അടിച്ചുകേറി ‘ഗൊളാസോ’

സുരേഷ് മാഞ്ചസ്റ്ററും ഗായിക പൂജ രമേഷും
തൃശൂർ
മിൽമ പാലുമായി വണ്ടി ഓടിക്കുന്പോഴും സുരേഷിന്റെ മനസ്സിൽ എന്നും ഫുട്ബോളാണ്. കളിക്കളത്തിൽ പരിക്കേറ്റ് കാലിടറി വീണെങ്കിലും കാൽപ്പന്തിനെ കൈവിട്ടില്ല. ലോകകപ്പിനെ വരവേൽക്കാനായി ഇതാ സ്വന്തമായി ഇംഗ്ലീഷ് ലോകകപ്പ് ഗാനം ചിട്ടപ്പെടുത്തി ഇൗണം നൽകി. ഓട്ടിസത്തിന്റെ പരിമിതികളെ അതിജീവിച്ച് പൂജ രമേശ് ഈ ഗാനം പാടി. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് "ഗൊളാസോ' എന്ന പേരിലുള്ള ആൽബം ഫുട്‌ബോൾ പ്രേമികൾ ഏറ്റെടുത്തു. ഫുട്‌ബാൾ താരമായിരുന്ന മരത്താക്കര സ്വദേശി സുരേഷ് മാഞ്ചസ്റ്ററാണ് പാട്ടിന്റെ രചനയും സംഗീത സംവിധാനവും നിർവഹിച്ചത്. ‘മെസി മെസി.. ക്രിസ്‌റ്റ്യാനോ. പെലെ പെലെ മറഡോണ’ എന്ന് തുടങ്ങുന്നതാണ് വരികൾ. ലോക ഫുട്‌ബോൾ താരങ്ങളുടെ പേരുകൾ വരികളിലുണ്ട്. അടുത്ത ജന്മം ഫുട്‌ബോളായി ജനിക്കണമെന്ന സ്വപ്‌നവും പങ്കുവയ്‌ക്കുന്നു. അന്യഗ്രഹ ജീവിക്കും മത്സ്യകന്യകയ്‌ക്കുമൊപ്പം അമേരിക്കയിലേക്ക് ലോകകപ്പ് കാണാൻ ഗിറ്റാറിൽ ഇൗണമിട്ട് സുരേഷും കാരിക്കേച്ചർ രൂപത്തിൽ ആൽബത്തിലുണ്ട്. 2022ലെ ലോകകപ്പിനും സുരേഷ് ഗാനം ഒരുക്കിയിരുന്നു. കേരളവർമ കോളേജ് ഫുട്‌ബോൾ താരമായിരിക്കെ 19–ാം വയസ്സിലാണ് കളിക്കളത്തിൽ വച്ച് അപകടം സംഭവിച്ച് സുരേഷ് കളിക്കളത്തിൽ നിന്ന് വിടവാങ്ങിയത്. സി വി പാപ്പച്ചൻ, ഐ എം വിജയൻ, സി എ ലിസ്‌റ്റൻ, സോളി സേവ്യർ, കെ എഫ് ബെന്നി, ദേവദാസൻ എന്നിവർക്കൊപ്പം കളിച്ചിരുന്നു. ഇതിനിടയിലാണ് കാലിന് പരിക്കേറ്റത്. പിന്നീട് ഫുട്‌ബോൾ പരിശീലകനായി. ഇതിനിടയിലാണ് ഗാനങ്ങളും ആൽബങ്ങളും പുറത്തിറക്കാൻ തുടങ്ങിയത്. 70 ശതമാനത്തോളം ഓട്ടിസം ബാധിച്ചിട്ടും പ്രതിസന്ധികൾ മറികടന്ന് പൂജ കർണാടക സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 27 ശാസ്ത്രീയ സംഗീതക്കച്ചേരി അവതരിപ്പിച്ചു. 450ലേറെ വേദികളിലും ഗാനം ആലപിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കി. തൃശൂർ ചേതന സംഗീത നാട്യഅക്കാദമി ഡയറക്ടർ ഫാ. ഡോ. പോൾ പൂവത്തിങ്കലിന്റെ മാർഗനിർദേശമാണ് പൂജ പാട്ടിലേക്ക് തിരിഞ്ഞത്. ഗൊളാസോ ഗാനത്തിനായി ചേതനയിലെ ഡാൽവിൻ ഡേവിസാണ് പരിശീലനം നൽകിയത്.








0 comments