Deshabhimani

ആയിക്കര തീരത്ത്‌ 15–ാം നൂറ്റാണ്ടിലെ 
തിരിക്കുറ്റിത്തോക്കും പീരങ്കിയും കണ്ടെത്തി

ആയിക്കര തീരത്ത്‌ കണ്ടെത്തിയ പീരങ്കി കോഴിക്കോട്‌ 
പഴശ്ശിരാജ മ്യൂസിയത്തിൽ
വെബ് ഡെസ്ക്

Published on Oct 16, 2026, 01:30 AM | 1 min read

കണ്ണൂർ

പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഉപയോഗിച്ചതെന്ന്‌ കരുതുന്ന തിരിക്കുറ്റിത്തോക്കും (സ്വിവൽ ഗൺ) പീരങ്കിയും ആയിക്കര തീരത്ത്‌ കണ്ടെത്തി. ആയിക്കര തുറമുഖത്തിനായി മണ്ണുനീക്കുന്പോൾ കടലിൽനിന്ന്‌ കോരിയ ചെളിയിൽനിന്നാണ്‌ 192 സെന്റീമീറ്റർ നീളമുള്ള ഇരുന്പുരുക്കിൽ നിർമിച്ച തോക്കും പീരങ്കിയും കിട്ടിയത്‌. നൂറ്റാണ്ടുകൾ കടലിൽ കിടന്നതിനാൽ തുരുന്പിച്ച്‌ കോൺക്രീറ്റ്‌ തൂണുപോലെയാണ്‌ തിരിക്കുറ്റിത്തോക്ക്‌ ഉണ്ടായിരുന്നത്‌. പിൻഭാഗത്ത്‌ വെടിമരുന്നും ഉണ്ടയും നിറയ്‌ക്കാവുന്ന തരം പീരങ്കിയാണ്‌ ഒപ്പമുണ്ടായത്‌. ഇവ സംസ്ഥാന പുരാവസ്തുവകുപ്പ്‌ ഏറ്റെടുത്ത്‌ കോഴിക്കോട്‌ പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിൽ പ്രദർശനത്തിനായി വച്ചു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പോർച്ചുഗീസുകാർ നാവികശക്തി വികസിപ്പിച്ചപ്പോൾ, അവരുടെ കപ്പലുകളിൽ ഉണ്ടായിരുന്ന ആയുധ ശേഖരത്തിന്റെ ഭാഗമായിരുന്നു ഈ തോക്കും പീരങ്കിയും എന്നാണ്‌ കണ്ടെത്തൽ. കണ്ണൂരിലെ സെന്റ് ആഞ്ചലോ പോർച്ചുഗീസ് കോട്ടയ്‌ക്ക്‌ സമീപത്താണ്‌ ആയിക്കര. ഇവിടെ തുറമുഖത്ത്‌ ചെളിനീക്കൽ ജോലിചെയ്‌ത ബേപ്പൂർ തൊഴിലാളികൾക്കാണ്‌ ആയുധങ്ങൾ കിട്ടിയത്‌. ബേപ്പൂരിൽ എത്തിച്ച ഇവ രണ്ടുമാസംമുന്പാണ്‌ പുരാവസ്‌തുവകുപ്പ്‌ ഏറ്റെടുത്തതെന്നും ഒരു മാസമായി മ്യൂസിയത്തിലുണ്ടെന്നും പഴശ്ശിരാജ പുരാവസ്തു മ്യൂസിയം ഓഫീസർ ഇൻ ചാർജ്‌ കെ കൃഷ്‌ണരാജ്‌ പറഞ്ഞു. തിരിക്കുറ്റിത്തോക്കും പുറകിൽ മരുന്ന്‌ നിറയ്‌ക്കുന്ന പീരങ്കിയും 15,16 നൂറ്റാണ്ടുകളിൽ യൂറോപ്യന്മാർ കടൽ സഞ്ചാരത്തിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു. കപ്പലുകളിൽ ഘടിപ്പിക്കുന്ന വലിയ പീരങ്കികളിൽനിന്ന് വ്യത്യസ്തമായി, ഇവ ചെറുതും ഭാരം കുറഞ്ഞതുമാണ്. കറങ്ങുന്നതോ തിരിയുന്നതോ ആയ താങ്ങുകളിൽ ഉറപ്പിച്ച ഇവ വിവിധ ദിശകളിലേക്ക് തിരിച്ച് കൃത്യമായി നിറയൊഴിക്കാൻ കഴിയും. ശത്രുസൈനികരെയും ചെറിയ ബോട്ടുകളെയും സമീപത്തുനിന്ന്‌ നേരിടാനാണ്‌ ഇവ ഉപയോഗിച്ചത്‌. കണ്ടെത്തിയ പീരങ്കിക്ക് ചതുരാകൃതിയിലുള്ള പിൻഭാഗത്തെ അറയിൽനിന്ന് പുറത്തേക്ക് നീണ്ടുനിൽക്കുന്ന ഇരുന്പ്‌ കൈപ്പിടിയുമുണ്ട്‌. 48 സെന്റീമീറ്ററുള്ള ഇ‍ൗ കൈപ്പിടി സൈനികർക്ക്‌ ചലിപ്പിക്കാനും കൃത്യമായ സ്ഥാനത്ത് ഉറപ്പിക്കാനും പറ്റുന്നതാണ്‌. രണ്ട്‌ ആയുധങ്ങളും മുൻകൂട്ടി ആക്രമണത്തിന്‌ തയ്യാറാക്കിവയ്‌ക്കാൻ കഴിയുന്നതുമാണ്‌. അടിയന്തര ഘട്ടത്തിൽ ആയുധങ്ങളിൽ വെടിമരുന്ന് നിറയ്ക്കുന്നത്‌ പ്രയാസമായതിനാൽ, ഇത്തരം ആയുധങ്ങൾ അക്കാലത്ത്‌ കപ്പലുകളിൽ വ്യാപകമായിരുന്നതായും പുരാവസ്‌തു ഗവേഷകർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home