവസ്ഥ ഇതിന്റെ മറുപുറമാണ്. കാലപഴക്കംകൊണ്ട് ബലക്ഷയംവന്ന് അപകടാവസ്ഥയിലായ കെട്ടിടങ്ങളിലാണ് നഗരത്തിൽ പലയിടത്തും സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. കാലവർഷം ആഞ്ഞടിച്ചാൽ നിലം പൊത്താവുന്നത്ര ഭീഷണിയിലുള്ള കെട്ടിടങ്ങൾ, കോർപറേഷന്റെ ഗുരുതരമായ അനാസ്ഥയുടെ ഉദാഹരണങ്ങളാണ്. കഴിഞ്ഞ ഒന്പതിന് തളാപ്പ് എൽഐസി ഓഫീസ് പരിസരത്തെ എൻകെബിടി പെട്രോൾ പമ്പിന് പിറകിലെ വാട്ടർ സർവീസ് സ്‌റ്റേഷൻ കെട്ടിടവും മതിലും കനത്ത മഴയിൽ തകർന്നു. കാർഷിക വികസന ബാങ്കിന് മുന്നിലെ റോഡിലേക്കാണ് കെട്ടിടം വീണത്. അവശിഷ്ടത്തിനിടയിൽ ആരെങ്കിലും പെട്ടിട്ടുണ്ടാകുമെന്ന സംശയത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊലീസും അഗ്നിരക്ഷസേനയും അവശിഷ്ടങ്ങൾ നീക്കിയതിന് ശേഷമാണ് ആശങ്ക അകന്നത്. അപ്പേഴും നോക്കുകുത്തിയായി നിൽക്കുകയായിരുന്നു കോർപറേഷൻ. ആസ്ഥാന മന്ദിരത്തിനടുത്ത് നിന്ന് വിളിപ്പാടകലെ ഒഴിവായിപ്പോയ ദുരന്തവും ഇവരുടെ കണ്ണുതുറപ്പിച്ചില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ട കോർപറേഷൻ അപകട ഭീഷണിയുള്ള കെട്ടിടങ്ങൾ കാലവർഷത്തിന്‌മുന്നേ പരിശോധിച്ച് നടപടി എടുത്തിരുന്നുവെങ്കിൽ ഇത്തരം അപകടം ഒഴിവാക്കമായിരുന്നു. ആകെയുണ്ടായത് അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ നോട്ടീസ് നൽകാൻ മേയർ തീരുമാനിച്ചതാണ്. പഴയ ബസ് സ്റ്റാൻഡിലെ പഴകിയകെട്ടിടം പൊളിച്ചു മാറ്റി ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വെറുതെയായി. കണ്ണൂർ കാൽടെക്സിൽ എസ്ബിഐ ബാങ്ക് പ്രവർത്തിച്ച കെട്ടിടം അപകടാവസ്ഥയിലായിട്ട് നാളുകൾ ഏറെയായി. ആറ് മാസം മുൻപ് കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നുവീണതാണ്. കണ്ണൂർ സ്‌റ്റേഡിയം കോപ്ലക്സിലെ അടച്ചിട്ട ഭാഗവും തകർന്നു വീഴാറായ നിലയിലാണ്.











0 comments