തൃശൂർ സുവോളജിക്കൽ പാർക്ക് നാടിന് സ്വന്തം
സ്വപ്‌നം കാടിറങ്ങി; ലോകം പുത്തൂരിലേക്ക്

തൃശൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക ഘോഷയാത്ര
സി എ പ്രേമചന്ദ്രൻ
Published on Oct 29, 2025, 12:15 AM | 1 min read
തൃശൂർ
ഇത് സ്വപ്‌നമല്ല, ഇനി വന്യസൗന്ദര്യം കൺതുറന്ന് കാണാം. കാടിറങ്ങിയ മൃഗങ്ങൾക്കും പക്ഷികൾക്കും സ്വന്തം ആവാസ ഇടങ്ങളുമായി രാജ്യത്തെ ആദ്യ ഡിസൈൻ സൂ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. നാല് പതിറ്റാണ്ടായുള്ള തടസ്സങ്ങളെല്ലാം നീക്കിയ എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യവും തുടർഭരണവുമാണ് സുവോളജിക്കൽ പാർക്ക് യാഥാർഥ്യമാക്കിയത്. ചടങ്ങിന് നാടാകെ ഒഴുകിയെത്തിയത് സർക്കാരിനുള്ള അംഗീകാരമായിമാറി. കിഫ്‌ബി ധനസഹായത്തോടെ 371 കോടി രൂപ ചെലവിലാണ് 336 ഏക്കറിൽ അന്താരാഷ്‌ട്ര നിലവാരമുള്ള പാർക്ക് സജ്ജമാക്കിയിട്ടുള്ളത്. ലോക പ്രശസ്‌ത മൃഗശാലാ ഡിസൈനർ ജോൺ കോ രൂപകൽപ്പന ചെയ്‌ത പ്രകൃതി പഠനശാലയിൽ 24 ആവാസ ഇടങ്ങളാണ് ഒരുക്കിയത്. സൈലന്റ് വാലി സോണ്‍, ഇരവിപുരം, കന്‍ഹ, ആഫ്രിക്കന്‍ സുളു ലാന്‍ഡ് സോണ്‍ എന്നിങ്ങനെ മൃഗങ്ങളുടെ ജൈവ സ്വഭാവം അനുസരിച്ച് പ്രത്യേകം ഇടങ്ങൾ ഒരുക്കി. വിവിധ ഭൂഖണ്ഡങ്ങളിലെ അനിമൽ സഫാരിയുടെ അനുഭൂതി ഉളവാക്കുന്ന ഹോളോഗ്രാം സൂ ഇന്ത്യയിൽ ആദ്യമായി തൃശൂരിലെത്തും. വിദേശ അരുമ മൃഗങ്ങളെ താലോലിക്കാൻ പെറ്റിങ് സൂവും ഒരുങ്ങുകയാണ്. പാർക്കിലേക്ക് ഡബിൾ ഡെക്കർ കെഎസ്‌ആർടിസി ബസ് ഓടും. മൃഗങ്ങൾ ഇണങ്ങുന്നതുവരെ രണ്ടു മാസം സഞ്ചാരികൾക്ക് നിയന്ത്രണമുണ്ട്. പതിനായിരങ്ങൾ പങ്കെടുത്ത ഘോഷയാത്രയോടെയാണ് മുഖ്യമന്ത്രി പാർക്ക് നാടിന് സമർപ്പിച്ചത്. ചടങ്ങിൽ മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനായി. മന്ത്രിമാരായ കെ രാജൻ, കെ എൻ ബാലഗോപാൽ, ആർ ബിന്ദു, സുവോളജിക്കൽ പാർക്ക് സ്‌പെഷ്യൽ ഓഫീസർ കെ ജെ വർഗീസ്, ഡയറക്ടർ ബി എൻ നാഗരാജൻ , കെ പി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. മന്ത്രിമാരായ റോഷി അഗസ്‌റ്റിൻ, കെ കൃഷ്‌ണൻകുട്ടി, കെ രാധാകൃഷ്‌ണൻ എംപി, മേയർ എം കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് തുടങ്ങി രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു.








0 comments