Deshabhimani

print edition നാണംകെട്ട ദാസ്യപ്പണി 


deshabhimani editorial
വെബ് ഡെസ്ക്

Published on Nov 02, 2026, 01:00 AM | 3 min read

സംഘപരിവാറിന്റെ പ്രീതിക്ക്‌ പാത്രമാകാൻ വാക്കാലും പ്രവൃത്തിയാലും മത്സരിക്കുകയാണ്‌ യുഡിഎഫ്‌ മന്ത്രിസഭയിലെ അംഗങ്ങൾ. സംസ്ഥാനത്തെ ഓരോ വകുപ്പിലും ഇപ്പോൾ നടക്കുന്ന പരിഷ്‌കാരങ്ങൾ പരിശോധിച്ചാൽ ആർക്കും ഇക്കാര്യം ബോധ്യമാകും. ഇതിൽത്തന്നെ, കാവിസംഘത്തിന്റെ ഏറ്റവും വലിയ പരീക്ഷണശാലയായ വിദ്യാഭ്യാസ മേഖലയിലാണ്‌ യുഡിഎഫ്‌ സർക്കാർ ഏറ്റവും ആഴത്തിലും പരപ്പിലും അവരോട്‌ വിധേയത്വം കാട്ടുന്നത്‌. യാഥാസ്ഥിതിക മതപാഠശാലകളുടെ സ്വഭാവത്തിലേക്ക്‌ വിദ്യാലയങ്ങളെയും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെയും തരംതാഴ്‌ത്താൻ ശ്രമിക്കുകയാണ്‌ കേന്ദ്രസർക്കാരും വിവിധ ദേശീയ ഏജൻസികളും. ഇ‍രുളിലേക്കുള്ള ഇ‍ൗ തിരിച്ചുപോക്കിന്‌ സകല പിന്തുണയും സഹായവും ചെയ്‌തുകൊടുക്കുകയാണ്‌ സംസ്ഥാന സർക്കാർ. ഇ‍ൗ സംഘപരിവാർ ദാസ്യവൃത്തിക്ക്‌ കൃത്യമായ ഉദാഹരണമാണ്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ നിലപാടുകളെന്ന്‌ പറയേണ്ടിവരികയാണ്‌.


ന്യായമായ പഠന ആവശ്യങ്ങൾ മുൻനിർത്തി നാടകരൂപത്തിൽ പ്രതിഷേധിച്ച സംസ്‌കൃത സർവകലാശാല വിദ്യാർഥികൾക്ക്‌ നീതി നിഷേധിക്കുന്നതിൽ സംഘപരിവാറിനേക്കാൾ വീറും വാശിയും കാട്ടുകയാണ്‌ സംസ്ഥാന സർക്കാരും മന്ത്രിയും. സംസ്‌കൃത സർവകലാശാല വിദ്യാർഥികളെ സമരത്തിലേക്ക്‌ തള്ളിവിട്ടതും കള്ളക്കേസുകളിൽ കുടുക്കി അവരുടെ ഭാവി തുലാസിലാക്കാൻ സംഘപരിവാർ അനുകൂലിയായ വൈസ്‌ ചാൻസലർക്ക്‌ വഴിമരുന്നിട്ടതും ഉന്നതവിദ്യാഭ്യാസമന്ത്രിയാണെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ്‌ അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള പ്രതികരണങ്ങൾ. ഉന്നതവിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണേണ്ട മന്ത്രി, വിദ്യാർഥിവിരുദ്ധ നിലപാട്‌ തുടരുന്നതിന്റെ പരസ്യപ്രഖ്യാപനമാണ്‌ കഴിഞ്ഞദിവസം മഹാരാജാസ്‌ കോളേജിലും കണ്ടത്‌. വാർത്താസമ്മേളനത്തിലും മന്ത്രി, തന്റെ വിദ്യാർഥിദ്രോഹ നിലപാടുകളിൽ മാറ്റമില്ലെന്നും കാലടിയിൽ ആർഎസ്‌എസ്‌ അനുകൂല വൈസ്‌ ചാൻസലറുടെ നടപടികൾക്കൊപ്പമാണ്‌ താനെന്നും ആവർത്തിച്ചു.

