മൃഗശാലകൾ വിജ്ഞാനത്തിനുള്ള ഇടംകൂടിയായി മാറി: പിണറായി വിജയൻ

തൃശൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘടാനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, ആർ ബിന്ദു, എ കെ ശശീന്ദ്രൻ എന്നിവർ സമീപം
തൃശൂർ
മൃഗശാലകൾ മുന്പ് വിനോദത്തിന് മാത്രമായിരുന്ന കാലം മാറിയെന്നും ഇന്ന് പ്രകൃതിയെ അറിയാനും വിജ്ഞാനം സമ്പാദിക്കാനുമുള്ള ഇടമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. ഇത് പ്രകൃതിയോടുള്ള നമ്മുടെ പ്രതിബദ്ധത വർധിപ്പിക്കും. തൃശൂർ സുവോളജിക്കൽ പാർക്ക് ഒരു ജൈവ വൈവിധ്യ പാർക്കാണ്. ഇതിന്റെ നിർമാണത്തിനായി മുളങ്കാടുകൾ വെട്ടിയിരുന്നു. എന്നാൽ മരങ്ങൾ മുറിക്കേണ്ടി വന്നാൽ പകരം മരങ്ങൾ വച്ച് പിടിപ്പിക്കുന്ന രീതിയാണ് സർക്കാർ തുടരുന്നത്. പുത്തൂരിൽ 2,100 മുളകൾക്ക് പുറമേ 30,000 വൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. പദ്ധതികൾ പ്രകൃതിക്ക് ഇണങ്ങുന്നതും സുസ്ഥിരവുമാകണമെന്നാണ് സർക്കാർ നിലപാട്. 2010ൽ എൽഡിഎഫ് സർക്കാരാണ് സുവോളജിക്കൽ പാർക്കിന്റെ നിർമാണം തുടങ്ങിയത്. 2013ൽ മാസ്റ്റർ പ്ലാൻ ഉണ്ടാക്കി. 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ ആദ്യ ബജറ്റിൽ തന്നെ പണം വകയിരുത്തി. 2018 പാരിസ്ഥിതിക അനുമതിയും ലഭിച്ചു. എന്നാൽ കേന്ദ്ര സർക്കാരിന്റെ പല വകുപ്പുകളിൽനിന്ന് അനുമതി കിട്ടിയിരുന്നില്ല. ഇതെല്ലാം മറികടന്നാണ് സുവോളജിക്കൽ പാർക്ക് സാധ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.








0 comments