ad
Deshabhimani

മാലിന്യം വന്ന വഴി

മാലിന്യം

നികത്തിയ ഭൂമിയിലെ രാസമാലിന്യം കലര്‍ന്ന മണ്ണ്‌ എടുത്തുകാണിക്കുന്ന ഹബീബ്‌

വെബ് ഡെസ്ക്

Published on Sep 12, 2026, 12:37 AM | 2 min read

നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾ കൊടുന്പിരികൊണ്ടിരിക്കുന്പോഴാണ്‌ എറിയാട്ട്‌ ഭൂമി നികത്തൽ സജീവമായത്‌. ഭൂമി നികത്തലുമായി ബന്ധപ്പെട്ട്‌ പ്രദേശവാസിയും നാട്ടുകാരും തമ്മിൽ തർക്കം നിലനിന്നിരുന്നു. കുളവും തോടുമുൾപ്പെടെയുള്ളവ നികത്തുന്നതിനെതിരെ 2023ൽ നാട്ടുകാർ ഹൈക്കോടതിയിൽ കേസ്‌ കൊടുത്തു. ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലമായതിനാൽ സ്ഥലമുടമയ്‌ക്ക്‌ നികത്തലിന്‌ അനുമതി നൽകി 2025 സെപ്‌തംബറിൽ എക്‌സ്‌ പാർടി വിധിയായി. എന്നാൽ മാർച്ച്‌ മാസത്തിൽ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം വന്നശേഷമാണ്‌ നികത്തൽ നടപടി ആരംഭിച്ചത്‌. തെരഞ്ഞെടുപ്പു നടപടി ക്രമത്തിന്റെ ഭാഗമായി അതുവരെയുണ്ടായിരുന്ന പൊലീസ്‌– റവന്യൂ ഉദ്യോഗസ്ഥരെ സ്ഥാലംമാറ്റിയശേഷമായിരുന്നു നികത്തൽ. മണ്ണുമായി ടോറസ്‌ വാഹനങ്ങൾ സ്ഥലത്തെത്തിയപ്പോഴാണ്‌ നാട്ടുകാർ വിവരം അറിയുന്നത്‌. വാഹനം തടഞ്ഞെങ്കിലും കോടതി വിധിയുള്ളതിനാൽ പിന്മാറണമെന്ന്‌ പൊലീസ്‌ ആവശ്യപ്പെട്ടു. തങ്ങളുടെ ഭൂമിയിൽ പ്രവേശിച്ചാൽ കോടതിയലക്ഷ്യമാവുമെന്ന്‌ സ്ഥലഉടമകളും വാദിച്ചു. നാട്ടുകാർക്ക്‌ തടസ്സമാവാത്തവിധമായിരിക്കണം നികത്തലെന്ന പൊലീസ്‌ നിർദേശം അനുസരിച്ചാണ്‌ മണ്ണിട്ടുതുടങ്ങിയത്‌. പിന്നീടാണ്‌ രാസമാലിന്യത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്‌. ​ ഹൈവേ നിർമാണ 
മറവിൽ രാസമാലിന്യം കടത്ത്‌ ഹൈവേ നിർമാണത്തിനായി മണ്ണ്‌ കൊണ്ടുപോകാനുള്ള അനുമതി ദുരുപയോഗം ചെയ്‌താണ്‌ ബിനാനി സിങ്കിൽനിന്നുള്ള ഉയർന്ന അളവിൽ രാസവസ്‌തുക്കൾ അടങ്ങിയ ഘനമാലിന്യം (സോളിഡ്‌ വേസ്റ്റ്‌) എറിയാട്ടേക്ക്‌ കൊണ്ടുവന്നത്‌. 2014ൽ പ്രവർത്തനം നിർത്തിയ ബിനാനി സിങ്ക്‌ ലിമിറ്റഡിൽ കൂടിക്കിടന്ന മാലിന്യമായിരുന്നു ഇത്‌. ബിനാനി സിങ്ക്‌ പിന്നീട്‌ എടയാർ സിങ്ക്‌ ലിമിറ്റഡ്‌ എന്നും 2025ൽ ബിഐഎൽ വ്യാപാർ ലിമിറ്റഡ്‌ എന്നും പേരുമാറ്റി. സിങ്കും അനുബന്ധ ഉൽപ്പന്നങ്ങളുമാണ്‌ പ്രധാനമായും നിർമിക്കുന്നത്‌. സിങ്ക്‌ ഉൽപ്പാദനത്തിന്റെ ഭാഗമായി കന്പനി വളപ്പിൽ കുന്നുകൂടിയ മാലിന്യം എടയാറിൽ ജനജീവിതത്തെ ബാധിക്കാൻ തുടങ്ങി. ജറോസൈറ്റ്‌ (സിങ്കും മറ്റ്‌ ഘനവസ്‌തുക്കളും അടങ്ങിയ മണ്ണ്‌) പാടങ്ങളിലേക്ക്‌ ഒലിച്ചിറങ്ങാൻ തുടങ്ങിയതിനെ തുടർന്ന്‌ കന്പനിക്കെതിരെ നൂറിലേറെ കേസുകൾ ഉയർന്നുവന്നു. ഇ‍ൗ സാഹചര്യത്തിലാണ്‌ മാലിന്യംനീക്കാനുള്ള ശ്രമങ്ങൾ എടയാർ സിങ്ക്‌ കന്പനി ആരംഭിച്ചത്‌. രാസമാലിന്യം നീക്കുന്നതിന്‌ സുപ്രീം എയർ പ്രോഡക്ട്‌സ്‌ എന്ന സ്ഥാപനവുമായി സിങ്ക്‌ കന്പനി കരാറുണ്ടാക്കി. ഇ‍ൗ മണ്ണ്‌ ഹൈവേ നിർമാണത്തിന്‌ ഉപയോഗിക്കാമെന്നാണ്‌ നിർദേശിച്ചത്‌. മണ്ണ്‌ കൊണ്ടുപോകാൻ വാളൂരാൻ ട്രാൻസ്‌പോർട്‌സ്‌ എന്ന കന്പനിക്ക്‌ സുപ്രീം എയർ പ്രോഡക്ട്‌സ്‌ ഉപകരാർ നൽകി. ഇ‍ൗ കന്പനിയുടെ ഏജന്റുമാർ മുഖാന്തിരം മറിച്ചുവിറ്റാണ്‌ മാലിന്യം എറിയാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ എത്തിയതെന്നാണ്‌ സൂചന. പഞ്ചായത്ത്‌ നൽകിയ പരാതികളുടെയും ഇടപെടലുകളുടെയും അടിസ്ഥാനത്തിൽ കലക്ടറും തഹസിൽദാറും ആർഡിഒയുമെല്ലാം വിവിധതലങ്ങളിൽ യോഗം വിളിച്ചുചേർത്തു. മലിനീകരണ നിയന്ത്രണ ബോർഡ്‌ നടത്തിയ പരിശോധനയിൽ ബിനാനി സിങ്കിലെ മണ്ണിലെയും എറിയാട്‌ പഞ്ചായത്തിൽ ഭൂമി നികത്താനുപയോഗിച്ച മണ്ണെിലെയും രാസമാലിന്യം ഒന്നുതന്നെയാണെന്ന്‌ കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home