ad
Deshabhimani

ഗൗരി പാടി തീയായി, മഴയായി

ഗൗരി ലക്ഷ്മി സംഗീതപരിപാടി അവതരിപ്പിക്കുന്നു
avatar
ബിജു കാർത്തിക്

Published on Feb 16, 2026, 03:00 AM | 1 min read

പയ്യന്നൂർ മഴമേഘങ്ങൾ ആകാശത്തിലൂടെ ഒഴുകിപ്പടരുംപോലെ ഈണങ്ങൾ സദസ്സിലലിയുകയായിരുന്നു. പയ്യന്നൂർ കാത്തിരുന്ന മ്യൂസിക്കൽ നൈറ്റിൽ ഗൗരിലക്ഷ്മി ഫയർ ബ്രാൻഡായി ആളിപ്പടർന്നു. ഓരോ പാട്ട്‌ തീരുമ്പോഴും ആവേശംകൊണ്ട് സദസ്സിൽ സന്തോഷത്തിന്റെ പൂത്തിരികൾ ആർപ്പുവിളികളായി ആകാശം തൊട്ടു. ശാസ്ത്രീയസംഗീതം മുതൽ പോപ്പും റാപ്പും ചേർത്ത് സംഗീതത്തിന്റെ സാമ്പ്രദായിക രീതികളെ മറികടന്നുള്ള അവതരണത്തിലൂടെ പയ്യന്നൂരിനെ കൈയിലെടുക്കുകയായിരുനു ഗൗരിലക്ഷ്മി. ദേവരാഗത്തിലെ 'താഴംപൂ മുടിമുടിച്ചേ' എന്ന് പാടി വേദിയിലെത്തിയ ഗൗരി ‘അതിര് കാക്കും മലയൊന്ന് തുടുത്തേ'യിലൂടെ പതിയെ "പ്രണയമണിത്തൂവൽ പൊഴിയും പവിഴ മഴ’ പെയ്യിച്ചുകൊണ്ട് ആസ്വാദകരെ ആവേശത്തിലാറാടിച്ചു. മെഗാഷോ വേദിക്ക് തൊട്ടരികെ, ചരിത്രമെഴുതിയ ഗാന്ധി മൈതാനത്തിന്റെ സ്മരണകളെ സാക്ഷിയാക്കി എക്കാലത്തെയും ഹിറ്റായ ‘ബലികുടീരങ്ങളേ' പാടിയപ്പോൾ ജനാവലിയാകെ സമരപുളകമണിഞ്ഞു. ഭൂപടങ്ങളിലൊരു ഇന്ത്യ വിടർന്നുവെന്ന ഗാനത്തിന് പശ്ചാത്തലമായി പുറകിലെ ഡിജിറ്റൽ വാളിൽ വിപ്ലവ ചിഹ്നമായ അരിവാൾ ചുറ്റിക നിറഞ്ഞുനിന്നു. കഥകളി പദങ്ങൾക്കൊപ്പം കർണാടിക് കൃതികളും ഹിപ് ഹോപ്പും ഗിറ്റാറും കൂട്ടിച്ചേർത്ത 'അജിതാ ഹരേ ജയാ മാധവാ വിഷ്ണൂ.... ' , പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ ‘കൃഷ്ണ കൃഷ്ണ ഹരേ’ യും പാടിത്തീർന്നപ്പോൾ സദസ് സംഗീതത്തിന്റെ മറ്റൊരു മാസ്‌മരിക ലോകത്തെത്തിയിരുന്നു. എന്റെ പേര് പെണ്ണ്... എന്ന്‌ തുടങ്ങിയ ‘മുറിവേറ്റവൾ’ പാടിയപ്പോൾ തന്റെ പാട്ടിനും വസ്ത്രത്തിനുമെതിരെ അശ്ലീല കമന്റിട്ടതിന്റെ സ്ക്രീൻ ഷോട്ടുകൾ സഹിതം പിറകിലെ സ്ക്രീനിൽ നിറഞ്ഞു. പെൺതനിമയുടെ ഭാഷയിൽ അവൾക്കൊപ്പം മാത്രം എന്ന് പറയാതെ പറയുകയായിരുന്നു ഗൗരി. ഓരോ ഗാനം കഴിയുമ്പോഴും വെറുമൊരു തൂവലിന്റെ കനത്തിൽ ആസ്വാദകർ പാട്ടുകളിൽ ലയിച്ചിരുന്നു. ഇത് പയ്യന്നൂരിന് മറക്കാനാവാത്ത സംഗീതരാവ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home