ad
Deshabhimani

തനിമ ചോരാത്ത ക്രിസ്‌തു ചിത്രം; ആകൃഷ്‌ടനായി മാർപാപ്പ

marpapa

ചേർത്തല വിൽട്ടൺ വീവേഴ്‌സ്‌ നിർമിച്ച യേശുക്രിസ്‌തുവിന്റെ ചിത്രം ആലപ്പുഴ ബിഷപ്‌ ഡോ. ജെയിംസ്‌ റാഫേൽ ആനാപറമ്പിൽ വത്തിക്കാൻ സന്ദർശിക്കവെ മാർപാപ്പയ്‌ക്ക്‌ കൈമാറിയപ്പോൾ

വെബ് ഡെസ്ക്

Published on Aug 14, 2026, 02:34 AM | 1 min read

സ്വന്തം ലേഖകൻ

ചേർത്തല

ചേർത്തല വിൽട്ടൺ വീവേഴ്സ് നിർമിച്ച യേശുക്രിസ്‌തുവിന്റെ ചിത്രം ലിയോ പതിനാലാമൻ മാർപാപ്പയ്‌ക്ക്‌ സ്‌നേഹസമ്മാനമായി. കന്പിളിയിൽ ഒരുക്കിയ ചിത്രം ആലപ്പുഴ രൂപത ബിഷപ്‌ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിലാണ്‌ പാപ്പയ്‌ക്ക്‌ സമ്മാനിച്ചത്‌. ചിത്രത്തിന്റെ വേറിട്ട നിർമിതിയിൽ ആകൃഷ്‌ടനായ പാപ്പ ചിത്രം നിർമിച്ചവർക്ക്‌ അഭിനന്ദനസന്ദേശം കൈമാറി. വത്തിക്കാൻ സന്ദർശനത്തിലാണ് ബിഷപ്‌ ചിത്രം മാർപാപ്പയ്‌ക്ക്‌ സമ്മാനിച്ചത്. മാർപാപ്പ നിർമാതാക്കളുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. രാജ്യത്തെ പ്രമുഖ കയറുൽപ്പന്ന കയറ്റുമതിസ്ഥാപനം ചേർത്തല വിൽട്ടൺ വീവേഴ്സാണ് ചിത്രം തയ്യാറാക്കിയത്. സ്ഥാപനത്തിൽ സൗഹൃദ സന്ദർശനത്തിന്‌ എത്തിയപ്പോഴാണ്‌ ബിഷപ്‌ ക്രിസ്‌തുവിന്റെ ചിത്രം പാപ്പയ്‌ക്ക്‌ സമ്മാനമായി തെരഞ്ഞെടുത്തത്. ബിഷപ്പിന്റെ യാത്രയ്‌ക്ക്‌ മുന്നോടിയായി ചിത്രം കൊറിയറിൽ കമ്പനി വത്തിക്കാനിലേക്ക്‌ അയച്ചു. ബിഷപ്‌ തന്നെയാണ് ചിത്രമൊരുക്കിയ വിൽട്ടൺ വീവേഴ്‌സിന്റെയും മാതൃസ്ഥാപനം ടിഎംഎംസിയുടെയും വിവരങ്ങളും സാമൂഹ്യപ്രതിബദ്ധതയും പാപ്പയെ അറിയിച്ചത്. ഇതെല്ലാം മനസിലാക്കിയ പാപ്പ, സഹചാരി മോൺ. അന്റോണി എക്‌പോ മുഖേന അഭിനന്ദനസന്ദേശം കന്പനിക്ക്‌ അയച്ചു. വിൽട്ടൺ വീവേഴ്സ് കമ്പനി മാനേജിങ്‌ ഡയറക്‌ടർ അരുൺപ്രസാദിന്റെ നിർദേശപ്രകാരമാണ്‌ ചിത്രം തയ്യാറാക്കിയത്. ന്യൂസിലാൻഡിൽനിന്ന്‌ ഇറക്കുമതിചെയ്‌ത കന്പിളി ഉപയോഗിച്ചാണ്‌ രണ്ടരയടി ഉയരമുള്ള ചിത്രം തയ്യാറാക്കിയത്. എത്രകാലം കഴിഞ്ഞാലും ചിത്രത്തിന്റെ തനിമ നഷ്‌ടമാകില്ലെന്ന്‌ ടിഎംഎംസി മാനേജിങ്‌ ഡയറക്‌ടർ വി ആർ പ്രസാദും വിൽട്ടൺ വീവേഴ്സ് മാനേജിങ്‌ ഡയറക്‌ടർ അരുൺപ്രസാദും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home