അഞ്ചരക്കണ്ടി പുഴയിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് 2ന് കാണാം ഓളപ്പരപ്പിലെ തുഴവേഗം

ടി കെ അനൂപ്
Published on Sep 25, 2025, 03:00 AM | 2 min read
പിണറായി വീറിലും വാശിയിലും വള്ളം തുഴഞ്ഞ് ഓളപ്പരപ്പിൽ ഇന്ദ്രജാല പ്രകടനം തീർക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം അഞ്ചരക്കണ്ടി പുഴയിൽ വീണ്ടുമെത്തുന്നു. മത്സരം ഒക്ടോബർ രണ്ടിന് മുഴുപ്പിലങ്ങാട് കടവിന് സമീപം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 40 വർഷം മുന്പ് ആലപ്പുഴയിൽനിന്ന് എത്തി ധർമടം മേലൂരിനടുത്ത് അഞ്ചരക്കണ്ടി പുഴയുടെ ഓരത്ത് താമസമാക്കിയ കൃഷ്ണൻകുട്ടി എന്ന സംരംഭകനാണ് ആദ്യമായി ധർമടത്ത് ആലപ്പുഴ മോഡൽ ചുരുളൻ വള്ളം എത്തിക്കുന്നത്. ചൂടി വ്യവസായത്തിനായി പുഴയോരത്ത് വാങ്ങിയ ചതുപ്പ് പ്രദേശം പൂഴിയിട്ട് നികത്തി. പൂഴി ശേഖരിക്കുന്നതിനായാണ് ആലപ്പുഴയിൽനിന്ന് വള്ളം നിർമിക്കുന്ന തൊഴിലാളികളെ കൊണ്ടുവന്ന് ചുരുളൻ വള്ളം നിർമിച്ചത്. അങ്ങനെ അഞ്ചരക്കണ്ടി പുഴയിൽ ആദ്യമായി ചുരുളൻ വള്ളങ്ങൾ എത്തി. പിന്നീട് ഒരിക്കൽ കൃഷ്ണൻകുട്ടിയും സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ആദ്യമായി ഈ തോണി ഉപയോഗിച്ച് പ്രദർശന മത്സരം സംഘടിപ്പിച്ചു. രണ്ട് വള്ളമാണ് അന്ന് മത്സരത്തിനുണ്ടായത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 20 വർഷം മുന്പ് മേലൂരിലെ പി കൃഷ്ണപിള്ള സ്മാരക ക്ലബ് മത്സരാടിസ്ഥാനത്തിൽ വള്ളംകളി മത്സരം സംഘടിപ്പിക്കുന്നത്. ഉത്തരമലബാർ ജലോത്സവം എന്ന പേരിൽ അറിയപ്പെട്ട വള്ളംകളിയുടെ മൂന്നാംഘട്ട മത്സരം അന്ന് വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. മേലൂരിലെ ഗുംട്ടി മുക്ക് ക്ലബ്, ജാക്സ് ക്ലബ്, ജംബോ ജെറ്റ്, പാറപ്രം കൃഷ്ണപിള്ള ക്ലബ് തുടങ്ങിയ 12 ഓളം വള്ളങ്ങൾ അന്ന് മത്സരിച്ചു. തുടർച്ചയായ എട്ടുവർഷം മേലൂരിലെ കെ സുരേന്ദ്രൻ സെക്രട്ടറിയും പണിക്കൻ മോഹനൻ പ്രസിഡന്റുമായ കൃഷ്ണപിള്ള ക്ലബ് മത്സരം സംഘടിപ്പിച്ചു. പിന്നീട് രണ്ടുവർഷം മത്സരം നടത്താൻ സാധിക്കാതെ വന്നു. അതോടെ ജാക്സ് മേലൂർ ക്ലബ് മലബാർ ജലോത്സവം എന്ന പേരിൽ നാല് വർഷം മത്സരം സംഘടിപ്പിച്ചു. ശേഷം ചെറുതോണി വള്ളംകളി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ടെങ്കിലും ചുരുളൻ വള്ളങ്ങൾ ഉപയോഗിച്ചുള്ള തുഴച്ചിൽ മത്സരം നടക്കാതെയായി. വർഷങ്ങൾക്ക് ശേഷം 2023 ലാണ് അഞ്ചരക്കണ്ടി പുഴയിൽ ചൂരുളൻ വള്ളംകളി മത്സരം വീണ്ടും നടന്നത്. ചുരുളനിൽ 30 പേർ തുഴയും മുഴപ്പിലങ്ങാട് കടവ് റോഡിന്റെ ഓരത്തുള്ള പുഴയിലാണ് വള്ളംകളി മത്സരം. 30 പേർ തുഴയുന്ന ചുരുളൻ വള്ളങ്ങളാണ് മത്സരത്തിനിറങ്ങുക. കാസർകോട് ജില്ലയിൽനിന്നുമാണ് വള്ളങ്ങൾ എത്തിക്കുക. സംസ്ഥാന ടൂറിസം വകുപ്പാണ് സംഘാടകർ.










0 comments