നമ്മളെ നയിച്ചവർ ജയിക്കണം

ജസ്ന ജയരാജ്
Published on Mar 25, 2026, 03:00 AM | 2 min read
കണ്ണൂർ ഉരുളെടുത്ത വയനാട്ടിലെ ചൂരൽമലയിൽ വീണ്ടും ജീവിതം തളിർക്കുന്പോൾ കേരളത്തിന്റെ അതിജീവനചരിത്രത്തിൽ ഡിവൈഎഫ്‌ഐ എന്ന പേര് ആഴത്തിൽ അടയാളപ്പെട്ടിട്ടുണ്ട്. ദുരന്താവശിഷ്‌ടങ്ങൾക്കിടയിൽനിന്ന് അവസാനത്തെ ജീവന്റെ കണികയെയും തിരിച്ചുപിടിച്ചത് മുതൽ അവർക്ക് തണലേകാൻ ആക്രിപെറുക്കിയും ചായവിറ്റും പണം സമാഹരിച്ചതുവരെയുള്ള പുതുമാതൃകകൾ. അവയ്‌ക്കെല്ലാം സർഗാത്മക നേതൃത്വമായ വി കെ സനോജാണ് ഇത്തവണ മട്ടന്നൂരിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി. ഇടതുപക്ഷത്തെ എക്കാലവും ചേർത്തുപിടിച്ച ഇടമാണ് മട്ടന്നൂർ. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷം നൽകിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ കെ ശൈലജ ടീച്ചറെ മട്ടന്നൂർ വിജയിപ്പിച്ചത്. 60,963 വോട്ടായിരുന്നു ഭൂരിപക്ഷം. ആ പെരുമയുടെ തുടർച്ചയാവാനാണ് ഇത്തവണ സനോജിന്റെ പോരാട്ടം. മട്ടന്നൂരിൽ ഒരു രാഷ്ട്രീയ പോരാട്ടം എന്നതിലുപരി മറ്റൊന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നില്ല. മട്ടന്നൂർ നഗരസഭയും എട്ട് പഞ്ചായത്തും ഉൾപ്പെടുന്ന മണ്ഡലത്തിൽ എല്ലായിടത്തും എൽഡിഎഫ് ഭരണമാണ്. കല്ല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രവും മട്ടന്നൂർ സ്പെഷ്യാലിറ്റി ആശുപത്രിയും മട്ടന്നൂർ മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററും അന്താരാഷ്ട്ര യോഗാ സ്റ്റഡി സെന്ററും മട്ടന്നൂർ ആയുർവേദ ആശുപത്രിയും ഉൾപ്പെടെ വൻകിട വികസന പദ്ധതികളാണ് കഴിഞ്ഞ വർഷങ്ങളിൽ മണ്ഡലത്തിൽ യാഥാർഥ്യമായത്. വികസനത്തുടർച്ചയാണ് ഇത്തവണയും ഇടതുപക്ഷമുയർത്തുന്ന മുദ്രാവാക്യം. എടയന്നൂർ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായിരിക്കെ ബാലസംഘത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ സനോജ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവുമാണ്. വർഷങ്ങളായി രാഷ്‌ട്രീയ, സാംസ്‌കാരിക, കായിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. സനോജിന്റെ സംഘാടനമികവിലാണ് യുവധാര ലിറ്ററേച്ചർ ഫെസ്‌റ്റിവൽ, മവോസോ സ്‌റ്റാർട്ട് അപ്പ് ഫെസ്‌റ്റിവൽ തുടങ്ങി പുതുകാലത്തെ അടയാളപ്പെടുത്തിയ പരിപാടികൾ അരങ്ങേറിയത്. മാലൂർ സ്വദേശിയായ സനോജ് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റാൻഡിങ് കൗൺസിൽ അംഗവും ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റും മുൻ സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമാണ്. യുവധാര പബ്ലിഷർ, മാലൂർ പനന്പറ്റ ന്യൂ യുപി സ്‌കൂൾ സൊസൈറ്റി സെക്രട്ടറി, മാനേജർ ചുമതലകളും വഹിക്കുന്നു. കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയാണ് യുഡിഎഫ് സ്ഥാനാർഥി. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറന്പ് മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ സെക്രട്ടറി ബിജു എളക്കുഴിയാണ് എൻഡിഎ സ്ഥാനാർഥി. 2021 ലെ വോട്ട് നില എൽഡിഎഫ് –96,129 യുഡിഎഫ് – 35,166 എൻഡിഎ – 18,223










0 comments