Deshabhimani

print edition മേതിലിന്റെ സർഗപൗരത്വം

Maythil Radhakrishnan

മേതിൽ രാധാകൃഷ്‌ണന്‍

avatar
ഇ പി രാജഗോപാലൻ

Published on Nov 02, 2026, 01:30 AM | 3 min read

1990കളുടെ മധ്യകാലം. അബുദാബിയിൽ അറബ്–മലയാള സാഹിത്യോത്സവത്തിലാണ് മേതിൽ രാധാകൃഷ്‌ണനെ കണ്ടത്. ആദ്യമായി കണ്ടു, ആദ്യമായി കേട്ടു. കേരളത്തിൽനിന്ന് അടൂർ ഗോപാലകൃഷ്‌ണൻ‍‍, സക്കറിയ, സാറാ ജോസഫ്‌, ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് എന്നിവരുമുണ്ട്. രൂപവും ഭാഷയും ഏതാണ്ട് തന്റെ കഥകളും നോവലുകളും പോലെ. അങ്ങനെയൊരു എഴുത്താളിനെ അതിനു മുൻപും പിൻപും കണ്ടിട്ടില്ല. കേരളീയത, മലയാളിത്തം തുടങ്ങിയ വാക്കുകൾ കൊണ്ട് ഉദ്ദേശിക്കുന്ന എല്ലാ പ്രമേയങ്ങളിൽനിന്നും പ്രവണതകളിൽനിന്നും മുഴുവനായും മുക്തൻ. അവിടെയെത്തിയ മറ്റൊരു എഴുത്താളിനെയും പോലെയായിരുന്നില്ല. വീക്ഷണങ്ങൾ അനന്യം. അവയിൽ സവിശേഷമായ സമകാലികത ഉണ്ടായിരുന്നു. അത് ഭൂമിയുടെ ഭാവിയുമായി ബന്ധപ്പെട്ട ആലോചനകളും വേവലാതികളും കൊണ്ട് നിബിഡമായിരുന്നു. ഒരു സെഷനിൽ അദ്ദേഹത്തിന്റെ ഡീപ് ഇക്കോളജി വിഷയമായി. മാർക്‌സും എംഗൽസും ഇക്കോളജിയെക്കുറിച്ച് കാര്യമായൊന്നും പറഞ്ഞിട്ടില്ല എന്ന് അദ്ദേഹം സൂചിപ്പിച്ചപ്പോൾ ഞാനതിനെ എതിർത്തു. എതിർപ്പിനെ ശത്രുവായി കാണുന്ന ആളായിരുന്നില്ല മേതിൽ. രണ്ടു നിലപാടുകൾ എന്ന നിലയിൽ മാത്രമാവണം ആ ചർച്ചാസന്ദർഭത്തെ അദ്ദേഹം കണ്ടത്.


ആധുനികതയുടെ ഘട്ടത്തിൽ സൂര്യവംശവും മറ്റുമായി ഉണർന്നുവന്ന മേതിൽ തുടർച്ചയായി എഴുതിയില്ല. ഒരു ഘട്ടത്തിൽ അദ്ദേഹം ഒന്നും പ്രസിദ്ധീകരിക്കാതെയായി. ഉത്തരാധുനിക സന്ദർഭത്തെക്കുറിച്ചുള്ള ചർച്ചകൾ ബലപ്പെടുന്പോഴാണ് രണ്ടാംവരവ്‌. അക്കാലത്ത് പ്രധാന ഉൽക്കണ്ഠയായി പ്രകൃതിയെ മേതിൽ അവതരിപ്പിക്കുകയാണ്. അതിന്റെ ഭാഗമായിരുന്നു ആ സംവാദം.


