print edition കരിമ്പിൻകാട്ടിൽ ആന ഇറങ്ങിയപോലെ

പ്രതീകാത്മക ചിത്രം

സി കെ ദിനേശ്
Published on Oct 16, 2026, 02:28 AM | 1 min read
ഇടുക്കി കലക്ടറുടെ വിചിത്ര ഉത്തരവ് പ്രതിപക്ഷം ചോദ്യംചെയ്തത് സർക്കാരിനെ പരിഭ്രാന്തിയിലാക്കി. കരിമ്പിൻകാട്ടിൽ ആന ഇറങ്ങിയപോലെ മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും പലതും ഇളക്കിയിട്ടിട്ടും ഉത്തരവിനെ ന്യായീകരിക്കാനായില്ലെന്നുമാത്രമല്ല അത് ജനവിരുദ്ധമാണെന്ന് ശരിവയ്ക്കേണ്ടിയുംവന്നു.
അടിയന്തരപ്രമേയം കൊണ്ടുവരേണ്ട വിഷയമല്ല ഇതെന്നതാണ് മന്ത്രി ഷിബു ബേബിജോണിന്റെ വാദം. കൊണ്ടുവന്നവരോട് മറുപടി പറയുന്നതിനേക്കാൾ ഭേദം ആനയോടും കഴുതയോടും പറയുന്നതാണത്രെ. ഇനി കൊണ്ടുവന്നാൽത്തന്നെ, വനംമന്ത്രിയായ താനെന്തിന് റവന്യൂ ഭൂമി വിഷയത്തിൽ മറുപടി പറയണം. ഇടുക്കിയിൽ ഇറങ്ങുന്ന കുറെ ആനകളുണ്ടല്ലോ... എന്താ പേര് ? ഭരണപക്ഷ എംഎൽഎമാർ ചില പേരുകളൊക്കെ പറഞ്ഞു, അരിക്കൊമ്പൻ, ചക്കക്കൊമ്പൻ.... അതൊക്കെ പതിവുപോലെ മന്ത്രി നിഷേധിച്ചു, എന്നിട്ട് പറഞ്ഞു: ‘അതൊരു പിടിയാനയാണ്’ (പറ്റിച്ചേയെന്ന മട്ടിൽ). ഭരണപക്ഷത്തുള്ളവർക്കും സംശയം, ഇത് നിയമസഭ തന്നെയല്ലേ ?
വൈകിയില്ല, മന്ത്രി എ പി അനിൽകുമാർ ഇടപെട്ടു. ആനകൾക്ക് സഞ്ചരിക്കേണ്ട വഴിയിലെ മതിലും വേലിയും നീക്കണമെന്നത് പ്രാദേശിക ആവശ്യമായിരുന്നു. ആദ്യം ഇറക്കിയ ഉത്തരവിൽ പിശകുപറ്റി. അത് തിരുത്തി വീണ്ടുമിറക്കി. അതിലും ചില പ്രശ്നങ്ങളുണ്ടെന്ന് കണ്ട് വീണ്ടും മറ്റൊന്നുകൂടി ഇറക്കി. ഇനിയും ഉത്തരവ് വേണോ എന്ന ഭാവമായിരുന്നു റവന്യുമന്ത്രിക്ക്. മൊത്തത്തിൽ പന്തികേട് കണ്ട് മുഖ്യമന്ത്രി രംഗത്തിറങ്ങി ഒറ്റയടി, ‘ചിന്നക്കനാലിൽ മൊത്തം കയേറ്റക്കാരാണ്’. മന്ത്രി ഷിബു പറഞ്ഞത് പ്രതിപക്ഷം റിസോർക്കുകാർക്ക് വേണ്ടി വാദിക്കുന്നുവെന്നായിരുന്നു.
പ്രമേയ അവതാരകൻ കെ യു ജനീഷ്കുമാർ ചൂണ്ടിക്കാട്ടിയതുപോലെ, അനാവശ്യ ഉത്തരവ് ജനങ്ങളെ വലയ്ക്കുന്നുവെന്ന സത്യം സർക്കാരും പറയാതെ പറഞ്ഞു. റിസോർട്ട് മാഫിയക്ക് വേണ്ടിയാണോ ഇടുക്കിയിലെ നാട്ടുകാരും വൈദികരും ഡിസിസി പ്രസിഡന്റും മറ്റും ഉത്തരവിനെതിരെ രംഗത്തുവന്നത്? – പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ചോദ്യത്തിനുമുന്നിൽ സർക്കാരിന് ഉത്തരംമുട്ടി.
അനാവശ്യ വാദങ്ങളുയർത്തുന്നതും ആവശ്യമായ സമയത്ത് ഇടപെടാതിരിക്കുന്നതും സർക്കാരിന്റെ മുഖമുദ്രയാണോ. പാലക്കാട് ഡിവിഷൻ ഉപക്ഷേപത്തിലുള്ള ചർച്ചയിൽ എ പ്രഭാകരന്റെ സംശയവും അതായിരുന്നു, ചത്ത കുഞ്ഞിന് എന്തിന് ജാതകമെഴു തണം?









0 comments