Deshabhimani

ഏഴോം കൈപ്പാട്‌ വിളവെടുപ്പ്‌
ഇത്തവണയും ഹിറ്റ്‌

ഏഴോത്തെ കൈപ്പാടിൽ കൊയ്ത കതിർ  തോണിയിൽ കരക്ക്‌ എത്തിക്കുന്നു
avatar
ശ്രീകാന്ത്‌ പാണപ്പുഴ

Published on Oct 23, 2026, 01:30 AM | 1 min read

പഴയങ്ങാടി

കനത്ത മഴയിലും ഏഴോത്ത് കൈപ്പാട് കൃഷി ഇത്തവണയും ഹിറ്റ്‌. തകർത്ത് ചെയ്ത തുലാമഴ കൊയ്ത്തിനിറങ്ങിയ കർഷകർക്ക് ദുരിതമാണ് സമ്മാനിച്ചതെങ്കിലും മണ്ണിന്റെ മക്കൾ തോൽക്കാൻ തയ്യാറായില്ല. കൊയ്തെടുക്കാൻ പാകത്തിലായ നെല്ല് ഏറെയും കൈപ്പാടിലെ പാതിവെള്ളത്തിൽ മുങ്ങിയ നിലയിലാണ്. തോണിയിലാണ്‌ കർഷകർ നെല്ല്‌ കൊയ്ത് കരയിലെത്തിച്ചത്. മറ്റ് വയലുകളിലെ പോലെ കൈപ്പാടിൽ കൊയ്ത്ത് യന്ത്രം ഉപയോഗിക്കാനാകില്ല. മഴമാറുന്നത് വരെ ടാർ പായയിൽ പൊതിഞ്ഞു വയ്ക്കുന്ന നെൽ കതിരുകൾ നല്ല വെയിൽ കിട്ടിയാൽ മാത്രമേ മെതിച്ചെടുക്കാൻ കഴിയൂ. പതിനഞ്ചിലധികം കർഷകരാണ് കൊയ്ത്തിൽ സജീവമായുളളത്. അഞ്ച് അതിഥി തൊഴിലാളികളും ഇവർക്കൊപ്പമുണ്ട്. 35 ഏക്കറിലധികമാണ് ഇത്തവണ കൃഷി. 20 ഏക്കറിൽ കൊയ്ത്ത് പൂർത്തിയായി. പ്രതികൂല കാലാവസ്ഥയാണെങ്കിലും കൃഷി ചെയ്ത സ്ഥലങ്ങളിൽ നല്ല വിളവാണെന്നും കർഷകർ പറയുന്നു. കുതിര്, ഏഴോം വിത്തിനങ്ങളാണ്‌ കൂടുതൽ കൃഷി ചെയ്‌തത്‌. സവിശേഷമായ ഇതിന്റെ അരിക്ക് ഭൗമസൂചികാ പദവി ലഭിച്ചിട്ടുണ്ട്. കൊയ്ത്തു കഴിഞ്ഞാൽ പിന്നെ ഇവിടെ വിവിധ തരം മീനും കിട്ടും. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റം വരുത്തിയത്‌ കൈപ്പാട്‌ കൃഷിക്കും തിരിച്ചടിയായി. കോട്ടക്കീൽ, കണ്ണോം തുടങ്ങിയ പ്രദേശങ്ങളിൽ കൈപ്പാട് കൃഷി കുറയാൻ കാരണമിതാണ്‌. നേരത്തെ ‘കൺസ്ട്രക്ഷൻ ഓഫ് എർത്തൻ പെരിഫറൽ ബണ്ട്’ എന്ന ഡാറ്റ ഉപയോഗിച്ചാണ് ഇവിടെ തൊഴിലുറപ്പ്‌ പ്രവർത്തനം നടത്തിയത്‌. നിലവിൽ തൊഴിലുറപ്പ്‌ രീതി മാറിയതോടെ, എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള സോഫ്‌റ്റ്‌വെയർ ലഭ്യമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home