വിജയകുമാര്‍ മേനോന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

തൃശൂർ
കേരള ലളിതകലാ അക്കാദമിയും വിജയകുമാര്‍ മേനോന്‍ സ്മാരക സമിതിയും സംയുക്തമായി നൽകുന്ന വിജയകുമാര്‍ മേനോന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. എസ് പ്രകാശ് മൂര്‍ത്തി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള വിജയകുമാര്‍ മേനോന്‍ പുരസ്‌കാരം പ്രൊഫ. കാട്ടൂര്‍ നാരായണപിള്ളയും കലയെഴുത്തിനുള്ള പുരസ്‌കാരം സാഹിത്യകാരന്‍ പി സുരേന്ദ്രനും ഏറ്റുവാങ്ങി. 25,000 രൂപയും പ്രശസ്തി പത്രവും, ശിൽപ്പി സുഭാഷ് വിശ്വനാഥന്‍ ഡിസൈന്‍ ചെയ്ത ശിൽപ്പവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. വിജയകുമാര്‍ മേനോന്‍ സ്മാരക സമിതി നല്‍കുന്ന കലാചരിത്ര ഗവേഷണത്തിനുള്ള ജൂനിയര്‍ ഫെലോഷിപ് ഡോ. അഭിജിത് എസ് പിള്ളയ്ക്കും വിമന്‍ വിഷ്വല്‍ ആര്‍ട്ടിസ്റ്റ്‌സ് കളക്റ്റീവ് ഏര്‍പ്പെടുത്തിയ കലാവിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് പി പി ജാസില ലുലുവിനും സമ്മാനിച്ചു. ഡെപ്യൂട്ടി മേയര്‍ എ പ്രസാദ് വിജയകുമാര്‍ മേനോന്‍ അനുസ്മരണം നടത്തി. രാജാ രവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് പ്രിന്‍സിപ്പൽ പ്രൊഫ. മനോജ് വൈലൂര്‍ 'ശിഖരം' ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കലാചരിത്ര അധ്യാപകന്‍ പ്രൊഫ. സി എസ് ജയറാം വിജയകുമാര്‍ മേനോനെ കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. അക്കാദമി വൈസ് ചെയര്‍മാന്‍ ടി ആര്‍ ഉദയകുമാര്‍, സെക്രട്ടറി വൈക്കം എം കെ ഷിബു, കലാചരിത്ര അധ്യാപിക ഡോ. കവിത ബാലകൃഷ്ണന്‍, വിജയകുമാര്‍ മേനോന്‍ സ്മാരക സമിതി ചെയര്‍പേഴ്‌സണ്‍ എന്‍ ബി ലതാദേവി സെക്രട്ടറി ലക്ഷ്മി മേനോന്‍, ട്രഷറര്‍ നിര്‍മല്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു. ‘ശിഖരം' കലാപ്രദര്‍ശനം നവംബര്‍ 7ന് സമാപിക്കും.









0 comments