ഭൂമിയിലുള്ള, മനുഷ്യർ കൂടാതെയുള്ള, ജീവന്റെ സ്ഥാനങ്ങളെക്കുറിച്ചെല്ലാം മേതിലിന് ഉണർവും ഉൽക്കണ്ഠയും ഉണ്ടായിരുന്നു. പുല്ലിനും പുൽച്ചാടിക്കും മാനിനും മുയലിനും മറ്റും മറ്റും ഇടവും പ്രാധാന്യവുമുള്ള ബദൽ ദർശനം, അകാൽപ്പനികമായ മാനങ്ങളോടെ, അവതരിപ്പിച്ചു; അതിലെ വിചിത്രമായ സൂക്ഷ്‌മതകൾ പ്രകൃതിയെന്ന യാഥാർഥ്യത്തെക്കുറിച്ചുള്ള പുതിയ വികാരങ്ങളും വിചാരങ്ങളും ഉണർത്താനുതകി. ഒരു അയഞ്ഞ സന്ദർഭത്തിൽ മേതിൽ കൂട്ടാളികളായ ഞങ്ങളോട് പറഞ്ഞു: എനിക്ക് ഗൃഹാതുരത്വമൊന്നുമില്ല. മേതിൽ എന്ന വാക്കിന്റെ അർഥം ഭൂമിയിൽ എന്നാണ്. ആ അർഥത്തെ ഞാൻ ജീവിച്ചു കാണിക്കുന്നു. മരുഭൂമിയിലും വനഭൂമിയിലും എല്ലാമെല്ലാം ഞാൻ അന്യത്വമില്ലാതെ കഴിയുന്നു.

കേരളത്തിൽനിന്നുള്ള എഴുത്താളുകൾ എല്ലാവരും മൂന്നുനാല്‌ ദിവസത്തിനകം മടങ്ങിപ്പോന്നു. മേതിൽ അബുദാബിയിലെ മലയാളികളുടെ വീടുകളിൽ മാറിമാറിത്താമസിച്ച്‌ തന്റെ ഭൗമപൗരത്വം ആഘോഷിച്ചു. എഴുത്തും വ്യക്തിപ്രകൃതവും തമ്മിൽ ഒട്ടും അകൽച്ചയില്ല എന്ന് മേതിലിനെ മുൻനിർത്തി അന്ന് തോന്നുകയുണ്ടായി. പലതരം അറിവുകളും സംവേദനശീലങ്ങളും ജൈവഭാവത്തോടെ അദ്ദേഹത്തിൽ കുടിപാർത്തിരുന്നു. അവയുടെ ലയം മനസാ താൻ തിരിച്ചറിയുകയും ആസ്വദിക്കുകയും ചെയ്‌തുപോന്നു. ആ അനുഭവത്തെ ശാസ്‌ത്രത്തിന്റെ കൂടി അടയാളങ്ങൾ ചേർത്തുകൊണ്ട്, മറ്റാർക്കും കഴിയാത്ത മട്ടിൽ, അദ്ദേഹം എഴുതി. കേരളത്തിൽ മേതിലിന് സവിശേഷമായ ആസ്വാദകവൃന്ദം രൂപപ്പെട്ടുവന്നതായി അക്കാലത്ത് തോന്നിയിട്ടുണ്ട്.


ഒരു സംഭവത്തിന്റെ എഴുത്തുരൂപം എന്ന നിലയിൽ വായിക്കാൻ ആവുന്നവയല്ല മേതിലിന്റെ കഥകൾ. റിയലിസത്തിന്റെ സൗന്ദര്യയുക്തികളെ മേതിൽ തനിക്കുവേണ്ടി മായ്ച്ചുകളയുന്നുണ്ട്. സൗന്ദര്യമൂർച്ചയുള്ള ധൈഷണികത മേതിലെഴുത്തുകളെ ഏകാന്തപാഠങ്ങളാക്കി. അവ എളുപ്പത്തിൽ വായിച്ചുപോകാവുന്നവയല്ല. വയലിൻ സംഗീതം കേൾക്കുന്നതുപോലെ, കൊതുകിന്റെ മൂളൽ കേൾക്കുന്നതുപോലെ, പെൻഗ്വിനുകളുടെ മന്ദനീക്കം കാണുന്നതുപോലെ അറിയേണ്ടവയാണ് ആ സൗന്ദര്യസന്ദർഭങ്ങളെന്ന് തിരിച്ചറിഞ്ഞ നിരവധി വായനക്കാരെ എനിക്ക് നേരിട്ട് പരിചയമുണ്ട്. കാൽപ്പനികതയുടെ അല്ലെങ്കിൽ റിയലിസത്തിന്റെ സ്‌കൂളുകളിൽനിന്ന് വളരെ അകലെയാണ് മേതിലിന്റെ എഴുത്തുപുര. ഒരുപക്ഷേ സർഗാത്മകമായ സവിശേഷശ്രദ്ധ, ഒരുതരം ധ്യാനം തന്നെ മേതിലാഖ്യാനങ്ങളെ അവയുടെ ജൈവഭാവത്തിൽ തിരിച്ചറിയാൻ ആവശ്യമായിട്ടുണ്ട്. ആ ധ്യാനവഴക്കങ്ങളിലേക്ക് പ്രവേശിച്ച നിരവധി വായനക്കാരെ അക്കാലത്ത് തിരിച്ചറിയാനാകുമായിരുന്നു. ഉള്ളടക്കവും ആഖ്യാനവും സിംഫണിയിൽ എന്നപോലെ ഒന്നായിത്തീരുന്നത് അങ്ങനെയുള്ള വായനക്കാർ സവിശേഷമായ കലാലഹരിയോടെ അനുഭവിച്ചിരുന്നതായി അറിയാം.