സംസ്‌കൃത സർവകലാശാലയിൽ വിദ്യാർഥികളോട്‌ പകപോക്കൽ തുടരുന്നതിനെയാണ്‌ മഹാരാജാസ്‌ കോളേജിൽ എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികൾ ചോദ്യം ചെയ്‌തത്‌. അടിസ്ഥാന പഠനസ‍ൗകര്യങ്ങൾ ആവശ്യപ്പെട്ട്‌ മൂന്നുമാസമായി സർവകലാശാല ആസ്ഥാനമായ കാലടി ക്യാന്പസിലെ വിദ്യാർഥികൾ സമരത്തിലാണ്‌. സ്വന്തം മണ്ഡലത്തിലെ കലാലയമായിട്ടും മന്ത്രി അനുഭാവപൂർവം പ്രതികരിച്ചിട്ടില്ല. നാടകവിഭാഗത്തിലെ ലൈറ്റുകൾ തകരാറിലായതിനെതിരെ നടത്തിയ പ്രതീകാത്മകസമരത്തെ വൈസ്‌ ചാൻസലറുടെ ശവമഞ്ചം ഒരുക്കിയുള്ള പ്രതിഷേധമെന്ന്‌ ആദ്യം വിശേഷിപ്പിച്ചത്‌ മന്ത്രിയാണ്‌. വിദ്യാർഥികളെ ‘അപരിഷ്‌കൃതർ' എന്നും ചാപ്പ കുത്തി. ചിത്രങ്ങളും വീഡിയോയും സഹിതം മാധ്യമങ്ങളടക്കം വസ്‌തുത റിപ്പോർട്ട് ചെയ്‌തിട്ടും തിരുത്താൻ മന്ത്രി തയ്യാറായില്ല.


മന്ത്രിയുടെ പിന്തുണ ഉറപ്പാക്കിയ വിസിയും കൂട്ടരും വിദ്യാർഥികൾക്കെതിരെ കള്ളക്കേസ്‌ നൽകി. പ്രതിഷേധത്തിൽ പങ്കെടുത്ത പ്രത്യേക രാഷ്‌ട്രീയ ചായ്‌വൊന്നുമില്ലാത്തവർ ഉൾപ്പെടെ ആറ്‌ ഗവേഷകരടക്കം 16 വിദ്യാർഥികളെ സസ്‌പെൻഡ്‌ ചെയ്‌തു. രണ്ട്‌ മാസം കഴിഞ്ഞിട്ടും സസ്‌പെൻഷൻ പിൻവലിച്ചിട്ടില്ല. അന്വേഷണസമിതി നൽകിയ റിപ്പോർട്ടിൽ നടപടിയെടുക്കാതെ പൂഴ്‌ത്തിവച്ചിരിക്കുന്നു. വിദ്യാർഥികൾക്ക്‌ പരീക്ഷ എഴുതാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുപോലും ഫീസ്‌ അടയ്‌ക്കാൻ അനുവദിക്കാതെ കോടതിയെ വെല്ലുവിളിക്കുകയാണ്‌ സർവകലാശാല അധികൃതർ. ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ തനിക്ക്‌ അധികാരമില്ലെന്ന്‌ പറയുന്ന മന്ത്രി വിദ്യാർഥികൾക്കെതിരെ അകാരണമായി ആക്ഷേപങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നു.


