ദിനേശിനെയും വേട്ടയാടുന്നു

കണ്ണൂർ
മികച്ചനിലയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളെ ഭരണമാറ്റമുണ്ടായതിന്റെ ലഹരിയിൽ അപമാനിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ്. സാന്പത്തിക ക്രമക്കേടെന്ന പുകമറ ഉയർത്തി, വിജിലൻസിനെക്കൊണ്ട് കേസെടുപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് നടക്കുന്നത്. ദിനേശ് ബീഡി തൊഴിലാളി സഹകരണസംഘങ്ങളുടെ കേന്ദ്രസംഘമായ കേരള ദിനേശ് ബീഡി വർക്കേഴ്‌സ് സെൻട്രൽ കോ –ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജാണ് രംഗത്തുവന്നത്. വ്യവസായ വകുപ്പിന്റെ പരിശോധനയും സഹകരണ നിയമപ്രകാരം കൃത്യമായ ഓഡിറ്റിങ്ങും നടക്കുന്ന പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള സ്ഥാപനത്തെ അപമാനിക്കുന്നതിനെതിരെ കോൺഗ്രസ് തൊഴിലാളി സംഘടനായായ ഐഎൻടിയുസിയുവിലും പ്രതിഷേധമുയർന്നിട്ടുണ്ട്. ബീഡി വ്യവസായം ഇല്ലാതാകുന്ന ഘട്ടത്തിൽ തൊഴിലാളികളെ സംരക്ഷിക്കാൻ ദിനേശ് ആരംഭിച്ച വൈവിധ്യവൽക്കരണത്തെ പ്രതിക്കൂട്ടിലാക്കാനാണ് ശ്രമം. വൈവിധ്യവൽക്കരണത്തിനായി തമിഴ്‌നാട്ടിലെ ധനകാര്യ സ്ഥാപനത്തിൽനിന്ന് ചുരുങ്ങിയ പലിശയ്‌ക്ക് വായ്‌പ സംഘടിപ്പിക്കാൻ നടത്തിയ ഇടപെടലിനെയാണ് ഡിസിസി പ്രസിഡന്റ് സംശയമുനയിൽ നിർത്തിയത്. ദിനേശിൽ പുതിയ പദ്ധതിയും കുതിപ്പും ഇല്ലാതായാൽ അത്യന്തികമായി ബാധിക്കുന്നത് തൊഴിലാളികളെയും അവരുടെ കുടുംബത്തെയും ആയിരിക്കും എന്നത് കോൺഗ്രസ് നേതൃത്വത്തിന് അറിയാത്തതല്ല. വായ്‌പ തേടിയത് നിയമാനുസൃതം: ചെയർമാൻ ദിനേശിൽ സാമ്പത്തിക ക്രമക്കേടെന്ന ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ ആരോപണം പൂർണമായും വസ്‌തുതാവിരുദ്ധമാണെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ദിനേശ് ചെയർമാൻ എം കെ ദിനേശ്ബാബു മാധ്യമങ്ങളോട് പറഞ്ഞു. ബീഡിത്തൊഴിലാളികളുടെ വരുമാനം തുച്ഛമാണ്. അവർക്ക് വിരമിക്കുന്പോൾ പരമാവധി ഗ്രാറ്റുവിറ്റി രണ്ട് ലക്ഷം രൂപയെങ്കിലും നൽകണമെന്നാണ് സംഘത്തിന്റെ താൽപര്യം. ഗ്രാറ്റുവിറ്റി അടക്കമുള്ള തുക നൽകാനാണ് തമിഴ്‌നാട് ആരക്കോണത്തുള്ള ശ്രീലക്ഷ്‌മി ഫിനാൻസിൽനിന്ന് തൊഴിലാളി യൂണിയനുകളുടെ പിന്തുണയോടെ നൂറുകോടി രൂപ ആറുശതമാനം പലിശയ്ക്ക് 10 വർഷത്തേക്ക് വായ്‌പയെടുക്കുന്നത്. വായ്‌പയ്‌ക്കായി സർക്കാർ സ്ഥാപനങ്ങളിലുൾപ്പെടെ സമീപിച്ചെങ്കിലും നടന്നില്ല. കുറഞ്ഞ പലിശയാണ് സ്ഥാപനത്തെ തെരഞ്ഞെടുക്കാൻ കാരണം. വായ്‌പാതുക ലഭിക്കുന്നതിന് മുന്നോടിയായി അവിടത്തെ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. അതിന് നാലുകോടിയോളം രൂപ ചെലവായി. ഇൗ തുക ഒറ്റയടിക്ക് നൽകാനില്ലാത്തിനാൽ ഘട്ടംഘട്ടമായി ചെക്ക് വഴി നൽകി. രേഖാമൂലമുള്ള ഇൗ ബാങ്ക് ഇടപാടിനെയാണ് കോൺഗ്രസ് നേതാവ് സംശയമുനയിൽ നിർത്തിയത്. ഒന്പതുവർഷം മുന്പാരംഭിച്ച ധനകാര്യ സ്ഥാപനമാണ് വായ്‌പ നൽകുന്നത്. അവരുമായി സബ് രജിസ്‌ട്രാർ ഓഫീസ് വഴി ഇടപാടുകൾ നടത്തുന്പോൾ ആ സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്ന വാദത്തിൽ എന്തടിസ്ഥാനമാണുള്ളത്. ആരോപണങ്ങൾ മുഖവിലക്കെടുക്കുന്നില്ല ഇതരസംസ്ഥാനത്തുനിന്നുള്ള വലിയ വായ്‌പയായതിനാൽ ആദായനികുതി വകുപ്പിന്റെ എൻഒസിക്ക് സ്വാഭാവിക കാലതാമസമുണ്ടായി. നടപടി വേഗത്തിലാക്കാനുള്ള അപേക്ഷയ്‌ക്ക് അനുകൂല മറുപടി ലഭിച്ചിട്ടുണ്ട്. ദിനേശിനെ തകർക്കാൻ ഗൂഢശ്രമങ്ങളാണ് നടക്കുന്നത്. ആരോപണങ്ങളെ ദിനേശ് മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ചെയർമാൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിനുമുന്പും സമാനമായ ആരോപണം ഇന്നത്തെ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തി. വ്യവസായവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ദിനേശിൽ, വകുപ്പിന്റെ പരിശോധന, സഹകരണവകുപ്പിന്റെയും ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും ഓഡിറ്റ് എന്നിവയെല്ലാം നടക്കുന്നുണ്ട്. സഹകരണനിയമത്തിന് വിധേയമായി പ്രൊവിഷനുകൾ ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനങ്ങളെല്ലാം. ദിനേശ് ഉൽപ്പന്നങ്ങൾക്ക് അമേരിക്ക, ആഫ്രിക്ക, റഷ്യ, പോളണ്ട് എന്നിവിടങ്ങളിൽനിന്നൊക്കെ ഓർഡറുകളുമുണ്ടെന്നും ദിനേശ്ബാബു പറഞ്ഞു.










0 comments