തന്റെ എഴുത്തിന്റെ ഒറ്റയായ പ്രകൃതത്തെയാണോ ' കയറിന്റെ അറ്റം ' എന്ന കഥയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത് -- ".... നമ്മുടെ ഓർമകളിൽ, സംഭവങ്ങളുടെ സാധാരണ ലോകത്തിൽ, പാമ്പും പാമ്പാട്ടിയും ഒറ്റച്ചിത്രമാണ്. ഞാൻ പറയുന്നത് നിഴലുകളെക്കുറിച്ചാണ്. തലപൊക്കിയാടുന്നത് പാമ്പ് ആയതുകൊണ്ട് മറ്റേത് പാമ്പാട്ടി ആണെന്ന് നാം വിചാരിക്കുന്നു. മകുടിയൂതുന്നത് പാമ്പാട്ടി ആയതുകൊണ്ട് മറ്റേത് പാമ്പാണെന്നും നാം വിചാരിക്കുന്നു." ഓർമകളുടെയും സംഭവങ്ങളുടെയും സാധാരണത്വത്തിൽനിന്ന് മുക്തമാണ് മേതിലിന്റെ കഥാലോകം. അതിന് പൂർവമാതൃകകൾ ഉണ്ടാകാനിടയില്ല. അവയെ അനുകരിക്കാനും പ്രയാസം. ആ എഴുത്തുകൾ മനസ്സിലാക്കുക എന്നത് സാധാരണ അർഥത്തിൽ മേതിൽ ഉദ്ദേശിക്കുന്നില്ല. ധൈഷണികമായി, ഒപ്പം വൈകാരിക സൂക്ഷ്‌മതയോടെയും വാക്കുകളുടെ ആ ഘടനകളെ തിരിച്ചറിയാൻ കെൽപ്പുള്ള വായനക്കാരുടെ ഗോത്രത്തിൽ മാത്രം ശരിക്കും ജീവനിട്ടുനിൽക്കാൻ കെൽപ്പുള്ളവയാണവ.


മേതിൽ പാലക്കാട്ടെ തറവാടിന്റെ പേരാണ്. അവിടെ ജനിച്ച് ആ പേരുചേർത്ത്‌ എഴുതിയ രാധാകൃഷ്‌ണൻ എന്നയാൾ ഭാവന ചെയ്‌തത് സാധാരണമായ ഒരു വീടോ നാടോ അല്ല. ലോകം ആ എഴുത്താളിൽ ഉണ്ടാക്കിയ പ്രതികരണങ്ങൾ സവിശേഷമാണ്. അതിന്റെ വാഗ്‌രൂപങ്ങൾ സൗന്ദര്യത്മകമായ ധൈഷണികതയുടെ വനമോ മൈതാനിയോ വഴിയോ കടലോ കച്ചേരിയോ ആയി മാറിയിരിക്കുന്നു. അബുദാബിയിലെ സാഹിത്യോത്സവത്തിന് പോയ ഞങ്ങൾ അധികം വൈകാതെ മടങ്ങി. ഞങ്ങൾക്ക് റിയലിസത്തിന്റെ വീടുകൾ ഉണ്ട് . മടങ്ങാതെ വയ്യ. മേതിൽ എന്ന വാക്കിന്റെ അർഥത്തെ പാസ്‌പോർട്ടും വിസയും ഒക്കെയായി രാഗവിസ്‌താരം നടത്തിക്കൊണ്ട് ഒരു എഴുത്താൾ അവിടെത്തന്നെ കുറെ നാൾ, ചങ്ങാതിമാരുടെ, ആരാധകരുടെ കൂടെ പാർത്തു. മേതിൽ രാധാകൃഷ്‌ണന് സ്വന്തം ജീവിതവും കലാഖ്യാനവും രണ്ടല്ല. ഇത്രയും വർഷങ്ങളിലൂടെ അദ്ദേഹം ഇങ്ങനെയൊരു പ്രതലത്തിൽ എത്തിച്ചേർന്നിട്ടുണ്ട്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home