ad
Deshabhimani

ചാല്‍ ബീച്ചില്‍ ‘സുനാമി'..!

ചാല്‍ ബീച്ചില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സുനാമി മോക്-ഡ്രില്ലിന്റെ ഭാഗമായി ചാൽ ബീച്ചിൽനിന്ന് പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു

ചാല്‍ ബീച്ചില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സുനാമി മോക്-ഡ്രില്ലിന്റെ ഭാഗമായി ചാൽ ബീച്ചിൽനിന്ന് പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 02:00 AM | 1 min read

കണ്ണൂർ

ശാന്തമായിരുന്ന കടലില്‍ അസ്വാഭാവിക തിരയിളക്കം. ഇരുണ്ടുമൂടി മഴയുമെത്തിയതോടെ കടല്‍ രൗദ്രമായി. താലൂക്കിലെ ഐആര്‍എസ് നിയന്ത്രണ മുറിയില്‍നിന്ന്‌ ചാല്‍ ബീച്ചിന് സമീപം സുനാമി സാധ്യതാ മുന്നറിയിപ്പെത്തിയതോടെ അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയുമെല്ലാം വാഹനങ്ങളും ആംബുലന്‍സുകളുമെല്ലാം കടത്തീരത്തേക്ക്. സന്നാഹങ്ങൾകണ്ട പ്രദേശവാസികളും നാട്ടുകാരും അമ്പരന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഒഴിപ്പിക്കല്‍ നടപടികളുടെ നേര്‍ക്കാഴ്ചകള്‍ക്കാണ് പിന്നീട് തീരം സാക്ഷ്യംവഹിച്ചത്. മണിക്കൂറുകള്‍നീണ്ട കൂട്ടായ പരിശ്രമങ്ങളില്‍ അമ്പതോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതോടെ ആശങ്കകള്‍ക്ക്‌ വിരാമമായി. ​ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശാനുസരണം അഴീക്കോട് ചാല്‍ ബീച്ചില്‍ നടന്ന റെഡി സുനാമി മോക് ഡ്രില്ലാണ് ദുരന്ത പ്രതികരണ മുന്നൊരുക്കത്തിന്റെ മാതൃകയായത്. റവന്യു, അഗ്നിരക്ഷാസേന, വിവിധ വകുപ്പുകൾ, സന്നദ്ധ പ്രവര്‍ത്തകർ തുടങ്ങിയവർ മോക് ഡ്രില്ലില്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. പ്രദേശത്ത് അപായ സൈറൺ മുഴക്കിയശേഷം വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും അതിവേഗം ആളുകളെ കുടിയൊഴിപ്പിക്കുകയായിരുന്നു ആദ്യ നടപടി. ഗര്‍ഭിണികള്‍, കുട്ടികള്‍, കിടപ്പുരോഗികള്‍ എന്നിവരെയെല്ലാം ആദ്യ സുരക്ഷിതകേന്ദ്രമായ ഇഎംഎസ് വായനശാലയിലെത്തിച്ചു. അവശരായവര്‍ക്കെല്ലാം പ്രാഥമിക ചികിത്സനല്‍കി മറ്റ്‌ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദുരന്തപ്രതികരണത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കല്‍, ഇതര വകുപ്പുകളുടെ ഏകോപനം എന്നിവയെല്ലാം മോക്ഡ്രില്ലിന് ശേഷം വിലയിരുത്തി. ​അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ സനില, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സി വി മോഹനന്‍, ഫൈസല്‍ വള്ളിയോട്ട്, പ്രജോഷ് പുരുഷോത്തമന്‍, അസിസ്റ്റന്റ് എംവിഐ കെ കെ ജിതേഷ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഫയര്‍ ഓഫീസര്‍ ബി ജോയ്, കോസ്റ്റല്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം പി അനില്‍കുമാര്‍, ബിഡിഒ കെ സീമ, ഡോ. സുമന്‍ മോഹന്‍, കെ ഷൈനി തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ സുരേശന്‍, ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് എസ് ഐശ്വര്യ, തസ്ലീം ഫാസില്‍, അഴീക്കോട്‌ നോര്‍ത്ത്‌ വില്ലേജ് ഓഫീസര്‍ ഇ രതീഷ്, ഡോ. മിനി ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home