ചങ്ങാട സർവീസ് നിർത്തിവച്ചു; യാത്രികർ ദുരിതത്തിൽ

അരൂർ
നിർത്തിവച്ച അരൂർ -– കുമ്പളങ്ങി ബോട്ട് ചങ്ങാട സർവീസ് ആരംഭിക്കാത്തത് യാത്രക്കാർക്ക് ദുരിതമായി. ബോട്ട് കേടായതിനെത്തുടർന്ന് നാലിന് നിർത്തിവച്ച ചങ്ങാട സർവീസ് ഇതുവരെ തുടങ്ങിയില്ല. അരൂർ കെൽട്രോൺ- – കുമ്പളങ്ങി ഫെറിയിൽ പാലം നിർമാണം നടക്കുന്നതിനാൽ ഒരു കിലോമീറ്ററോളം വടക്കോട്ട് മാറ്റി അമ്മനേഴം- ജനതാകടത്ത് കടവിലാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. സർവീസ് ഇല്ലാത്തതിനാൽ ചെറുവള്ളമാണ് ആശ്രയം. മാർച്ച് മുതൽ അരൂർ പഞ്ചായത്തിനാണ് ചങ്ങാട സർവീസ് നടത്തുന്നതിന്റെ ചുമതല. ബോട്ട് കെട്ടി വലിക്കുന്ന ചങ്ങാടമാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് ചങ്ങാടത്തിൽ തന്നെ യന്ത്രം ഘടിപ്പിച്ച ജങ്കാർ സർവീസ് തുടങ്ങി. സുരക്ഷയുടെ പേരിൽ മാരി ടൈം ബോർഡ് അധികൃതർ സർവീസ് നിർത്തിവയ്‌പ്പിച്ചു. സുരക്ഷാനിർദേശങ്ങൾ പാലിച്ചശേഷമാണ് സർവീസ് തുടങ്ങിയത്. ആ സമയത്തും യാതൊരു സുരക്ഷയും ഇല്ലാത്ത കടത്തുവള്ളങ്ങളാണ് സർവീസ് നടത്തിയത്. ഏഴിന് പുനരാരംഭിക്കുമെന്ന് പറഞ്ഞിരുന്ന ബോട്ട് സർവീസ് ഇപ്പോഴും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. വിദ്യാർഥികൾ ഉൾപ്പടെ ഒട്ടേറെ യാത്രക്കാരാണ് ഫെറി സർവീസിനെ ആശ്രയിക്കുന്നത്.










0 comments