Deshabhimani

കെടിഡിസി മലബാർ കോർട്ട് യാർഡ് ഉദ്‌ഘാടനത്തിനൊരുങ്ങി പഞ്ചനക്ഷത്ര തിളക്കത്തിൽ മുഴപ്പിലങ്ങാട്‌ തീരം

ഉദ്ഘാടനത്തിനൊരുങ്ങിയ കെടിഡിസി മലബാർ കോർട്ട് യാർഡ്
avatar
ഇ പ്രഭാകരൻ

Published on Feb 11, 2026, 03:00 AM | 2 min read

മുഴപ്പിലങ്ങാട് ലോകമെന്പാടുംനിന്നും കണ്ണൂർ കാഴ്‌ചകൾ തേടിയെടുത്തുന്ന സഞ്ചാരികൾക്കായി മുഴപ്പിലങ്ങാട്‌ തീരത്ത്‌ പഞ്ചനക്ഷത്ര റിസോർട്ട്‌ നിർമാണം പൂർത്തിയായി. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട്‌ കെടിഡിസി 54 കോടി ചെലവഴിച്ചാണ്‌ ആറര ഏക്കറിൽ പ്രീമിയം റിസോർട്ട്‌ പണികഴിപ്പിച്ചത്‌. ആറര ഏക്കറിലാണ്‌ ആധുനിക സ‍ൗകര്യങ്ങളുള്ള അതിമനോഹരമായ റിസോർട്ട്‌ സമുച്ചയം. ഡ്രൈവിങ്‌ സ‍ൗകര്യമുള്ള ലോകത്തിലെ ഏറ്റവും മികച്ച ആറ് ബീച്ചുകളിലൊന്നാണ്‌ മുഴപ്പിലങ്ങാട്. 3.8 കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന വിശാലമായ തീരം ഇ‍ൗ നാടിനെ ലോകടൂറിസം ഭൂപടത്തിൽ മോഹിപ്പിക്കുന്ന ഇടമായി അടയാളപ്പെടുത്തുന്നു. റിസോർട്ട് പ്രവർത്തനം ആരംഭിക്കുന്നതോടെ വിനോദ സഞ്ചാരികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഇടമായി മുഴപ്പിലങ്ങാട് മാറും. വടക്കൻ മലബാറിലെ വിനോദസഞ്ചാര വികസനത്തിന്‌ റിസോർട്ട്‌ വഴിയൊരുക്കും. സഞ്ചാരികളെ ആകർഷിക്കാൻ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി സംസ്ഥാന സർക്കാർ ഒപ്പം നിന്നതോടെയാണ്‌ പഞ്ചനക്ഷത്ര റിസോർട്ടിന്‌ വഴിയൊരുങ്ങിയത്‌. ‘കെടിഡിസി മലബാർ കോർട്ട് യാർഡ്’ കണ്ണൂരിലെ ആദ്യ പഞ്ചനക്ഷത്ര റിസോർട്ടാണ്‌. ഫെബ്രുവരി മൂന്നാം വാരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ​മുഴപ്പിലങ്ങാട് തീരത്ത്‌ ലോകമെന്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കാൻ പറ്റിയ ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും അഭാവം പരിഗണിച്ചാണ്‌ പദ്ധതി. എട്ട് സ്യൂട്ടുകൾ ഉൾപ്പെടെ 40 മുറികളുണ്ട്‌. വിവിധ രാജ്യങ്ങളിലെ വിഭവങ്ങൾ ലഭ്യമാവുന്ന റസ്‌റ്റോറന്റ്‌, ബാർ, സ്പാ, നീന്തൽക്കുളം, ബില്യാർഡ്, ടേബിൾ ടെന്നീസ്, സ്നൂക്കർ സൗകര്യങ്ങൾ, കുട്ടികൾക്കുള്ള കളിയിടം, 150 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ബാങ്ക്വറ്റ്‌ ഹാൾ, 30 പേർക്കുള്ള ബോർഡ് റൂം, 20 പേർക്കുള്ള ബിസിനസ്സ് സെന്റർ എന്നിവയും മലബാർ കോർട്ട് യാർഡിന്റെ ഭാഗമാണ്‌. യോഗങ്ങൾ, ഒത്തുചേരലുകൾ, സ്വകാര്യ ചടങ്ങുകൾ എന്നിവ ഉൾപ്പെടെ ഇവിടെ നടത്താനാകും. ക്യാമ്പ് ഫയർ, ലൈവ് മ്യൂസിക് ബാൻഡ്‌, ഡിജെ പാർട്ടി എന്നിവയും ഒരുക്കും. സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, കോണ്ടിനെന്റൽ, ചൈനീസ് വിഭവങ്ങൾ എന്നിവ ലഭിക്കുന്ന റസ്‌റ്റോറന്റ്‌ താമസക്കാർക്കൊപ്പം പൊതുജനങ്ങൾക്കും ഉപയോഗിക്കാനാകും. രണ്ടാംഘട്ടമായി 2.65 ഏക്കറിൽ പഗോഡ മാതൃകയിൽ 1000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന കൺവൻഷൻ സെന്ററും പണിയുന്നുണ്ട്‌. ജില്ലയിലെ ഏറ്റവും വലിയ കൺവൻഷൻ സെന്ററായി ഇത് മാറും. ഭാവിയിൽ സാഹസിക വിനോദങ്ങൾ, ഭക്ഷ്യമേളകൾ എന്നിവയും സംഘടിപ്പിക്കാൻ ഉദ്ദേശിക്കു ന്നതായി ജനറൽ മാനേജർ സുജിൽ മാത്യുവും ഫുഡ് ആൻഡ്‌ ബിവറേജ് അസി. മാനേജർ സുർജിത്ത് ഉണ്ണികൃഷ്ണനും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home