പൊലീസ് മൈതാനിയിൽ മേളകളുടെ മേളം
വന്നോളൂ, കണ്ടോളൂ, വാങ്ങിക്കോളൂ

കണ്ണൂർ
എല്ലാവർക്കുമുള്ള വസ്‌ത്രങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, ആഭരണങ്ങൾ തുടങ്ങി ആയുർവേദ–കാർഷിക ഉൽപ്പന്നങ്ങൾവരെ ഒരു കുടക്കീഴിൽ ലഭ്യമാക്കി ജില്ലാ പഞ്ചായത്ത്. ഇവയെല്ലാം ചുറ്റിക്കണ്ട് ക്ഷീണിച്ചാൽ ഭക്ഷണം കഴിക്കാൻ കുടുംബശ്രീ കഫേയും ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് ‘എന്റെ സംരംഭം, നാടിന്റെ അഭിമാനം’ സന്ദേശവുമായി സംഘടിപ്പിക്കുന്ന കാർഷിക -പരമ്പരാഗത വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേളയിലാണിതെല്ലാം. പൊലീസ് മൈതാനിയിലെ മേളയിൽ വിവിധ മേഖലകളിലെ സംരംഭകരുടെയും ഉൽപ്പാദകരുടെയും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ കാണാം. 15 കുടുംബശ്രീ സ്റ്റാളും സഹകരണ സംഘങ്ങളുടെയുൾപ്പെടെ 105 സ്റ്റാളുകളാണുള്ളത്. ഓൺലൈൻ വ്യാപാരം നടത്തുന്ന നിരവധി സ്വയംസംരംഭകർക്ക് മേളയിലൂടെ നേരിട്ട് ഉപഭോക്താക്കളെ കണ്ടെത്താം. അതോടൊപ്പം പൊതുജനങ്ങൾക്ക് ഉൽപന്നങ്ങൾ വിലക്കുറവിൽ വാങ്ങാനുമാകും. പ്രാദേശിക ഉൽപ്പാദകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കാനും കാർഷിക -പരമ്പരാഗത വ്യവസായ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി ഉറപ്പാക്കുകയുമാണ് മേളയുടെ ലക്ഷ്യം. ഇക്കുറി രണ്ടുകോടി രൂപ വിറ്റുവരവ് പ്രതീക്ഷിക്കുന്നു. കാർഷിക നഴ്സറി ഉൽപ്പന്നങ്ങൾ, കയർ–ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പരമ്പരാഗത വ്യവസായ ഉൽപ്പന്നങ്ങൾ, പവർലൂം ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയും ലഭ്യമാണ്. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാണ് മേള. 25ന് അവസാനിക്കും. മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ശബ്‌ന അധ്യക്ഷയായി.










0 comments