സംസ്‌കൃത സർവകലാശാല വിദ്യാർഥികൾക്കും പഠിക്കാൻ അവകാശമില്ലേ എന്ന ചോദ്യവുമായി മഹാരാജാസിൽ വിദ്യാർഥികൾ സമാധാനപരമായി പ്രതിഷേധിച്ചത്‌ വലിയ ചർച്ചയായതോടെ, ജാള്യം മറയ്‌ക്കാൻ ഇതിനെ അക്രമസമരമായി ചിത്രീകരിക്കാനാണ്‌ മന്ത്രിയുടെയും സഹപ്രവർത്തകരുടെയും ശ്രമം. ബിരുദദാന ചടങ്ങിൽ പ്രതിഷേധിച്ചത്‌ മഹാ അപരാധമായിപ്പോയെന്നാണ്‌ ചിലരുടെ വാദം. ലോകമെന്പാടും ഇത്തരം പുരസ്‌കാര സമർപ്പണ ചടങ്ങുകളും അക്കാദമിക്‌ വേദികളും പ്രതിഷേധത്തിന്റെയും വിയോജിപ്പുകൾ രേഖപ്പെടുത്തുന്നതിന്റെയും വേദികൾകൂടിയായി മാറ്റിയിട്ടുണ്ട്‌. ഹൈദരാബാദിലെ ദേശീയ നിയമ സർവകലാശാലയിൽ ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് പങ്കെടുക്കുന്നതിനെതിരെ വിദ്യാർഥികൾ രംഗത്തുവന്നു. ബംഗളൂരുവിലും നമ്മൾ അതു കണ്ടു. കൊൽക്കത്തയിൽ ഗവർണർ കേസരി നാഥ് ത്രിപാഠിയിൽ നിന്ന് സ്വർണ മെഡൽ സ്വീകരിക്കാൻ വിസമ്മതിച്ച വിദ്യാർഥിനിയോട് നമ്മളെല്ലാം ഐക്യദാർഢ്യം പ്രകടിപ്പിച്ചതാണ്. സ്‌റ്റാൻഡ്‌ഫഡിൽ ഈ വർഷമാണ് ഇസ്രയേൽ അനുകൂല നിലപാടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾ ഗൂഗിൾ സിഇഒ പങ്കെടുത്ത ചടങ്ങ്‌ ബഹിഷ്‌കരിച്ചത്. ഇസ്രായേൽ വിഷയത്തിൽ കേംബ്രിഡ്‌ജിലും യൂണിവേഴ്‌സിറ്റിയിലും ബിരുദദാന ചടങ്ങ് തടസ്സപ്പെടുത്തുന്ന വിദ്യാർഥികളെ ലോകം കണ്ടു. എത്ര ഉദാഹരണം വേണമെങ്കിലും നിരത്താൻ കഴിയും.


കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതിനെ ന്യായീകരിക്കാൻ ശ്രമിച്ചവരാണ്‌ പൊതുവേദിയിൽ ഏതാനും ചോദ്യങ്ങൾ ഉയർത്തിയ പെൺകുട്ടികളടക്കമുള്ളവരെ ആക്രമണകാരികളായി ചിത്രീകരിക്കുന്നത്‌. പ്രതിഷേധത്തിന്‌ നേതൃത്വം നൽകിയ കോളേജ്‌ യൂണിയൻ ഭാരവാഹിയായ പെൺകുട്ടിക്കെതിരെ ഒരു കൂട്ടം യുഡിഎഫ്‌ അനുകൂലികൾ കടുത്ത സൈബർ ആക്രമണമാണ്‌ നടത്തുന്നത്‌. സർവകലാശാലകളുടെ കാവിവൽക്കരണത്തിനു നേതൃത്വം നൽകുന്ന യുഡിഎഫ്‌ സർക്കാർ മതനിരപേക്ഷതയ്‌ക്കും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന വിദ്യാർഥികൾക്കെതിരെ കള്ളക്കേസുകൾ ചമയ്‌ക്കുകയാണ്‌. മഹാരാജാസ്‌ കോളേജിൽ ബിരുദദാന ചടങ്ങ്‌ തടസ്സപ്പെട്ടെന്ന ആഖ്യാനവും ജനാധിപത്യ അവകാശങ്ങൾക്കുനേരെയുള്ള പുതിയ കടന്നാക്രമണങ്ങളുടെ ഭാഗമാണ്‌. ബിജെപിക്കാർ മന്ത്രി കെ എം ഷാജിയുടെ കാർ തടഞ്ഞ്‌ ഇറക്കിവിട്ടപ്പോൾ ഒരൊറ്റ സഹമന്ത്രിയും പ്രതിഷേധിച്ചില്ല; ഇപ്പോൾ ന്യായമായി പ്രതികരിച്ച മഹാരാജാസ്‌ കോളേജ്‌ വിദ്യാർഥികൾക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അധിക്ഷേപം ചൊരിയുകയാണ്‌. ഇത്രയും തരംതാണ ദാസ്യപ്പണി ചെയ്യാൻ ലജ്ജയില്ലേ?



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home