print edition കലിക്കറ്റ് കാമ്പസിലെ എസ്എഫ്ഐ വിജയം: വൈസ് ചാൻസിലർക്ക് കൂടിയുള്ള തിരിച്ചടി

തേഞ്ഞിപ്പലം: കലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞത് വൈസ് ചാൻസിലർക്ക് കൂടിയുള്ള തിരിച്ചടിയായി. സർവകലാശാലയിൽ എസ്എഫ്ഐയുടെ പരാജയം സ്വപ്നം കണ്ടവരിലെ പ്രധാനികളിൽ ഒരാളായിരുന്നു വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രൻ. ഇതിനായി മുസ്ലീം ലീഗ് അനുകൂലിയായ അധ്യാപകന്റെ നേതൃത്വത്തിൽ തട്ടിക്കൂട്ട് കമ്മിറ്റിയുണ്ടാക്കി വേഗത്തിൽ യുഡിഎസ്എഫ് ആവശ്യപ്പെട്ട പ്രകാരമുള്ള റിപ്പോർട്ട് എഴുതിവാങ്ങിയാണ് അട്ടിമറി ശ്രമത്തിന് ആരംഭം കുറിച്ചത്.
സപ്തംബർ 19ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ ആസൂത്രിതമായി വൈസ് ചാൻസിലർ റിപ്പോർട്ട് വെച്ചു. യോഗം അവസാനിക്കാറായപ്പോളാണ് പുതിയ അജണ്ടയായി അവതരിപ്പിച്ചത്. നേരത്തെ അംഗങ്ങൾക്ക് അജണ്ടയായി നൽകേണ്ട റിപ്പോർട്ട് അതു ചെയ്യാതെ യുഡിഎഫിന് സിൻഡിക്കേറ്റിലുള്ള ഭൂരിപക്ഷമുപയോഗിച്ച് പാസാക്കിയെടുക്കുകയായിരുന്നു. ഈ ജനാധിപത്യവിരുദ്ധമായ നടപടിക്കെതിരെ യോഗത്തിൽ എൽഡിഎഫ് അംഗങ്ങൾ കടുത്ത പ്രതിഷേധമുയർത്തി ഇറങ്ങിപ്പോന്നിരുന്നു.
600 ഓളം ഗവേഷകർക്ക് ക്യാമ്പസ് യൂണിയനിൽ വോട്ടവകാശം നിഷേധിക്കുന്നതായിരുന്നു റിപ്പോർട്ട്. ഇതിനെതിരെ ഗവേഷക വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങി. എന്നാൽ ഡോ. പി രവീന്ദ്രൻ പ്രത്യേക താത്പര്യമെടുത്ത് ഡിവിഷൻ ബെഞ്ചിൽ നിന്നും സ്റ്റേ നീക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. എന്നാൽ വിദ്യാർത്ഥികൾ കനത്ത തിരിച്ചടിയാണ് നൽകിയത്. കോൺഗ്രസ് അനുകൂല അധ്യാപക സംഘടന മുൻ പ്രസിഡൻറുകൂടിയായ ഡോ. പി രവീന്ദ്രന് നേരത്തെ താൽക്കാലിക വിസി പട്ടം സമ്മാനിച്ചത് ചാൻസിലറായിരുന്ന ആരിഫ് മുഹമ്മദ് ഖാനും സ്ഥിര വിസിയാക്കിയത് മുൻ ചാൻസിലർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമാണ്. ഇതിനാൽ തന്നെ യുഡിഎഫിനെയും സംഘപരിവാറുകാരെയും കലിക്കറ്റിൽ ഒരുമിപ്പിച്ച് കൊണ്ടു പോകുന്നതും ഇദ്ദേഹമാണെന്ന ആക്ഷേപം ശക്തമാണ്.
അടുത്തിടെയാണ് യുഡിഎഫ് സിൻഡിക്കേറ്റ് ചുമതലപ്പെടുത്തിയതിന്റെ ഭാഗമായി പഠന ബോർഡുകളിൽ 32 സംഘപരിവാറുകാരെ ഡോ. പി രവീന്ദ്രൻ നിയമിച്ചത്. എതിർപ്പ് പ്രകടിപ്പിക്കാതെ ഇദ്ദേഹത്തിന് ഉറച്ച പിന്തുണയുമായി മുസ്ലീം ലീഗ് അധ്യാപക സംഘടന നേതാവു കൂടിയായ പ്രൊ വൈസ് ചാൻസിലർ ഡോ. പി റഷീദ് അഹമ്മദും കോൺഗ്രസ് അനുകൂല അധ്യാപക സംഘടന സെക്രട്ടറികൂടിയായ രജിസ്ട്രാർ ഡോ. സി ഡി സെബാസ്റ്റ്യനുമുണ്ട്.









0 comments