കുട്ടികളുടെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കും

കണ്ണൂർ
സ്വകാര്യബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്ന പരാതിയില്‍ ബസുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കലക്ടര്‍ പി വിഷ്ണുരാജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടികളുമായുള്ള കലക്ടറുടെ പ്രതിവാര സംവാദം ‘കളം’ പരിപാടിയില്‍ ഉയര്‍ന്ന പരാതിയിലാണ് നടപടി. കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലെയും തളിപ്പറമ്പ് സീതി സാഹിബ് സ്‌കൂളിലെയും വിദ്യാര്‍ഥികളായിരുന്നു ഇത്തവണ കളം സംവാദത്തിലെ അതിഥികള്‍. സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രയില്‍ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളാണ് കുട്ടികള്‍ പങ്കുവച്ചത്. ഗതാഗതക്കുരുക്കുകളും ബസുകള്‍ നിര്‍ത്താതെ പോകുന്ന സംഭവങ്ങളുമെല്ലാം ശ്രദ്ധയിൽപ്പെടുത്തി. കെഎസ്ആര്‍ടിസി സ്റ്റുഡന്റ്‌സ് പാസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉന്നയിച്ചു. മേലെ ചൊവ്വയിലും മറ്റും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇതിനോട് ചേര്‍ന്നുള്ള ബസ് സ്റ്റോപ്പ് കൂടുതല്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായും കുട്ടികള്‍ ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ചാലകശക്തിയായി മാറാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയുമെന്നും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ നിരാശരാവാതെ കൂടുതല്‍ കഠിനാധ്വാനം ചെയ്യണമെന്നും കലക്ടർ ഓർമിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസാ കാര്‍ഡുകൾ സമ്മാനിച്ച്, അവരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കാര്‍ഡില്‍ എഴുതിവാങ്ങുകയും ചെയ്തു. അസി. കലക്ടര്‍ എസ് സ്വാതി ക്ലാസെടുത്തു.









0 comments